കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി; മതസ്പര്‍ധ വളര്‍ത്തുന്ന വകുപ്പ് ചേര്‍ക്കാത്തതിനെതിരേ വിമര്‍ശനം

Update: 2024-08-29 12:46 GMT

കൊച്ചി: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ വിമര്‍ശനമുവായി ഹൈക്കോടതി. പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട കോടതി, മതസ്പര്‍ധ വളര്‍ത്തിയതിനുള്ള 153 എ വകുപ്പ് ചേര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേര്‍ക്കാറുണ്ടല്ലോ. കേസില്‍ എന്തുകൊണ്ടാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്യാതെ വിട്ടത്. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി പോലിസിന് നിര്‍ദേശം നല്‍കി.

    എംഎസ്എഫ് പ്രാദേശിക നേതാവ് പി കെ മുഹമ്മദ് കാസിം നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റെ നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ അനുകൂലിച്ചുകൊണ്ടുള്ളതെന്ന വ്യാജേനയാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഷാഫി അഞ്ചുനേരം നമസ്‌കരിക്കുന്നയാളാണെന്നും എതിര്‍സ്ഥാനാര്‍ഥി കെ കെ ശൈലജ കാഫിറാണെന്നുമുള്ള വിധത്തിലായിരുന്നു പ്രചാരണം. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റേതെന്ന വ്യാജേനയുള്ള വാട്‌സ് ആപ് സ്‌ക്രീന്‍ ഷോട്ട് ഇടതു ഗ്രൂപ്പുകളിലാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ കാസിമല്ല സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കിയതെന്ന് പോലിസ് സംഘം നേരത്തേ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപുറമെ, ഇടതുഗ്രൂപ്പുകളിലാണ് ആദ്യമായി ഷെയര്‍ ചെയ്യപ്പെട്ടതെന്നും കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ് ഐ പ്രാദേശിക നേതാവ് റബീഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

    പോലിസിന്റെ നിലവിലുള്ള അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടപ്പിച്ചെങ്കിലും ചിലകാര്യങ്ങളിലെ വിയോജിപ്പ് അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പേരെയും ചോദ്യം ചെയ്ത് സ്‌ക്രീന്‍ ഷോട്ടിന്റെ കൃത്യമായ ഉറവിടം കണ്ടെത്തണെന്നാണ് കോടതി നിര്‍ദേശിച്ചത്. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്തിമ വാദം സപ്തംബര്‍ ആറിന് നടക്കും.

Tags:    

Similar News