'മെഡിസെപ്പ്' പദ്ധതിയില്‍ പെന്‍ഷന്‍കാരെ നിര്‍ബന്ധിച്ച് ചേര്‍ക്കുന്നു; ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Update: 2022-11-17 03:11 GMT

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ്പ് ഇന്‍ഷുററന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരെ നിര്‍ബന്ധിച്ചു ചേര്‍ക്കുന്നതിനെതിരേ കുസാറ്റിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

കഴിഞ്ഞ ജൂലൈയില്‍ നിലവില്‍ വന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകുന്നവര്‍ പ്രതിവര്‍ഷം 4,800 രൂപയും 18 ശതമാനം നികുതിയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. ജീവനക്കാരും വിരമിച്ചവരും ഈ തുക അടയ്ക്കണം. ഇത്തരം സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ സൗജന്യമായാണ് നടപ്പാക്കേണ്ടതെന്നും പ്രീമിയം വാങ്ങുന്നുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നുമാണു ഹരജിക്കാരുടെ വാദം.

നേരത്തെ മെഡിക്കല്‍ അലവന്‍സായി പ്രതിമാസം 500 രൂപ വീതം പ്രതിവര്‍ഷം 6000 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4,800 രൂപയും 18 ശതമാനം നികുതിയുമുള്‍പ്പെടെ 5664 രൂപ പ്രീമിയമായി വാങ്ങുന്നു. ഈ ഇനത്തില്‍ ഒരാളില്‍ നിന്ന് സര്‍ക്കാരിന് 336 രൂപയുടെ ലാഭമുണ്ടെന്നും ഹരജിക്കാര്‍ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി പരിഗണിക്കുന്നത്.

Tags:    

Similar News