ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ രണ്ടാം തവണയും ഇടംനേടി കുഞ്ഞുശിവ

ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പതാക തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ പേര് പറയും. 48 ഏഷ്യന്‍ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും അതുപോലെ തിരിച്ചും പറയും. പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളുടെയും പേരുകള്‍ (118), ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള സംഖ്യകളുടെ ഗുണനപ്പട്ടിക, 100 വരെ ഒറ്റസംഖ്യയും ഇരട്ടസംഖ്യയും എണ്ണാനും 100 ല്‍നിന്ന് താഴത്തേയ്ക്ക് എണ്ണാനും അവന് കഴിയും.

Update: 2021-06-16 09:42 GMT

തൃശൂര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ രണ്ടാം തവണയും ഇടംനേടി താരമായിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി സ്വദേശി ശിവ കാരയില്‍ എന്ന നാലുവയസുകാരന്‍. ഇന്നത്തെ കാലഘട്ടത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടുക എന്നത് പുതുമയുള്ള കാര്യമല്ല. ചെറിയ കുട്ടികളില്‍ പലര്‍ക്കും കൊച്ചുകൊച്ചു കാര്യങ്ങള്‍ പറയുന്നതിനുപോലും പ്രോല്‍സാഹനമെന്ന നിലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നുണ്ട്. എന്നാല്‍, ഈ കൊച്ചുമിടുക്കന്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാണ്. ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ശിവയുടെ നേട്ടം. മുതിര്‍ന്നവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍പോലും ഓര്‍ത്തെടുക്കും ഈ കൊച്ചുമിടുക്കന്‍.

ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പതാക തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ പേര് പറയും. 48 ഏഷ്യന്‍ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും അതുപോലെ തിരിച്ചും പറയും. പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളുടെയും പേരുകള്‍ (118), ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള സംഖ്യകളുടെ ഗുണനപ്പട്ടിക, 100 വരെ ഒറ്റസംഖ്യയും ഇരട്ടസംഖ്യയും എണ്ണാനും 100 ല്‍നിന്ന് താഴത്തേയ്ക്ക് എണ്ണാനും അവന് കഴിയും. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പേരുകളും തലസ്ഥാനങ്ങളും അതുപോലെ അവിടത്തെ ഭാഷ ഏതാണെന്നും ഈ കൊച്ചുമിടുക്കനറിയാം. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുടെയും പേരുകളും അനായാസം പറയും.

61 വിപരീതപദങ്ങള്‍, 54 ആത്മകഥകളുടെ രചയിതാക്കളുടെ പേരുകള്‍, പ്രശസ്തമായ 50 കണ്ടുപിടിത്തങ്ങള്‍ എന്നിവയും നൂറിലധികം കാറുകളുടെ ലോഗോ തിരിച്ചറിഞ്ഞ് കാറിന്റെ പേര് പറയാനും അറിയാം. ലോകത്തിലെ എല്ലാ വന്‍കരകളുടെയും മഹാസമുദ്രങ്ങളുടെയും ഗ്രഹങ്ങളുടെയും പേരുകള്‍ നിമിഷനേരംകൊണ്ട് ഓര്‍ത്തെടുത്ത് പറയും. കേരളത്തിലെ 14 ജില്ലകളുടെ പേരുകള്‍ മലയാളമാസങ്ങള്‍, ഇംഗ്ലീഷ് മാസങ്ങള്‍ എല്ലാം ഈ ചെറുപ്രായത്തില്‍ കാണാപ്പാഠമാണ്. വലപ്പാട് കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ശിവ.

രാജ്യങ്ങളുടെ പേരുകളും കൊടികളും പഠിക്കാന്‍ വളരെ ചെറുപ്രായത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ ശിവയുടെ അച്ഛന്‍ ഷൈബു കാരയില്‍ പരിശീലനം കൊടുക്കുകയായിരുന്നു. പ്രോല്‍സാഹനമായി അധ്യാപികയായ അമ്മ ശരണ്യയും ഒപ്പമുണ്ട്. ഇപ്പോള്‍ ശിവ കാരയില്‍ എന്ന യൂ ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.  പ്രകടനങ്ങള്‍ ഈ ചാനല്‍വഴി എല്ലാവര്‍ക്കും കാണാനാവും. ഇതുവഴി മറ്റുള്ളവര്‍ക്കും പ്രചോദനമാവാനാണ് ശിവയുടെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. ഒന്നരലക്ഷത്തിലധികം സബ്‌സ്‌ക്രൈബറുള്ള യൂ ട്യൂബറാണ് അച്ഛൻ ഷൈബു കാരയിൽ.

Tags:    

Similar News