തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) ആദ്യ റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളപ്പിറവി ദിനത്തില്‍ ആദ്യത്തെ നിയമന ശുപാര്‍ശ നല്‍കാനാണ് പിഎസ്‌സി തീരുമാനം. ഒരു വര്‍ഷമാണ് റാങ്ക് പട്ടികയുടെ കാലാവധി. 105 ഒഴിവാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബറില്‍ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കും. മൂന്നുവിഭാഗത്തിലായി 582 പേരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
നേരിട്ട് നിയമനമുള്ള ഒന്നാം കാറ്റഗറിയില്‍ 197 പേരാണ് ഇടംപിടിച്ചത്. ഇതില്‍ 68 പേര്‍ മെയിന്‍ ലിസ്റ്റിലും 129 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലുമാണുള്ളത്. ഗസറ്റഡ് ഓഫിസര്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രണ്ടാം കാറ്റഗറിയില്‍ 189 പേരുടെയും (മെയിന്‍ ലിസ്റ്റ്-70, സപ്ലിമെന്ററി-119) ഗസറ്റഡ് ഓഫിസര്‍മാര്‍ക്കുള്ള മൂന്നാം കാറ്റഗറിയില്‍ 196 പേരുടെയും (മെയിന്‍ ലിസ്റ്റ്- 71, സപ്ലിമെന്ററി-125) പട്ടികയാണ് അഭിമുഖത്തിനായി പിഎസ്‌സി പ്രസിദ്ധീകരിച്ചത്.