കോഴിക്കോട്: 2021-22 അധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/സിബിഎസ്ഇ പത്ത്/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ്
ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കണം.(പൊതു വിഭാഗങ്ങള്‍ക്ക് 150 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്. എന്‍സിസി/സ്‌പോര്‍സ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകര്‍പ്പ് യഥാക്രമം എന്‍സിസി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്കും നല്‍കണം. കേരളത്തിലെ സര്‍ക്കാര്‍/ ഐഎച്ച്ആര്‍ഡി, പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടക്കുന്നത്.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജ്, സര്‍ക്കാര്‍ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.