ഉയര്‍ന്ന വേതനത്തോടെ ജോലി ഉറപ്പാക്കണോ ? ഡിസൈനില്‍ ബിരുദം കരസ്ഥമാക്കൂ....

എന്‍ജിനീയറിങ്ങിന് കണക്കും മെഡിസിന് സയന്‍സും നിര്‍ബന്ധമുള്ളപ്പോള്‍ ഡിസൈന്‍ പ്രവേശനപരീക്ഷയ്ക്ക് ഏത് വിഷയമെടുത്താലും മതി. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ മാര്‍ച്ചില്‍ എഴുതാന്‍ പോവുന്നവര്‍ക്കും വിജയിച്ച കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയും. ചിത്രംവര, കരകൗശല സാധങ്ങളുണ്ടാക്കാനോ പഠിക്കാനോ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളാണ് ഈ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നത്.

Update: 2020-07-26 07:27 GMT

അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ പെരുകുമ്പോള്‍ നാലുവര്‍ഷത്തെ B Des. കോഴ്സ് കഴിഞ്ഞവര്‍ക്ക് ഇന്ത്യയിലും വിദേശത്തും വന്‍ഡിമാന്റാണ് നിലവിലെ തൊഴില്‍മാര്‍ക്കറ്റിലുള്ളത്. ഡിസൈന്‍ ബിരുദം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ഇന്ത്യയില്‍ മൂന്ന് വ്യത്യസ്ത പ്രവേശന പരീക്ഷയാണുള്ളത്. ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ഏഴായിരത്തോളം സീറ്റുകളാണുള്ളത്. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളിടെ സ്ഥാപനങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളികള്‍ വന്‍വിജയം വരിക്കുമ്പോള്‍ വളരെയധികം ജോലിസാധ്യതയുള്ള ഡിസൈന്‍ ഫീല്‍ഡില്‍ മലയാളികള്‍ എത്തിപ്പെടുന്നത് വളരെ കുറവാണ്.

ഒബിസി അടക്കമുള്ള വിഭാഗക്കാര്‍ക്ക് എല്ലാ ദേശീയ ഡിസൈന്‍ കോളജിലെ പ്രവേശനത്തിനും 27 ശതമാനം സംവരണമുണ്ട്. മറ്റു പിന്നാക്കവിഭാഗക്കാര്‍ക്കും അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെഹിക്കിള്‍, ഫര്‍ണിച്ചര്‍, എക്സിബിഷന്‍, കമ്മ്യൂണിക്കേഷന്‍, ഫാഷന്‍, സ്പോര്‍ട് വെയര്‍ ഡിസൈന്‍ തുടങ്ങി 25 ല്‍ അധികം ബ്രാഞ്ചുകളാണ് ഇന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത്. 10 വര്‍ഷം കഴിഞ്ഞാല്‍ വരാന്‍ പോവുന്ന ഫാഷന്‍ ട്രെന്റിനെക്കുറിച്ച് ഇപ്പോള്‍തന്നെ പ്രവചിക്കാന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് സാധിക്കും.


 അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഐഡി എന്നറിയപ്പെടുന്ന നാഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍, മുംബൈ ഐഐടിയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍ (ഐഡിസി) നടത്തുന്ന UCEED. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തുന്ന എന്‍ഐഎഫ്ടി എന്നീ മൂന്ന് വ്യത്യസ്ത പ്രവേശനപരീക്ഷകളിലൂടെയാണ് ഈ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എന്‍ജിനീയറിങ്ങിന് കണക്കും മെഡിസിന് സയന്‍സും നിര്‍ബന്ധമുള്ളപ്പോള്‍ ഡിസൈന്‍ പ്രവേശനപരീക്ഷയ്ക്ക് ഏത് വിഷയമെടുത്താലും മതി.

പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ മാര്‍ച്ചില്‍ എഴുതാന്‍ പോവുന്നവര്‍ക്കും വിജയിച്ച കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയും. ചിത്രംവര, കരകൗശല സാധങ്ങളുണ്ടാക്കാനോ പഠിക്കാനോ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളാണ് ഈ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നത്. പ്ലസ്ടു പരീക്ഷയുടെ ഫലമറിയുന്നതിന് മുമ്പുതന്നെ ഡിസൈന്‍ പ്രവേശന പരീക്ഷയുടെ റിസള്‍ട്ട് അറിയുന്നതുകൊണ്ട് വേഗത്തില്‍ വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഭാവിപഠനം നിര്‍ണയിക്കാനും രക്ഷിതാക്കള്‍ക്ക് കഴിയും.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി)

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ അഹമ്മദാബാദിലെ പാള്‍ഡി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിക്ക് 79 ലക്ഷം വരെ പ്രതിഫലം നല്‍കി കാംപസില്‍നിന്നും ഒരു സ്ഥാപനം നേരിട്ട് അഭിമുഖം നടത്തിക്കൊണ്ടുപോയ സംഭവംവരെ ഉണ്ടായിട്ടുണ്ട്. ഏഷ്യയിലെ ഒന്നാം റാങ്കുള്ള ഡിസൈന്‍ വിദ്യാലയമാണ് എന്‍ഐഡി. അഹമ്മദാബാദിന് പുറമെ ഭോപ്പാല്‍, ഹരിയാനയിലെ കുരുക്ഷേത്ര, ആന്ധ്രപ്രദേശിലെ വിജയവാഡ, അസമിലെ ജോര്‍ഹട്ട് തുടങ്ങിയ നഗരങ്ങളിലും എന്‍ഐഡി കേമ്പസുകളുണ്ട്. പ്രൊഡക്ട് ഡിസൈന്‍, ഗ്രാഫിക്ക് ഡിസൈന്‍, അനിമേഷന്‍ ഫിലിം ഡിസൈന്‍, സെറാമിക് ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍ എന്നീ കോഴ്സുകളാണ് എന്‍ഐഡി നടത്തുന്നത്.

ആകെ 305 സീറ്റാണ് ഇവിടെയുള്ളത്. ഒക്ടോബറിലാണ് ഈ പ്രവേശനപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നത്. പ്രവേശന പരീക്ഷ ഡിസംബറിലോ അല്ലെങ്കില്‍ ജനവരിയിലെ ആദ്യത്തെ ഞായറാഴ്ചകളിലോ ആയിരിക്കും. ഇവരില്‍നിന്നും മികച്ച മാര്‍ക്ക് വാങ്ങുന്ന കുട്ടികളില്‍നിന്നും രണ്ടാംഘട്ട പരീക്ഷയ്ക്ക് വിളിക്കും. ഈ ടെസ്റ്റില്‍കൂടി കിട്ടുന്ന മാര്‍ക്ക് പരിഗണിച്ചാണ് വിജയിക്കുന്ന വിദ്യാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ബിരുദത്തിന് ശേഷം പിജിയും ഗവേഷണവും നടത്താനുള്ള സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരും സ്വകാര്യസ്ഥാപനങ്ങളടക്കം നിരവധി സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

അഡിഡാസ്, ഫിലിപ്പ്സ്, വിപ്രൊ, അഡോബ്, ബോംബൈ ഡയിംഗ്, ഗോദ്റേജ്, ഹോണ്ട, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഐബിഎം, നോക്കിയ, സാംസങ്, ടാറ്റ, സൊമാറ്റൊ, മഹീന്ദ്ര അടക്കം നൂറ് കണക്കിന് വന്‍കിടസ്ഥാപനങ്ങളാണ് ഇവിടെനിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലികൊടുക്കാന്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും പഠിച്ച് ഇറങ്ങുന്ന മികച്ച വിദ്യാര്‍ഥികള്‍ക്ക് നല്ല പ്രതിഫലമാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. ശരാശരി പ്രതിവര്‍ഷം 30 ലക്ഷം ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ലഭിക്കും. മറ്റു പ്രവേശന പരീക്ഷയ്ക്ക് പ്ലസ്ടുവിന്റെ മാര്‍ക്കിന്റെ ശതമാനം പരിഗണിക്കുമ്പോള്‍ ഇത്തരം പരീക്ഷക്ക് കുട്ടികള്‍ പ്ലസ്ടുവോ അല്ലെങ്കില്‍ തുല്യമായ കോഴ്സോ പാസായാല്‍ മാത്രം മതിയാവും. പ്രവേശനപരീക്ഷയുടെ കേരളത്തില കേന്ദ്രം തിരുവനന്തപുരമാണ്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി)

ഡല്‍ഹി ആസ്ഥാനമായി ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍എഎഫ്ടിക്ക് കണ്ണൂരിലടക്കം 16 കാംപസുകളാണുള്ളത്. മലയാളികള്‍ക്ക് ജോലിസാധ്യതയുള്ള ഈ കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാത്തത് കാരണം കണ്ണൂരിലടക്കമുള്ള കാംപസുകളില്‍ മലയാളി പ്രാതിനിധ്യം വളരെ കുറവാണ്. 4,296 സീറ്റുകളിലേക്കാണ് എന്‍ഐഎഫ്ടി പ്രവേശനപരീക്ഷ നടത്തുന്നത്. ഒക്ടോബര്‍ ആദ്യത്തില്‍തന്നെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. ജനുവരിയിലായിരിക്കും പ്രാഥമിക പ്രവേശന പരീക്ഷ ഇതില്‍നിന്നും വിജയിക്കുന്ന വിദ്യാര്‍ഥികളെ സിറ്റുവേഷന്‍ ടെസ്റ്റിന് ക്ഷണിക്കും.

ഈ ടെസ്റ്റിലും മികച്ച സ്‌കോര്‍ വാങ്ങുന്ന വിദ്യാര്‍ഥികളായിരിക്കും പ്രവേശനത്തിനുള്ള റാങ്കിങ് ലിസ്റ്റില്‍ പ്രത്യക്ഷപ്പെടുക. നാലുവര്‍ഷത്തെ കോഴ്സില്‍ ആദ്യത്തെ വര്‍ഷം ഫൗണ്ടേഷന്‍ കോഴ്സായിരിക്കും. ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ആക്സസറി ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി എന്നീ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. കണ്ണൂരിലെ പറശ്ശിനികടവിലുള്ള കാംപസിന് പുറമെ ബംഗളൂരു, ഭോപ്പാല്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഭുവനേശ്വര്‍, ചെന്നൈ, ജോധ്പൂര്‍, കാങ്ക്ര, കൊല്‍കൊത്ത, പാട്ന, റായ്ബറേലി, മുംബൈ, ന്യൂഡല്‍ഹി ഷില്ലോങ്, ശ്രീനഗര്‍ എന്നീ നഗരങ്ങളിലാണുള്ളത്.

കണ്ണൂരിലും കൊച്ചിയിലുമാണ് പ്രവേശനപരീക്ഷ നടത്തുന്നത്. പ്രവേശനപരീക്ഷയിലെ ഏറ്റവും മികച്ച വിജയം കൈവരിച്ച കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാംപസ് ഡല്‍ഹിയും മുംബൈയുമാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 20 ലക്ഷം വരെ വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറുണ്ട്. റെയ്മണ്ട്, റിലയന്‍സ്, ചെന്നൈ സില്‍ക്സ്, ട്രിഡന്റ്, എച്ച് ആന്റ് എം, ഡി മാര്‍ട്ട് അടക്കമുള്ള 352 സ്ഥാപനങ്ങളാണ് ഇവിടെ നിന്നും വിദ്യാര്‍ഥികളെ ജോലിക്ക് കിട്ടാന്‍ വേണ്ടി കഴിഞ്ഞവര്‍ഷങ്ങളില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

മുംബൈ ഐഐടിയുടെ യുസീഡ്

അണ്ടര്‍ഗ്രാജുവേറ്റ് കോമണ്‍ എന്‍ഡ്രന്‍സ് എക്സാം ഫൊര്‍ ഡിസൈന്‍ എന്നറിയപ്പെടുന്ന യുസീഡ് പ്രവേശന പരീക്ഷ വിജയിച്ച് റാങ്കിങ് പട്ടികയില്‍ ഇടംനേടിയാല്‍തന്നെ നേരിട്ട് പ്രവേശനം ലഭിക്കും. മറ്റു ഡിസൈന്‍ പ്രവേശനപരീക്ഷ പോലെ രണ്ടാംഘട്ട പരീക്ഷയില്ല എന്നുള്ളത് യൂസീഡിന്റെ മാത്രം പ്രത്യേകതയാണ്. മുംബൈയിലെ പവായിലുള്ള ഐഐടി കാംപസില്‍തന്നെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍ (ഐഡിസി) ആണ് ഈ പ്രവേശനപരീക്ഷ നടത്തുന്നത്.

ഒക്ടോബര്‍ ആദ്യത്തില്‍തന്നെ ഈ പ്രവേശനപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇറങ്ങും ജനുവരിയിലായിരിക്കും പ്രവേശനപരീക്ഷ. ഒറ്റപ്പരീക്ഷയില്‍ കുട്ടികളെ തിരഞ്ഞെടുക്കുന്നത് കൊണ്ടുതന്നെ പരീക്ഷ മറ്റു ഡിസൈന്‍ പ്രവേശന പരീക്ഷകളേക്കാള്‍ കുറച്ച് കട്ടിയായിരിക്കും. പരീക്ഷ വിജയിക്കുന്ന കുട്ടികളെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഐഐടി, ഗുവാഹത്തി ഐഐടി, ഹൈദരാബാദ് ഐഐടി, ജബല്‍പൂര്‍ ഐഐടി കളില്‍ പ്രവേശനം ലഭിക്കും. കൂടാതെ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഡിസൈന്‍ കോളജുകളും ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്.

കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് ഇതിന്റെ പ്രവേശനപരീക്ഷ. പരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കും. ഈ പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ടായിരിക്കും. ഡ്രോയിങ്ങിന് പുറമെ കണക്ക്, ജനറല്‍ നോളജ്, പരിസ്ഥിതി തുടങ്ങിയ വിഷങ്ങളും ചോദ്യങ്ങളില്‍ ഉള്‍പ്പെടും. 144 സീറ്റിലാണ് ഈ പ്രവേശന പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഡിസൈന്‍ കോഴ്സുകളാണ് ഇവിടെയുള്ളത്. ഇവിടെനിന്നും അഞ്ചുവര്‍ഷം കൊണ്ട് ഇന്റഗ്രേറ്റഡ് M.Dse എന്ന പേരില്‍ അറിയപ്പെടുന്ന ബിരുദാനന്തര ബിരുദവും കരസ്ഥമാക്കാന്‍ കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും അറിയാന്‍ ബന്ധപ്പെടുക. വാട്‌സ് ആപ്പ് നമ്പര്‍: 8281800005 

Tags:    

Similar News