സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി: സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂനിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
spcprogramme.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് പോലിസ് സ്‌റ്റേഷനിലും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസിലും നേരിട്ടോ ഇമെയില്‍ മേഖേനയോ നല്‍കണം. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വെബ്‌സൈറ്റില്‍ (studentpolicecadet.org) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപൂര്‍ണമായ അപേക്ഷകള്‍ പരിഗണിക്കില്ല.
യൂനിറ്റ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിഭാഗത്തില്‍ (ഹൈസ്‌കൂള്‍ അഥവാ ഹയര്‍സെക്കന്ററി) കുറഞ്ഞത് 500 കുട്ടികള്‍ ഉണ്ടായിരിക്കണം. പ്രവര്‍ത്തനക്ഷമമായ അധ്യാപക രക്ഷകര്‍ത്തൃ സമിതി ഉണ്ടായിരിക്കണം. കമ്മ്യൂനിറ്റി പോലിസ് ഓഫിസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയ്യാറായി ശാരീരികക്ഷമതയുളള രണ്ട് അധ്യാപകര്‍ വേണം. പെണ്‍കുട്ടികള്‍ ഉളള സ്‌കൂളുകളില്‍ അതിലൊരാള്‍ വനിതയായിരിക്കണം. കേഡറ്റുകള്‍ക്ക് ശാരീരിക പരിശീലനം നല്‍കാന്‍ പര്യാപ്തമായ തരത്തില്‍ മൈതാനവും മറ്റ് സൗകര്യവും വേണം. ഓഫിസ് സജ്ജീകരിക്കുന്നതിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജില്ലാ നോഡല്‍ ഓഫിസര്‍ എന്നിവര്‍ അപേക്ഷകള്‍ പരിശോധിച്ച് നല്‍കിയിരിക്കുന്ന വസ്തുതകള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തും. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സ്‌കൂളുകളെ സ്റ്റുഡന്റ് പോലിസ് പദ്ധതിയില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കും. എസ്.പി.സിക്കായി ഇതിനകം അപേക്ഷിച്ച സ്‌കൂളുകളും പുതുതായി അപേക്ഷ സമര്‍പ്പിക്കണം. സംശയനിവാരണത്തിന് തൊട്ടടുത്ത പോലിസ് സ്‌റ്റേഷനിലോ എസ്.പി.സി ഡയറക്ടറേറ്റിലെ 04712452655 എന്ന നമ്പറിലോ വിളിക്കാം.