സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്
സോളിസിറ്റര്‍ ജനറലിന്റെ നുണകളെ ശക്തമായി അപലപിക്കുന്നു
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നീതിക്ക് വേണ്ടി നിലകൊണ്ട സമൂഹത്തിലെ എല്ലാവരെയും അഭിനന്ദിക്കുകയാണ്. സിദ്ദീഖ് കാപ്പനും കേസില്‍ തടവിലാക്കപ്പെട്ട മറ്റ് നിരപരാധികള്‍ക്കും നീതി തേടി ശബ്ദമുയര്‍ത്തിയ എല്ലാ പൗരന്മാര്‍ക്കും കൂട്ടായ്മകള്‍ക്കും സുപ്രീം കോടതി ഉത്തരവ് ഒരു താല്‍ക്കാലിക ആശ്വാസമാണ്. പോപുലര്‍ ഫ്രണ്ടിനെതിരേ നഗ്‌നമായ നുണകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുന്നതു പോലും ഒരു കുറ്റകൃത്യമാണെന്ന ധാരണ സൃഷ്ടിക്കാനും ശ്രമിച്ചു. പോപുലര്‍ ഫ്രണ്ട് ഏതാനും സംസ്ഥാനങ്ങളില്‍ നിരോധിച്ച സംഘടനയാണെന്നു പോലും തെല്ലും ലജ്ജയില്ലാതെ അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ ഈ വാദങ്ങളെല്ലാം നുണയാണ്. ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നീക്കത്തിലൂടെ ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ മാത്രമാണ് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഇത് നടപ്പാക്കുന്നതിന് മുമ്പ് ഹൈക്കോടതി പിന്‍വലിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ ജാര്‍ഖണ്ഡിലെ നിരോധന ഉത്തരവ് അടിസ്ഥാനരഹിതമായ ഭാവനകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ അത് വീണ്ടും റദ്ദാക്കുമെന്ന് ഉറപ്പുണ്ട്.
കൂടാതെ, സോളിസിറ്റര്‍ ജനറലിന്റെ തെറ്റായ അവകാശവാദങ്ങളെയും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം നടത്തിയ നീചമായ ശ്രമങ്ങളെയും പോപുലര്‍ ഫ്രണ്ട് അപലപിച്ചു. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ നിലപാട് പുറത്തായതോടെ മുഖ്യമന്ത്രി യോഗിയുടെ പരാജയം മറച്ചുവയ്ക്കാനുള്ള ഒരു രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായിരുന്നു ഈ കേസ്. യുപി പോലിസ് സൃഷ്ടിച്ചെടുത്ത കള്ളക്കഥകളുടെ ബലിയാടുകളാണ് സിദ്ദീഖ് കാപ്പനും അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാക്കളും.
എല്ലാ നിരപരാധികളും ജയിലില്‍ നിന്ന് പുറത്തുവരുന്നതുവരെ നീതി പൂര്‍ണമാവില്ല. നീതിക്ക് വേണ്ടി നിലകൊള്ളുന്ന പൗരാവകാശ സംഘടനകള്‍, പത്രപ്രവര്‍ത്തക സംഘടന, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍, പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെ പോപുലര്‍ ഫ്രണ്ട് അഭിനന്ദിക്കുന്നു. നീതി പുലരുംവരെ ഉറച്ചുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Welcoming Supreme Court decision to shift Siddique Kappan to Delhi: Popular Front