യുക്രെയ്‌നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല; ബംഗാളിന്റെ നീക്കം തടഞ്ഞ് കേന്ദ്രം
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. എന്‍എംസിയുടെ ചട്ടങ്ങള്‍ അനുസരിച്ച് യുക്രെയ്‌നില്‍ നിന്നംത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റില്‍ (ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ് എക്‌സാം) പങ്കെടുക്കാന്‍ സാധിക്കില്ല. വിദേശത്ത് പഠിക്കുന്ന കോളജുകളില്‍ തന്നെ പഠനവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ സ്‌ക്രീനിങ് ടെസ്റ്റ് എഴുതുന്നതിന് അനുമതിയുള്ളൂ.
യുക്രെയ്‌നില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ 412 വിദ്യാര്‍ഥികളില്‍ രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകളിലുള്ള 172 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതി ചട്ടവിരുദ്ധമാണെന്ന് മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏകദേശം 18,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ ദന്തല്‍ വിദ്യാര്‍ഥികളാണ്. തങ്ങളുടെ തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ഥികളും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെവിടെയും പഠിക്കാന്‍ തയ്യാറാണെന്നും തുടര്‍പഠനത്തിന് നിയമഭേദഗതിയുള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം. ലക്ഷങ്ങള്‍ വായ്പയെടുത്താണ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാല്‍ നാട്ടില്‍ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന്‍ സാഹചര്യമില്ലെന്നും രാജ്യത്തെ കോളജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതിനിടെയാണ് വിദ്യാര്‍ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞത്.