അസാപ് കേരളയും ജിഎംആര്‍ ഏവിയേഷന്‍ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു

Update: 2022-07-24 00:41 GMT

തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ വികസനത്തിനു പുതുമാനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കമ്പനിയായ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ് കേരള) ഏവിയേഷന്‍ രംഗത്തെ വ്യവസായ പ്രമുഖരായ ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ബിസിനസ് ഡിവിഷനായ ജിഎംആര്‍ ഏവിയേഷന്‍ അക്കാഡമിയുമായി ധാരണാ പത്രം ഒപ്പുവച്ചു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരിയുടെ ഓപറേറ്റിങ് പാര്‍ട്ണര്‍ ആയി ജിഎംആര്‍ ഏവിയേഷന്‍ അക്കാദമിയെ നിയമിച്ചുകൊണ്ടുള്ളതാണ് ധാരണാപത്രം.

ഏവിയേഷന്‍ രംഗത്തെ വര്‍ധിച്ചുവരുന്ന തൊഴില്‍ സാധ്യതകളുടെ പ്രയോജനം കേരളത്തിലെ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ അസാപ്പും ജിഎംആര്‍ ഏവിയേഷന്‍ അക്കാഡമിയും സംയുക്തമായി കളമശ്ശേരി സ്‌കില്‍ പാര്‍ക്കില്‍ നടത്തും.

ഡ്രോണ്‍ ടെക്‌നോളജി, ക്യാബിന്‍ ക്രൂ മാനേജ്‌മെന്റ്, കാര്‍ഗോ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫയര്‍ ഫൈറ്റിങ്, റീറ്റെയ്ല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളാണ് സ്‌കില്‍ പാര്‍ക്കിലൂടെ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതോടൊപ്പം സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള എആര്‍/ വിആര്‍ ലാബിന്റെ സഹായത്തോടെ ഐടി രംഗത്തെ തൊഴില്‍ അവസരങ്ങള്‍ക്കു അനുയോജ്യമായ എആര്‍/ വിആര്‍ ടെക്‌നൊളജിയില്‍ അധിഷ്ഠിതമായ ഗെയിം ഡെവലപ്പര്‍, വി ആര്‍ ഡെവലപ്പര്‍, പ്രോഗ്രാമര്‍, ആര്‍ടിസ്റ്റ് തുടങ്ങി യൂണിറ്റി സര്‍ട്ടിഫിക്കേഷനോട് കൂടിയ കോഴ്‌സുകളിലും അസാപ് പരിശീലനം ലഭ്യമാവും.

Tags:    

Similar News