കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: പരാതിക്കാരനായ എംഎസ്എഫ് നേതാവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു
എംഎസ്എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് കാസിമിന്റെ ഫോണാണ് അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനക്കയച്ചത്.
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പരാതിക്കാരനായ എംഎസ്എഫ് നേതാവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. എംഎസ്എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് കാസിമിന്റെ ഫോണാണ് അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനക്കയച്ചത്. വിവാദ പോസ്റ്ററുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. നേരത്തേ, വാട്‌സ്ആപില്‍ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നത്. എന്നാല്‍, താന്‍ ഇത്തരത്തിലൊരു സന്ദേശം കൈമാറിയിട്ടില്ലെന്ന് കാണിച്ച് കാസിം പോലിസില്‍ പരാതി നല്‍കി. വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഡ്വ. മുഹമ്മദ് ഷാ മുഖേന ഹൈകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് കാസിമല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, ഇടതു സൈബര്‍ ഗ്രൂപ്പുകളിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണമനാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നെങ്കിലും നിര്‍മിച്ചവരെ കുറിച്ച് വ്യക്തത കൈവന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതി വീണ്ടും പോലിസിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പരാതിക്കാരന്റെ ഫോണ്‍ പരിശോധനയ്ക്കയച്ചത്.