തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ: രജിസ്‌ട്രേഷന്‍ തുടങ്ങി

Update: 2020-12-10 05:10 GMT

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നടപ്പാക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. ജൂനിയര്‍ (അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍), സീനിയര്‍ (എട്ട്, ഒമ്പത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

    ജില്ലാതല വിജയികള്‍ക്ക് 1000, 500 രൂപ എന്നിങ്ങനെ നല്‍കും. വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കി മൂന്നു തലത്തിലായാണ് പരീക്ഷ നടത്തുക. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ജില്ലാതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കും. ജില്ലാതല സ്‌കോളര്‍ഷിപ്പ് 14 ജില്ലകളിലുള്ളവര്‍ക്കും നല്‍കും. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

    സ്‌കോളര്‍ഷിപ്പിനു രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കും. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന് അനുസരിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ വരെ സമ്മാനമായി നല്‍കും. കുട്ടികള്‍ക്ക് https://scholarship.ksicl.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 31 ആണ് അവസാന തിയ്യതി. ഫോണ്‍: 8547971483.

'Thalir' Scholarship Examination: Registration started

Tags:    

Similar News