രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് ഹിജാബ് ധരിക്കാത്തതിനാല്‍; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്.അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു
കര്‍ണ്ണാടക:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിജാബ് വിവാദം സജീവ ചര്‍ച്ചയായി തുടരവേ ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ്.സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇന്ത്യയില്‍ ബലാത്സംഗ നിരക്ക് കൂടാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദിന്റെ പരാമര്‍ശം.
ഹിജാബ് എന്നാല്‍ ഇസ്‌ലാമില്‍ പര്‍ദ എന്നാണ് അര്‍ത്ഥം. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടികളുടെ സൗന്ദര്യം മറക്കുകയാണ് ഹിജാബ് ധരിക്കുന്നതിലൂടെ ഇസ്‌ലാം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ സൗന്ദര്യം എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമാണ് ഹിജാബ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്.അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ ഇടയിലുള്ള ചിലര്‍ ഹിജാബ് ധരിക്കാറില്ല. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചതിന് ശേഷം എന്നോട് സംവാദത്തിന് വരൂ' സമീര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.ഇസ്‌ലാം മതമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം. എന്നാല്‍ പലരും അത് ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു സമീര്‍ അഹമ്മദിന്റെ പ്രതികരണം.ആരിഫ് മുഹമ്മദ്ഖാന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടിയോ സ്ത്രീയോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് കാര്യം മനസിലാവുമായിരുന്നവെന്നും സമീര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസുകളില്‍ കയറ്റാത്തതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് രാജ്യത്തിനകത്തേക്കും പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുകയായിരുന്നു.