ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം വിശ്വനാഥന്‍ പോലിസ് സഹായം തേടി; തെളിവുകള്‍ പുറത്ത്

Update: 2023-02-24 06:07 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്‍ പോലിസിന്റെ സഹായം തേടിയിരുന്നതായി കണ്ടെത്തല്‍. ആള്‍ക്കൂട്ടം തടഞ്ഞുവച്ച് ചോദ്യം ചെയ്ത ദിവസം വിശ്വനാഥന്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നത്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് അര്‍ധരാത്രി 12.05, 12.06, 12.09, എന്നിങ്ങനെ മൂന്ന് തവണയാണ് തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. എന്നാല്‍, ഈ ഫോണ്‍ കോളുകള്‍ പെട്ടെന്ന് കട്ടായിരുന്നു. ഫോണ്‍ കട്ടായതിനാല്‍ പോലിസുമായി വിശ്വനാഥന് സംസാരിക്കാന്‍ സാധിച്ചില്ല.

ചെയ്യാത്ത കുറ്റത്തിന് ആള്‍ക്കൂട്ടം വിചാരണ ചെയ്തപ്പോള്‍ ഭയത്തോടെ സഹായം തേടി വിളിച്ചതാവാമെന്നാണ് പോലിസിന്റെ നിഗമനം. ഇതിന് പിന്നാലെയാണ് ആശുപത്രി പരിസരത്തു നിന്ന് വിശ്വനാഥന്‍ കരഞ്ഞുകൊണ്ട് ഓടിപ്പോയത്. തൊട്ടടുത്ത ദിവസമാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്‌തെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ആള്‍ക്കൂട്ട വിചാരണ നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവദിവസം ആശുപത്രി പരിസരത്തുണ്ടായിരുന്ന രണ്ടുപേരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. ഇവരില്‍നിന്ന് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കാണാതായ ദിവസം വിശ്വനാഥന്‍ സംസാരിച്ച ഏഴ് പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തും. ജനമധ്യത്തില്‍ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥന്‍ മരിച്ചതെന്ന് പോലിസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

പട്ടികവര്‍ഗക്കാരനായ വിശ്വനാഥന്‍ എന്നയാളെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗേറ്റിലും പരിസരത്തും വച്ച് കുറച്ചാളുകള്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്‌തെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്. നിറം കൊണ്ടും രൂപം കൊണ്ടും ആ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ടാണ് ആളുകള്‍ വിശ്വനാഥന്റെ സഞ്ചി പരിശോധിച്ചതെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന ദിവസം 450ഓളം പേര്‍ മെഡിക്കല്‍ കോളജ് മാതൃശിശു വിഭാഗത്തില്‍ കൂട്ടിരിപ്പുകാരായുണ്ടായിരുന്നു. 100 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൊഴിയെടുത്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News