യുക്രെയ്‌നില്‍ റഷ്യ പുലിവാല് പിടിച്ചത് സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം കുറിക്കുമോ?
ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ റഷ്യന്‍ അടിച്ചമര്‍ത്തലിന് മുന്നില്‍ നിശ്ചലമായി പോയ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ചരിത്രം സമ്മാനിക്കുന്നത് അത്തരമൊരു അപൂര്‍വ്വാവസരമാണ്.
സ്വന്തം പ്രതിനിധി
ദമസ്‌കസ്: ചരിത്രം ആവര്‍ത്തിക്കാനുള്ളതാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇത്തരം അപൂര്‍വ്വ സംഭവങ്ങള്‍ ചിലപ്പോഴെങ്കിലും യാദൃശ്ചികമായി ആവര്‍ത്തിക്കുകയും മര്‍ദ്ദക ഭരണകൂടങ്ങള്‍ക്കുള്ള വന്‍ പ്രഹരമായി ഭവിക്കാറുമുണ്ട്. ഒരു മുഴുവന്‍ പ്രദേശത്തിന്റെയും ശാക്തിക ഘടനയില്‍ മാറ്റം വരുത്താനും സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങള്‍ മാറ്റി മറിക്കാനും ഭൗമരാഷ്ട്രീയ മേഖലയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടാനും അതിലൂടെ സാധിക്കും.
ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ റഷ്യന്‍ അടിച്ചമര്‍ത്തലിന് മുന്നില്‍ നിശ്ചലമായി പോയ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ചരിത്രം സമ്മാനിക്കുന്നത് അത്തരമൊരു അപൂര്‍വ്വാവസരമാണ്. മൂന്ന് മാസം മുമ്പ് ആരംഭിച്ച യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം മോസ്‌കോയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് അനന്തമായി നീളുകയാണ്. ഇത് സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരായ പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോവാനുള്ള അവസരമാണ് സിറിയന്‍ വിമത ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. സംഖ്യകളില്‍ തര്‍ക്കമുണ്ടെങ്കിലും യുക്രെയ്ന്‍ അധിനിവേശത്തില്‍ മോസ്‌കോയ്ക്ക് ഇതുവരെ 30,000 സൈനികരെ നഷ്ടപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
റഷ്യയുടെ അധിനിവേശ ചരിത്രങ്ങളില്‍ ഇതു വലിയൊരു നഷ്ടമല്ലെങ്കിലും മോസ്‌കോയുടെ കണക്കുകൂട്ടലുകള്‍ യുക്രെയ്‌നില്‍ താളംതെറ്റിയിരിക്കുകയാണ്. ക്രെംലിന്‍ അതിന്റെ ഏറ്റവും മികച്ച സൈനിക ശക്തിയും തന്ത്രങ്ങളും കരുതിവച്ച് പീരങ്കി യൂനിറ്റുകളെ കുരുതി കൊടുക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.അത്തരം റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ എന്തുതന്നെയായാലും, സിറിയയിലെയും ലിബിയയിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് സൈനികരെയും കൂലിപ്പടയാളികളെയും പിന്‍വലിക്കാന്‍ റഷ്യന്‍ സേനയെ യുക്രെയ്ന്‍ അധിനിവേശം നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സിറിയന്‍ യുദ്ധമേഖലയില്‍നിന്നു ആയിരക്കണക്കിനു പേരെ റഷ്യ പിന്‍വലിച്ചെന്നാണ് ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിമതര്‍ക്കിടയിലെ അഭിപ്രായ ഭിന്നത
സിറിയന്‍ പ്രതിപക്ഷ സേന അസദ് ഭരണകൂടത്തിനെതിരേ വീണ്ടും പോരാട്ടരംഗത്തെത്തുമ്പോള്‍ പരിഗണിക്കേണ്ടതും വിലയിരുത്തേണ്ടതുമായ പ്രധാന വിഷയങ്ങളിലൊന്ന് വിമത ഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കമാണ്.
സ്വതന്ത്ര സിറിയന്‍ ആര്‍മി (എഫ്എസ്എ) ശക്തിയിലും എണ്ണത്തിലും വളരുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ ഒട്ടുമിക്കവരുടെ പിന്തുണ നേടുകയും ചെയ്ത പത്ത് വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഉപ്പോഴുള്ളത്. ആ സുവര്‍ണ ദിനങ്ങളില്‍നിന്ന് ഏറെ അകലയൊണ് ഇപ്പോഴത്തെ സിറിയന്‍ വിപ്ലവം.
ഇപ്പോള്‍, പോരാട്ട സംഘങ്ങള്‍ അവരുടേതായ നിരവധി വിഭാഗങ്ങളായും പ്രസ്ഥാനങ്ങളായും വിഭജിക്കപ്പെട്ടു കഴിഞ്ഞു.
ചിലത് ഇസ്‌ലാമിസ്റ്റ് പോരാട്ട ഗ്രൂപ്പുകളാണെങ്കില്‍ മറ്റു ചിലത് ദേശീയ വാദികളും മതേതര വാദികളും ചിലത് അമേരിക്കയുടെയോ തുര്‍ക്കിയുടെയോ പിന്തുണയുള്ളവയുമാണ്. കുര്‍ദ് മിലീഷ്യകളെ പോലുള്ള ചില വംശീയ കേന്ദ്രീകൃത സായുധസംഘങ്ങളും നിലവിലുണ്ട്.
ഈ അഭിപ്രായ ഭിന്നതകള്‍ സിറിയയിലെ സംഘര്‍ഷത്തില്‍നിന്ന് ശ്രദ്ധ മാറ്റിയെന്ന് മാത്രമല്ല പിന്തുണ നല്‍കുന്നതില്‍നിന്നു പോലും ലോക രാജ്യങ്ങള്‍ പിന്നാക്കംമാറുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. മാത്രമല്ല ഒരു നവീകരിച്ച പ്രതിപക്ഷ വിപ്ലവ ദൗത്യത്തെ പോലും പിന്തുണയ്ക്കാനാവാതെയിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
അസദ് ഭരണകൂടത്തിനെതിരെ ആക്രമണം നടത്താന്‍ കഴിയുന്ന ഏറ്റവും കഴിവുള്ളതും ശക്തവുമായ വിഭാഗങ്ങള്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇസ്ലാമിസ്റ്റ് വിമത ഗ്രൂപ്പുകളാണ്. അവയില്‍ പ്രധാനപ്പെട്ട ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) ആണ്. നേരത്തേ അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ഗ്രൂപ്പാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എച്ച്ടിഎസ് ഇദ്‌ലിബ് പ്രവിശ്യയിലും അതിന്റെ അധികാര രാഷ്ട്രീയത്തിലും ആധിപത്യം പുലര്‍ത്തുകയാണ്. 'സാല്‍വേഷന്‍ ഗവണ്‍മെന്റിന്റെ' ഒരു സിവിലിയന്‍ ഫ്രണ്ടായാണ് ഈ സായുധ സേന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തെക്കന്‍ ഇഡ്‌ലിബിലും ജബല്‍ സാവിയ പര്‍വതത്തിലും പരിസര പ്രദേശങ്ങളിലും സിറിയന്‍ ഭരണകൂട സേനയ്‌ക്കെതിരായ വര്‍ഷങ്ങളുടെ നീണ്ടുനില്‍ക്കുന്ന പോരാട്ട പരിചയമുള്ളതിനാല്‍, ഭരണകൂട സ്ഥാനങ്ങള്‍ക്കെതിരെ വിജയകരമായി ആക്രമണം നടത്താന്‍ എച്ച്ടിഎസിന് ഇപ്പോഴും കഴിവുണ്ട്. മാത്രമല്ല, വിദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ആയുധങ്ങള്‍ സ്വന്തമായുള്ളതും ഇവരുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്.
യൊക്കെ സൈനിക ശക്തിയുണ്ടായിട്ടും വടക്ക്പടിഞ്ഞാറന്‍ സിറിയയിലെ പ്രാദേശിക എതിരാളികളെ അടിച്ചമര്‍ത്തുന്ന തിരക്കിലാണ് എച്ച്ടിഎസ്. ഈ മേഖലയിലെ സിറിയന്‍ പ്രതിപക്ഷത്തെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിനാണ് ഇത്തരം ശ്രമങ്ങളെന്ന് ഗ്രൂപ്പും അതിന്റെ നേതൃത്വവും അവകാശപ്പെടുന്നു.
അസദോ കുര്‍ദുകളോ?
വടക്ക്പടിഞ്ഞാറ്, വടക്കന്‍ സിറിയയുടെ മറ്റ് ഭാഗങ്ങള്‍ ഭരിക്കുന്നതും തുര്‍ക്കിയെ പിന്തുണയ്ക്കുന്നതുമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ (എഫ്എസ്എ) പിന്തുടര്‍ച്ചക്കാരായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്എന്‍എ) അസദ് ഭരണകൂടത്തിനെതിരേ ഏതെങ്കിലും ആക്രമണം പുനരാരംഭിക്കാനുള്ള ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചെന്നാണ് തോന്നുന്നത്. പകരം, വടക്കന്‍, വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മിലീഷ്യകള്‍ക്കെതിരായ പ്രവര്‍ത്തനത്തില്‍ തുര്‍ക്കിയെക്കൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണ് അത് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എസ്എന്‍എയ്ക്കും മറ്റ് പ്രോക്‌സികള്‍ക്കും ആങ്കറ നല്‍കിയ പിന്തുണയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ കുര്‍ദിഷ് ഗ്രൂപ്പുകള്‍ എസ്എന്‍എ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ നിയന്ത്രിക്കുന്നു. തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ അഭിമുഖീകരിക്കേണ്ട പ്രധാന ചോദ്യം, കുര്‍ദുകളാണോ അസദാണോ വലിയ ഭീഷണിയെന്നതാണ്.
സിറിയന്‍ സൈന്യത്തിനെതിരായ പോരാട്ടത്തിന് തയ്യാറുള്ള പ്രതിപക്ഷ ഗ്രൂപ്പുകളുടെ ഐക്യമുന്നണിയെ പ്രതിനിധീകരിക്കാന്‍ ഉദ്ദേശിച്ചുള്ള ഫത് അല്‍മുബീന്‍ (ക്ലിയര്‍ വിക്ടറി) ഓപ്പറേഷന്‍ റൂം പ്രധാനമായും എച്ച്ടിഎസും എസ്എന്‍എയുടെ അഫിലിയേഷനായ അഹ്രാര്‍ അല്‍ഷാമും ചേര്‍ന്നാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഉടന്‍ പ്രവര്‍ത്തന ക്ഷമമാകുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
2020 മാര്‍ച്ചില്‍ തുര്‍ക്കി-റഷ്യന്‍ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലവിലുണ്ട്. ഇത് സിറിയന്‍ വിമത ഗ്രൂപ്പുകള്‍ക്കെതിരായ അസദിന്റെ സേനയുടെയും റഷ്യയുടെയും ആക്രമണത്തെ ഔദ്യോഗികമായി തടസ്സപ്പെടുത്തുന്നു, തിരിച്ചും. എന്നാല്‍, കരാര്‍ നിലവില്‍ വന്നതിനുശേഷം നിരവധി തവണ സിറിയന്‍ ഭരണകൂടവും മോസ്‌കോയും ഈ ധാരണ ലംഘിച്ചിട്ടുണ്ട്.
യുക്രെയ്‌നിലെ റഷ്യന്‍ പ്രതിസന്ധി കൊണ്ടുവന്ന അവസരം പ്രയോജനപ്പെടുത്തുക എന്ന ആശയം, സിറിയന്‍ പ്രതിപക്ഷത്തിന്റെ ചില വിഭാഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വടക്ക്പടിഞ്ഞാറന്‍ സിറിയയിലെ എച്ച്ടിഎസ് വിരുദ്ധ വ്യക്തികളും പുരോഹിതന്മാരും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ബലാഗ് മാസികയുടെ മാര്‍ച്ച് മാസത്തെ പതിപ്പില്‍, 'റഷ്യന്‍ ശത്രു കഠിനമായ യുദ്ധത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന്' വ്യക്തമാക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും സൈനികരെയും യുദ്ധ പരിചയം നേടിയ മികച്ച ഉദ്യോഗസ്ഥരെയും യുക്രെയ്ന്‍ കാംപയിനിലേക്ക് വിന്യസിച്ചതായും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അപൂര്‍വ്വാവസരം കൈവന്നിട്ടും വിമത നേതൃത്വം നിഷേധാത്മകമായാണ് പെരുമാറന്നതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
എച്ച്ടിഎസില്‍ നിന്നും എസ്എന്‍എയില്‍ നിന്നുമുള്ള നേതാക്കള്‍ 'സിറിയന്‍ വിപ്ലവത്തിന്റെ വിഭവങ്ങളുടെ നിയന്ത്രണം' ഏറ്റെടുത്തതായി കുറ്റപ്പെടുത്തി, അവരെ 'അവരുടെ യജമാനന്മാരുടെ കല്‍പ്പനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന അടിമകളല്ലാതെ മറ്റൊന്നുമല്ല, ജിഹാദിന്റെയും ജിഹാദിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ല അവരുടെ നീക്കങ്ങളെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
യുക്രെയ്‌നിലെ യുദ്ധം മുതലെടുക്കുന്നതിനുപകരം അവര്‍ ഭരിക്കുന്ന ആളുകള്‍ക്ക് മേലുള്ളഅടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും നേതൃത്വത്തെ എഡിറ്റോറിയല്‍ അപലപിച്ചു.
യുക്രെയ്‌നിലേക്ക് റഷ്യ ശ്രദ്ധതിരിച്ച ഈ സമയത്ത് സിറിയന്‍ വിമത ഗ്രൂപ്പുകള്‍ അസദ് ഭരണകൂടത്തിനെതിരേ ആക്രമണം കടുപ്പിക്കുകയാണെങ്കില്‍ ഗണ്യമായ അപകടസാധ്യതകളും നിലവിലുണ്ട്.
ഒന്നാമതായി, മോസ്‌കോയ്ക്ക് ഇപ്പോഴും സിറിയയില്‍ സൈനിക സാന്നിധ്യമുണ്ട്. ഒരുപക്ഷേ പരിമിതമാണെങ്കിലും അതിന്റെ ചില യുദ്ധവിമാനങ്ങള്‍ ഇപ്പോഴും ലതാകിയയ്ക്ക് സമീപമുള്ള ഖമീം എയര്‍ ബേസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാനിയന്‍ സേനകളുടെയും സൈനികരുടെയും സാന്നിധ്യവും ഉണ്ട്. റഷ്യയുടെ പിന്‍വാങ്ങലിനിടെ സിറിയയില്‍ ഇറാന്റെ ആധിപത്യത്തിന് കാരണമാകുമെന്ന് പല വിശകലന വിദഗ്ധരും പ്രവചിക്കുന്നു. കൂടാതെ, രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചതുപോലെ, ഭരണകൂട സ്ഥാനങ്ങള്‍ക്കെതിരെ സ്വന്തം ഓപ്പറേഷന്‍ നടത്തിയാല്‍, സിറിയന്‍ പ്രതിപക്ഷത്തെ തുര്‍ക്കി പിന്തുണയ്ക്കുകയോ വേണ്ടത്ര പ്രതിരോധിക്കുകയോ ചെയ്യുമെന്നതിന് യാതൊരു ഉറപ്പുമില്ല. അത് സിറിയന്‍ സൈന്യം തുര്‍ക്കി സൈനികരെ കൊന്നതാണ്.
അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ സിറിയയിലെ ഏതൊരു വിമത പോരാട്ടത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ്. എന്നാല്‍, പ്രതിപക്ഷ പോരാട്ടത്തെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റഷ്യ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ 'വിപ്ലവത്തിന്'ആയുള്ള അപൂര്‍വ്വ അവസരമാണ് പ്രതിപക്ഷ നിരക്ക് വീണുകിട്ടിയിരിക്കുന്നത്.