' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ': സാഹിത്യം പഠിച്ച് ചിത്രകാരിയായ ഷബ്‌ന സുമയ്യ പറയുന്നു
'അവനവന്റെ അനുഭൂതികള്‍ വരച്ചിടുന്നതിനൊപ്പം ചുറ്റുമുള്ള മനുഷ്യര്‍ക്കൊപ്പം നിറങ്ങള്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം'
രൂപഘടനയെക്കാളേറെ വര്‍ണങ്ങളുടെ വിന്യാസം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ചിത്രകാരിയാണ് ഷബ്‌ന സുമയ്യ. ഒരു ക്ലാസിലും പോയി ചിത്രകല പഠിക്കാതെ സ്വയം വരച്ചാണ് ഷബ്‌നയുടെ തുടക്കം. ചുറ്റുമുള്ള മനുഷ്യര്‍ക്കൊപ്പം നിറങ്ങള്‍ കൊണ്ട് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നതാണ് ഷബ്‌നയുടെ ജീവിതവും ചിത്രങ്ങളും. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എല്ലാവരോടും സംവദിക്കാനുള്ള മാധ്യമമാണ് അവര്‍ക്ക് ചിത്രരചന. യൂട്യൂബിലെ ചിത്രരചനാ പാഠങ്ങള്‍ കണ്ട് വരച്ചു തുടങ്ങിയ ഷബ്‌ന ഇന്ന് അറിയപ്പെടുന്ന ചിത്രകാരിയാണ്. അവരുടെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി വരക്കാറുള്ള പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് കൂടിയാണ് ഷബ്‌ന സുമയ്യ. 17ാം വയസ്സില്‍ ബ്ലോഗ് എഴുത്തിലൂടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു തുടങ്ങിയ ഷബ്‌ന സുമയ്യ എഴുത്തുകാരിയുമാണ്, ' കനല്‍ കുപ്പായം' എന്ന കവിതാ സമാഹാരം പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ചിത്രകലയുടെ ലോകത്തേക്ക് എത്തിയതു സംബന്ധിച്ചും കാഴ്ച്ചപ്പാടുകളെ കുറിച്ചും ഷബ്‌ന പറയുന്നത് ഇങ്ങിനെയാണ്.
'ചിത്രകല പഠിച്ചിട്ടില്ല. ലിറ്ററേചറാണ് പഠിച്ചത്. പക്ഷേ സാഹചര്യങ്ങള്‍ കൊണ്ട് ആഗ്രഹിച്ച വഴി പോകാന്‍ സാധിച്ചില്ല. അങ്ങനെ ഒരിക്കല്‍ യൂട്യൂബ് നോക്കി വരക്കാന്‍ തുടങ്ങി. കൗതുകത്തിന്റെ പേരില്‍ തുടങ്ങിയതാണ് ഇത്. പക്ഷേ തുടങ്ങിയപ്പോള്‍ വര ഗൗരവമായി എന്നെ ബാധിച്ചു. പിന്നെ പരിചയത്തിലുള്ള പല ആര്‍ട്ടിസ്റ്റുകളോടും സംശയങ്ങള്‍ ചോദിച്ചു പഠിച്ചുകൊണ്ടിരുന്നു. പിന്നെ ഇതായി ജീവിതം.
അവനവന്റെ അനുഭൂതികള്‍ വരച്ചിടുന്നതിനൊപ്പം ചുറ്റുമുള്ള മനുഷ്യര്‍ക്കൊപ്പം നിറങ്ങള്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അതിനായി കഴിയുന്നത്ര ശ്രമിക്കാറുമുണ്ട്. സ്ത്രീ ജീവിതം തന്നെയാണ് അധികവും വിഷയമായി വരാറുള്ളത്. കുട്ടികള്‍ക്കേല്‍ക്കുന്ന മുറിവുകളും, യുദ്ധങ്ങളും, എല്ലാത്തരം ഫാഷിസവും ഉറക്കം കെടുത്താറുണ്ട്. അത് ചിത്രങ്ങളാവാറുമുണ്ട്. ലാന്‍ഡ്‌സ്‌കെപ്പ് ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമാണെങ്കിലും അതിലുമപ്പുറത്തേക്ക് നിറങ്ങള്‍ക്കൊപ്പം നടക്കണം എന്നതാണ് ആഗ്രഹം. യാഥാര്‍ഥ്യത്തിന്റെ നിറങ്ങള്‍ക്കൊപ്പം സ്വപ്നങ്ങളുടെ സ്പര്‍ശം കൂടെ എല്ലാ ചിത്രങ്ങളിലും അറിയാതെ തന്നെ വന്നു പോവാറുണ്ട്. ഒരേയൊരു ചിത്രം കൊണ്ട് തന്നെ ഒന്നിലധികം സംവാദങ്ങള്‍ ഉണ്ടാകണമെന്നാണ് പ്രതീക്ഷ. എഴുത്ത് കൂടെയുണ്ടായിരുന്നുവെങ്കിലും എഴുത്തുകള്‍ ആ ഭാഷയുടെ മാത്രം പരിമിതികള്‍ക്കുള്ളില്‍ തന്നെ നില്‍ക്കേണ്ടി വന്നേക്കാം.പക്ഷേ ചിത്രങ്ങള്‍ അങ്ങനെയല്ലെന്നാണ് എന്റെ അനുഭവം. അതുകൊണ്ട് ഉരുവപ്പെടുന്ന കവിതളൊക്കെയാണ് ചിത്രങ്ങളായാണ് രൂപമാറ്റം പ്രാപിക്കാറുള്ളത്.
ഡിജിറ്റല്‍ ചിത്ര രചനയിലാണ് തുടക്കം. 2014ല്‍ ആയിരുന്നു അത്. പിന്നീട് അത് പേപ്പറിലേക്ക് മാറി. വാട്ടര്‍ കളറിലാണ് ആദ്യമൊക്കെ ചെയ്തിരുന്നത്. പിന്നെ അക്രിലിക്കും ഓയിലും ഒക്കെ ചെയ്യുന്നുണ്ട്. കൂടുതലും അക്രിലിക്കിലാണ് വരക്കാറുള്ളത്. ഡിജിറ്റല്‍ പെയിന്റിംഗും കൂടെത്തന്നെയുണ്ട്. തുടക്കത്തില്‍ പിന്തുണയില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. പക്ഷേ അതിനെ അതിജീവിച്ചിട്ടുണ്ട്.വരയോടുള്ള തീവ്രമായ സ്‌നേഹം ആദ്യമുണ്ടായ എതിര്‍പ്പുകളെ മയപ്പെടുത്തുകയും ചുറ്റുമുള്ളവര്‍ ഒപ്പം നില്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നെ ജീവിതത്തിലേക്ക് കടന്നു വന്ന പങ്കാളിയും ഇതേ മേഖലയില്‍ നിന്ന് തന്നെയുള്ള ആളാണ്. ഭര്‍ത്താവ് ഫൈസല്‍ ഹസൈനാര്‍ ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം ഇവക്കെല്ലാം പിന്തുണയുമായി കുട്ടിനുണ്ട്. എന്നിരുന്നാലും ഇത് സമൂഹം അംഗീകരിക്കുന്ന പ്രൊഫഷന്‍ ആയി മാറുന്നതേ ഉള്ളൂ. ഇനിയുമെറെ പ്രതിസന്ധികള്‍ ഉണ്ടാവും.പക്ഷേ പ്രതിസന്ധികളുടെ വെയിലില്‍ നിന്ന് തന്നെയാണ് വര്‍ണ്ണങ്ങള്‍ ഉണ്ടാവുന്നത്.
ഇതുവരെ മൂന്ന് എക്‌സിബിഷനുകള്‍ നടന്നു. ദൂരങ്ങളിലേക്ക് ചെന്ന് അവിടെയും ചിത്രങ്ങള്‍ കൊണ്ട് മനുഷ്യരോട് സംവദിക്കണമെന്നാണ് ആഗ്രഹം. കേരളത്തിനു പുറത്തൊരു എക്‌സിബിഷനാണ് ഇപ്പോഴുള്ള പ്ലാന്‍. മനുഷ്യരോട് സംസാരിച്ചു സംവദിക്കാനുള്ള കഴിവ് വളരെ കുറവാണ് എനിക്ക്. അതുകൊണ്ടാണ് ചിത്രങ്ങള്‍ സംസാരിക്കണമെന്ന് ഞാന്‍ ആശിക്കുന്നതും ശ്രമിക്കുന്നതും. പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. പെയിന്റിംഗ് ക്‌ളാസുകളും വര്‍ക്ക്‌ഷോപ്പുകളും ഒപ്പം തുടരുന്നുണ്ട്.