ഡിഗ്രി, പിജി പ്രവേശനം സപ്തംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണം, ആഗസ്ത് 31ന് മുമ്പ് പരീക്ഷ നടത്തണം; യുജിസി പുതിയ മാര്‍ഗരേഖ പുറത്തിറക്കി
ഒക്ടോബര്‍ ഒന്നിന് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കണം. അധ്യയന പരീക്ഷകളും അവസാന സെമസ്റ്റര്‍ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ബന്ധമായും നടത്തണം. പരീക്ഷകള്‍ ഓഫ് ലൈനായോ ഓണ്‍ലൈനായോ ഈ രണ്ടുമാര്‍ഗങ്ങളിലും ഒരുമിച്ചോ നടത്താം.
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ ബിരുദപ്രവേശനത്തിലും പരീക്ഷാ നടത്തിപ്പിലും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ (യുജിസി). അടുത്ത അധ്യയനവര്‍ഷത്തില്‍ ക്ലാസുകള്‍ ഓഫ്‌ലൈനായോ ഓണ്‍ലൈനായോ ഈ രണ്ടുമാര്‍ഗങ്ങളും സമന്വയിപ്പിച്ചോ ആരംഭിക്കാമെന്ന് യുജിസിയുടെ അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ അടക്കം ആരംഭിക്കുകയുള്ളൂ എന്നതില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.
2021-2022 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ സപ്തംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒക്ടോബര്‍ ഒന്നിന് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കണം. അധ്യയന പരീക്ഷകളും അവസാന സെമസ്റ്റര്‍ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ബന്ധമായും നടത്തണം. പരീക്ഷകള്‍ ഓഫ് ലൈനായോ ഓണ്‍ലൈനായോ ഈ രണ്ടുമാര്‍ഗങ്ങളിലും ഒരുമിച്ചോ നടത്താം. എന്നാല്‍, ആഗസ്ത് 31ന് മുമ്പ് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുണ്ടായിരിക്കില്ലെന്നും യുജിസി മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
2021 ഒക്ടോബര്‍ 31ന് മുമ്പായി ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സര്‍വകലാശാലകള്‍ പ്രവേശനം പൂര്‍ത്തിയാക്കിയിരിക്കണം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. ഇതിനിടയില്‍ ചേര്‍ന്നവര്‍ക്ക് മറ്റ് കോളജുകളിലേക്ക് മാറണമെങ്കില്‍ അതിനാവാം. ഇവരടയ്ക്കുന്ന ഫീസ് തിരികെ ലഭിക്കുമെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്. അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി 1,000 രൂപ മാത്രമേ ഈടാക്കാവൂ.
12ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആഗസ്ത് 31 ബിരുദ പ്രവേശനത്തിനുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്ടോബര്‍ 18ന് അധ്യയന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യുജിസി സെക്രട്ടറി രജനീഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്. കോളജ് പ്രവേശന സമയത്ത് സുഗമമായ പ്രവേശന പ്രക്രിയ ഉറപ്പാക്കുന്നതിന് ജൂലൈ 31ന് മുമ്പ് ബോര്‍ഡ് ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ സുപ്രിംകോടതി എല്ലാ സംസ്ഥാന ബോര്‍ഡുകള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു.