ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലക്കേസ് സിബി ഐയ്ക്ക് കൈമാറി

Update: 2020-10-03 15:21 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണ യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിട്ടു. നാവറുക്കുകയും ശരീരഭാഗങ്ങള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത നിലയില്‍ മരണപ്പെട്ട 19കാരിയായ മനീഷാ വാല്‍മീകി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പോലിസ് ദഹിപ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാന്‍ പോലും അനുമതി നല്‍കാതെ, വീട്ടുകാരെ പൂട്ടിയിട്ടാണ് മൃതദേഹം അര്‍ധരാത്രി ദഹിപ്പിച്ചത്. അതിനിടെ, ബലാല്‍സംഗത്തിനിരയായിട്ടില്ലെന്ന പോലിസ് മേധാവിയുടെ വെളിപ്പെടുത്തലും വന്‍ പ്രതിഷേധമുയര്‍ത്തി.

    ഇതിനിടെ, മാധ്യമങ്ങള്‍ക്കു പ്രദേശത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ ഹാഥ്‌റസിലേക്കു പോവുന്നത് യുപി പോലിസ് തടയുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുപി സര്‍ക്കാരിനും പോലിസിനുമെതിരേ പ്രതിഷേധം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെ അഞ്ചു പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നിട്ടും പ്രതിഷേധം തുടരുകയും യോഗി സര്‍ക്കാരിന്റെ ദലിത് വേട്ടയ്‌ക്കെതിരേ വാല്‍മീകി സമുദായം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം സിബി ഐയ്ക്കു കൈമാറാന്‍ തീരുമാനിച്ചത്.

       സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി നേരത്തേ സ്വമേധയ കേസെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അഡീഷനല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, യുപി ഡിജിപി, ലക്‌നോ എഡിജിപി, ജില്ലാ മജിസ്‌ട്രേറ്റ്, ഹാത്രാസ് എസ് പി എന്നിവര്‍ കോടതി മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. സപ്തംബര്‍ 14നാണ് യു പിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിനിരയായത്. ചികില്‍സയ്ക്കിടെ 28നാണ് പെണ്‍കുട്ടി മരണപ്പെട്ടത്.




Yogi Adityanath hands over Hathras rape-murder case to CBI



Tags:    

Similar News