കണ്ണൂര്‍: ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. മറ്റേതെങ്കിലും ഇനത്തില്‍ പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ജാതി, വരുമാനം എന്നിവ പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരമ്പരാഗതമായി ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്ലെങ്കില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നും, കുട്ടികള്‍ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകരില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഒരു രക്ഷിതാവിന്റെ ഒന്നിലധികം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഒരു അപേക്ഷാ ഫോറം മതിയാവും. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുവരുന്ന കുട്ടികള്‍ തുടര്‍ന്ന് പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസ്, ജില്ലാ പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ സപ്തംബര്‍ 25ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
Pre-Metric scholarships: apply now