മുട്ടില്‍ മരം കൊള്ളക്കേസ്: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
അന്വേഷത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു
കൊച്ചി: വയനാട് മുട്ടില്‍ മരം കൊളളക്കേസില്‍ നിലവില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.മുട്ടില്‍ മരംകൊള്ളയടക്കം പട്ടയ ഭൂമിയിലെ മരംമുറി സംബന്ധിച്ച് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.നിലവില്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ല.കോടികളുടെ ഇടപാട് നടന്ന കേസാണിത്. ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം സിബി ഐയ്ക്ക് കൈമാറണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാല്‍ നിലവില്‍ കേസ് സിബി ഐക്ക് കൈമാറേണ്ടതില്ല.ഫലപ്രദമായ രീതിയിലുള്ള അന്വേഷണം വേണം. അന്വേഷണത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹരജിയില്‍ വാദം നടക്കുന്ന സമയത്ത് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികളെ അറസ്റ്റു ചെയ്യാത്തത് ചൂണ്ടിക്കാട്ടിയിരുന്നു വിമര്‍ശനം നടത്തിയത്.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞിരുന്നു.ഇതിനു പിന്നാലെ പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇവര്‍ റിമാന്റിലാണ്.