പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ ഇടപെടും, തിരുത്താത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല; മുന്നറിയിപ്പുമായി പി ജയരാജന്‍

Update: 2022-12-25 10:25 GMT

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ പൊതുവേദിയിലും മുന്നറിയിപ്പ് നല്‍കി പി ജയരാജന്‍. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി താല്‍പ്പര്യം ബലികഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി ജയരാജന്‍ വ്യക്തമാക്കിയത്.

വ്യതിചലനം തിരുത്താത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാവില്ലെന്ന മുന്നറിയിപ്പും പി ജയരാജന്‍ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ മുന്നോട്ടുവച്ചു. സമൂഹത്തിലെ ജീര്‍ണത പ്രവര്‍ത്തകനെ ബാധിച്ചാല്‍ പാര്‍ട്ടി ഇടപെടും. വ്യക്തി താല്‍പ്പപര്യം പാര്‍ട്ടി താല്‍പ്പര്യത്തിന് കീഴ്‌പ്പെടണം. ഇക്കാര്യം ഒരോ പാര്‍ട്ടി അംഗവും ഒപ്പിട്ടുനല്‍കുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് സിപിഎമ്മിന്റെ രീതി.

പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്‌ക്കെതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യും. പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാവാത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാവില്ല. പാര്‍ട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ഇതിനെതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരിലുണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇ പി ജയരാജനെിരേ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങള്‍ ആരാഞ്ഞത്. സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ പിബി വിഷയം ചര്‍ച്ച ചെയ്യും.

പിബി അനുമതിയോടെ ഇപിക്കെതിരേ പാര്‍ട്ടി അന്വേഷണം വന്നേക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പിബി യോഗം വിഷയം ചര്‍ച്ച ചെയ്യും. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാവും അന്വേഷണമുണ്ടാവുക. തെറ്റ് തിരുത്തലില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പൂര്‍ണപിന്തുണയോടെയാണ് പി ജയരാജന്റെ പരാതിയെന്നാണ് സൂചനകള്‍.

Tags:    

Similar News