'ഉജ്വല' ബാല്യ പുരസ്‌കാരത്തില്‍ തിളങ്ങി അലീനയും അഖിലേഷും

Update: 2022-03-16 18:38 GMT

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഈ വര്‍ഷത്തെ ഉജ്വല ബാല്യപുരസ്‌കാരം കുളത്തൂര്‍ പ്രയാര്‍ സ്വദേശിനി അലീന ഷെറിന്‍ ഫിലിപ്പ്, മാടപ്പള്ളി സ്വദേശി അഖിലേഷ് രാജ് എന്നിവര്‍ സ്വന്തമാക്കി. കല, കായികം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവ കാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് അസാധാരണ പ്രവര്‍ത്തനകള്‍ നടത്തുകയും കഴിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌ക്കാരം 12. നും 18 നുമിടയില്‍ പ്രായമുളളവരെയാണ് പരിഗണിക്കുക. പൊതു വിഭാഗക്കാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അലീന ഷെറിന്‍ ഫിലിപ്പ് മികച്ച ചിത്രകാരിയാണ്. 1500 ലധികം ചിത്രങ്ങള്‍ വരക്കുകയും ചിത്രപ്രദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്.

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍ റെജി ഫിലിപ്പ്, അമ്മ റൈനി. അനു ഷാലറ്റ്, മരിയ ഷാരോണ്‍ എന്നിവര്‍ സഹോദരിമാരാണ്. ഭിന്ന ശേഷി വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് മികച്ച കലാ കായിക പ്രതിഭയാണ്. നെടും കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്‍ രാജേഷ് , അമ്മ അന്‍ജു മോള്‍ വി.എസ്, സഹോദരി ഗൗരി നന്ദന.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ഫലകവും 25000 രൂപയുമടങ്ങുന്നതാണ് പുരസക്കാരം. ചടങ്ങിന്റെ ഭാഗമായി ചേര്‍ന്ന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എന്‍ ഗീതമ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പന്‍, ടി.എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍ .സുജയ മറ്റ് ജനപ്രതിനിധികളായ ശ്രീജിത്ത് വെള്ളാവൂര്‍ , ബിന്ദു ജോസഫ്, ബിന്‍സണ്‍, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ് മല്ലിക സ്വാഗതവും പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ചുമോള്‍ സ്‌കറിയ നന്ദിയും പറഞ്ഞു.

Tags:    

Similar News