'ആരായിരുന്നു കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസ്'; വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതിന് പ്രവാസിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത് പോലിസ്

മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ച ചിത്രം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച ഹിന്ദുത്വ വിദ്വേഷപ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരേ പരാതിപ്പെട്ടപ്പോള്‍ പോലിസ് 'നോട്ട് ഇന്‍ കേരള' എന്നു പറഞ്ഞ് കേസെടുക്കാതിരുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മെസേജ് ഫോര്‍വേഡ് ചെയ്തതിനാണ് വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനെതിരേ കലാപ ആഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്

Update: 2021-12-22 10:12 GMT

കണ്ണൂര്‍: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കുറിച്ചുള്ള മെസേജ് ഫോര്‍വേഡ് ചെയ്‌തെന്ന് ആരോപിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കെതിരേ കലാപാഹ്വാനത്തിന് പോലിസ് കേസെടുത്തു. കണ്ണൂര്‍ മയ്യിലിനടുത്ത് കൊളച്ചേരി ജുമാ മസ്ജിദിന് സമീപത്തെ റഊഫിനെതിരേയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് സ്വമേധയാ കേസെടുത്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊല്ലപ്പെട്ടതിനു പിന്നാലെ വെട്ടേറ്റു മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് ആര്‍എസ്എസിന്റെ വിവിധ പോഷക സംഘടനകളില്‍ നേതൃപരമായ പങ്കുവഹിച്ചയാളും ശാഖാ പരിശീലനം ലഭിച്ചയാളുമാണ് എന്ന് തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ സന്ദേശം പ്രചരിപ്പിച്ചു എന്നപേരിലാണ് നടപടി. നേരത്തേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെയും മറ്റും വകവരുത്തണമെന്ന് സംഘപരിവാര പ്രവര്‍ത്തകന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്ത സംഭവത്തില്‍ യാതൊരു നടപടിയും പോലിസ് സ്വീകരിച്ചിരുന്നില്ല.

എന്നിരിക്കെയാണ് ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത, വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ പ്രകോപനപരമായ സന്ദേശം വാട്‌സ് അപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നാണ് പോലിസ് പറയുന്നത്. ജാതിമതരാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുമുള്ള പാട്ടയം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാട്ടില്‍ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ ഗള്‍ഫിലെ ജോലി സ്ഥലത്ത് നിന്നും ഇയാള്‍ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പോലിസ് ആരോപണം. ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രകോപനപരവും സാമൂഹിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ വാട്‌സ് അപ്പ് ഗ്രൂപ്പില്‍സന്ദേശം പ്രചരിപ്പിച്ചതെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പോലിസില്‍ വിവരമറിയിച്ചെന്നും പോലിസ് പറയുന്നു. ഇതോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സന്ദേശം പ്രചരിപ്പിച്ച വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനെതിരേ അന്വേഷണം തുടങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കലാപത്തിന് നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലിസ് പറഞ്ഞു. ഗ്രൂപ്പ് അഡ്മിന്‍മാരെ ഇക്കാര്യത്തില്‍ പ്രതികളാക്കാനാണ് പോലിസ് നീക്കം.

ആരായിരുന്നു ഇന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ രഞ്ജിത്ത് ശ്രീനിവാസ് ആര്‍എസ്എസിലും യുവമോര്‍ച്ചയിലും സംഘപരിവാര സംഘടനകളിലും വഹിച്ച സ്ഥാനത്തെ കുറിച്ചും മറ്റും പറയുന്നുണ്ട്. ഏറ്റവും ഒടുവിലായി ഞങ്ങള്‍ക്ക് ഈ രാജ്യത്ത് സമാധാന ജീവിതം ഇല്ലെങ്കില്‍ നിങ്ങളും സമാധാനമായി ജീവിക്കില്ല എന്നും പരാമര്‍ശമുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനില്‍ നിന്ന് കണ്ണൂര്‍ എസ്പി സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. നേരത്തേ ആയുധപൂജയുടെ പേരില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ച ചിത്രം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച ഹിന്ദുത്വ വിദ്വേഷപ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരേ പരാതിപ്പെട്ടപ്പോള്‍ കേരളാ പോലിസ് 'നോട്ട് ഇന്‍ കേരള' എന്നു പറഞ്ഞ് കേസെടുക്കാതിരുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മെസേജ് ഫോര്‍വേഡ് ചെയ്തതിനാണ് വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനെതിരേ കലാപ ആഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News