ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

Update: 2023-07-07 04:03 GMT

മലപ്പുറം: കേരളത്തെയും മലയാളി ജീവിതങ്ങളെയും അതിമനോഹരമായി കാന്‍വാസില്‍ പകര്‍ത്തിയ പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്. കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റും കോറിയിട്ട ചിത്രങ്ങള്‍ കണ്ട് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ആര്‍ട്‌സ് കോളജിലെത്തിച്ചത്. 1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നതോടെയാണ് നമ്പൂതിരി അറിയപ്പെടുന്നത്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ നന്ബൂതിരിയുടെ വര പ്രസിദ്ധീകരിച്ചിട്ടുണ്ട്. തകഴി, വികെഎന്‍, എംടി, ബഷീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യന്‍ കഥകള്‍ക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങള്‍ പ്രശസ്തമാണ്. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. വരയും പെയിന്റിങ്ങും ശില്‍പ്പവിദ്യയും കലാസംവിധാനവും ഉള്‍പ്പെടെ എല്ലാ മേഖലകളിലെല്ലാം ശോഭിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ 'വരയുടെ പരമശിവന്‍' എന്നാണ് വികെഎന്‍ വിശേഷിപ്പിച്ചിരുന്നത്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. രാജാ രവിവര്‍മ്മാ പുരസ്‌കാരം, കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇദ്ദേഹം കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനത് ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സര്‍ഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓര്‍മ്മിക്കുന്നതും ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നല്‍കിയ മുഖഛായകളിലൂടെയാണ്. രേഖാചിത്രകാരനായും പെയിന്ററായും ശില്‍പിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സില്‍ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു




Tags:    

Similar News