കൊവിഡ് കേസുകള്‍ കുറഞ്ഞു; ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നു

Update: 2022-02-06 09:13 GMT

ലഖ്‌നോ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അടച്ചിരുന്ന സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നു. കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പല ഘട്ടങ്ങളായാണ് സ്‌കൂളുകള്‍ തുറക്കുക. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഈ മാസം ഏഴിന് തുറക്കും. നഴ്‌സറി മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും.

സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് തുടങ്ങിയ എല്ലാ കൊവിഡ് നിബന്ധനകളും പാലിച്ചാവും സ്‌കൂള്‍ തുറക്കുകയെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ജനുവരിയിലാണ് സ്‌കൂളുകള്‍ അടച്ചത്.

ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ ആകെ 3,555 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് മാത്രമല്ല, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ ഫെബ്രുവരി 7 മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചു. അതേസമയം പശ്ചിമ ബംഗാളിലെ സ്‌കൂളുകള്‍ ഫെബ്രുവരി 3 മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുകയാണ്.

Tags:    

Similar News