സംസ്ഥാനത്ത് തീപിടിത്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് മുന്നറിയിപ്പ്

കുറഞ്ഞ ആപേക്ഷിക ആര്‍ദ്രതയും വരണ്ടകാലാവസ്ഥ, അന്തരീക്ഷ അസ്ഥിരത, കാറ്റ് എന്നിവയാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്

Update: 2019-02-24 17:13 GMT

കോഴിക്കോട്: സംസ്ഥാനത്ത് തീപിടിത്ത സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.കുറഞ്ഞ ആപേക്ഷിക ആര്‍ദ്രതയും വരണ്ടകാലാവസ്ഥ, അന്തരീക്ഷ അസ്ഥിരത, കാറ്റ് എന്നിവയാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സികളുടെ മാനദണ്ഡപ്രകാരം കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നതാണ്. മൂന്നു ദിവസത്തിനു ശേഷം തെക്കന്‍ കേരളത്തില്‍ സാഹചര്യത്തിനു മാറ്റം വരുമെന്നും വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്നും കേരളവെതര്‍.ഇന്‍ വിലയിരുത്തുന്നു. സംസ്ഥാനത്ത് തീപിടിത്ത സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും ഈമാസം 20ന് കേരളവെതര്‍.ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബന്ദിപൂര്‍, ബാണാസുര മേഖലകളിലും കാട്ടുതീ പടരുകയാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീയില്‍ പെട്ട് ഒട്ടേറെ വന്യജീവികള്‍ ചത്തതായാണ് നിഗമനം. 300 ഏക്കറിലേറെ വനഭൂമി കത്തിനശിച്ചതായാണു നിഗമനം.

തീപിടിത്തം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഫയര്‍ലൈനുകള്‍ സ്ഥാപിക്കുക, പകല്‍സമയങ്ങളില്‍ പുറത്ത് തീയിടാതിരിക്കുക, തീ ഉപയോഗിച്ചുള്ള വിനോദം നിര്‍ത്തിവയ്ക്കുക, സിഗരറ്റ് കുറ്റികള്‍ എന്നിവ തീപൂര്‍ണമായി അണയ്ക്കാതെ ഉപേക്ഷിക്കാതിരിക്കുക. വനപ്രദേശങ്ങളില്‍ തീയിടരുത്. സ്വയം അഗ്‌നിപ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ബോധവാന്മാരാവുക.


വരണ്ട കാലാവസ്ഥ തുടരും


   കേരളത്തില്‍ വരണ്ട കാലാവസ്ഥ മൂന്നു ദിവസം കൂടി തുടരും. തുടര്‍ന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടെയുള്ള മഴക്കും സാധ്യതയുണ്ട്. സാഹചര്യം അടുത്ത 73 മണിക്കൂര്‍ കൂടി തുടരാനാണ് സാധ്യത.


പകല്‍ ചൂടും രാത്രി തണുപ്പും കൂടും

    ഇന്നുമുതല്‍ നാലു ദിവസം പകല്‍ചൂട് സാധാരണയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രിവരെ കൂടാനാണ് സാധ്യത. എന്നാല്‍ രാത്രി താപനില 2 ഡിഗ്രിവരെ കുറയുകയും ചെയ്യും. രാത്രിയിലും പുലര്‍ച്ചെയും പതിവില്‍ കവിഞ്ഞ തണുപ്പ് പ്രതീക്ഷിക്കാം.


ആര്‍ദ്ര കുറഞ്ഞു, അതിമര്‍ദമേഖലയും

     മധ്യ ഇന്ത്യയില്‍ രൂപപ്പെട്ട അതിമര്‍ദമേഖല മൂലമാണ് കേരളത്തില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍കാറ്റ്‌സജീവമാണെങ്കിലും ഈര്‍പ്പം കുറവാണ്. കേരളത്തിനു മുകളില്‍ കാറ്റിന്റെ അഭിസരണ മേഖല രൂപപ്പെടാത്തതിനാല്‍ കിഴക്കന്‍ കാറ്റിനെ തുടര്‍ന്നുള്ള മഴയുടെ സാധ്യത ഇല്ലാതായി. അതിമര്‍ദമേഖലയുടെ സ്വാധീനം കേരളത്തിനു മുകളിലെ മഴമേഘങ്ങളെയും മറ്റു മേഘങ്ങളെയും അകറ്റുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട് പതിക്കാനും ചൂട് കൂടാനും ഇടയാക്കുന്നു. മകരസംക്രമണത്തിനു പിന്നാലെ സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിലേക്ക് പ്രവേശിച്ചതിനാല്‍ കേരളത്തിനു മുകളിലേക്ക് സൂര്യന്റെ സ്ഥാനം മാറുകയാണ്. ഇതൊടൊപ്പം ആപേക്ഷിക ആര്‍ദ്രതയില്‍ കുറവുണ്ടായതും കേരളത്തില്‍ തീപിടത്ത സാധ്യത വര്‍ധിപ്പിക്കുന്നു.


കണ്ണൂരിലും കരിപ്പൂരിലും ആര്‍ദ്രത കുറവ്

    ശനിയാഴ്ചത്തെ കണക്കനുസരിച്ച് ഏറ്റവും കുറവ് ആര്‍ദ്രത രേഖപ്പെടുത്തിയത് കണ്ണൂരിലും കരിപ്പൂരിലുമാണ്-48 ശതമാനം. മറ്റു ജില്ലകളിലെല്ലാം ശരാശരി 65 ശതമാനമാണ് ആര്‍ദ്രത. അന്തരീക്ഷം തുലനമല്ലാത്ത സാഹചര്യത്തില്‍ കാറ്റ് മുകളിലേക്ക് പെട്ടെന്ന് പൊങ്ങും. ഇത്തരം സാഹചര്യം പെട്ടെന്ന് തീപിടിത്തമുണ്ടാക്കുമെന്ന് ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി പറയുന്നു. ഉപരിതല കാറ്റിന്റെ വേഗം വര്‍ധിപ്പിക്കുന്നതാണ് ഇതിനു കാരണം. കാറ്റ് ഓക്‌സിജന്‍ വര്‍ധിപ്പിക്കുന്നത് തീപിടിത്തത്തിന് ആക്കം കൂട്ടും. വരണ്ട കാലാവസ്ഥയില്‍ ഭൗമോപരിതലത്തിലെയും മണ്ണിലെയും ജലാശം ഇല്ലാതാവുന്ന വരണ്ട കാലാവസ്ഥയില്‍ ചെറിയ തീപൊരി പോലും തീപിടിത്തത്തിന് കാരണമാവുന്നതിനാല്‍ ഓരോരുത്തരും ഇത്തരം സാഹചര്യം ഒഴിവാക്കണം.

കാറ്റടിക്കാനും സാധ്യത


    ഇടുക്കി, പാലക്കാട് ജില്ലകളിലും തൃശൂര്‍, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


വിവിധ പ്രദേശങ്ങളിലെ താപനില

സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ താപനില ഡിഗ്രി സെല്‍ഷ്യസില്‍:

കരിപ്പൂര്‍-35.7, നെടുമ്പാശ്ശേരി-34.8, ആലപ്പുഴ-34.6, കണ്ണൂര്‍-35.8, കോട്ടയം-35.2, പുനലൂര്‍-36.6 കോഴിക്കോട്-35.1, തിരുവനന്തപുരം-35.5.


ശനിയാഴ്ചത്തെ കണക്കനുസരിച്ച് കരിപ്പൂരില്‍ സാധാരണയില്‍ നിന്ന് 3.6, കണ്ണൂരില്‍ 2.7, കൊച്ചിയില്‍ 2, കോഴിക്കോട്് 1.8, കോട്ടയം 1.7. ആലപ്പുഴ 1.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അധികമായി രേഖപ്പെടുത്തിയത്. അതേസമയം രാത്രി താപനിലയിലും 3 മുതല്‍ 1.5 ഡിഗ്രിവരെ കുറവുണ്ടായിട്ടുണ്ട്.




Tags:    

Similar News