കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷിനെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനും ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷ് രാമകൃഷ്ണനെതിരേയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.

Update: 2024-08-30 10:44 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ് ഐ നേതാവായ അധ്യാപകനെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനും ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷ് രാമകൃഷ്ണനെതിരേയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന്റെ പരാതിയില്‍ തോടന്നൂര്‍ എഇഒയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്.

    അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. വര്‍ഗീയ പ്രചാരണം നടത്തിയ അധ്യാപകനെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് റിബേഷാണെന്ന് നേരത്തേ പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഷാഫി പറമ്പിലിനെതിരായ സ്‌ക്രീന്‍ഷോട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു പ്രചരിപ്പിച്ചത്. തുടര്‍ന്ന് കാസിം നല്‍കിയ പരാതിയിലാണ് ഇടതു സൈബര്‍ ഗ്രൂപ്പികളിലാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തിയത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എത്തിയതെന്ന് പോലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയായ റിബേഷിനെതിരേ പരാതി നല്‍കിയത്. അതിനിടെ, കേസില്‍ പരാതിക്കാരനായ എംഎസ്എഫ് നേതാവിന്റെ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Tags:    

Similar News