കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഹരജി തീര്‍പ്പാക്കി; കേസ് ശരിയായ ദിശയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അന്വേഷണം സംബന്ധിച്ച ഹരജി തീര്‍പ്പാക്കി വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്. അന്വേഷണം ശരിയായ രീതിയില്‍ നടത്തി വേഗത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലിസിനോട് നിര്‍ദ്ദേശിച്ചാണ് ഹരജി തീര്‍പ്പാക്കിയത്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹരജിക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാം.
പോലിസ് കോടതിയില്‍ നേരത്തെ ഹാജരാക്കിയ കേസ് ഡയറി കോടതി തിരിച്ചുനല്‍കി. കഴിഞ്ഞ ആഴ്ച വാദം കേള്‍ക്കുന്നതിനിടെ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നില്ലെന്ന് പോലിസിനോട് കോടതി ചോദിച്ചിരുന്നു. അതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. പകരം അന്വേഷണത്തില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കോടതി ഹരജിക്കാരനായ കാസിമിനോട് നിര്‍ദ്ദേശിച്ചത്.