കാഴ്ചകളുടെ ജൂബിലി ഉത്സവത്തിന് ബുധനാഴ്ച കൊടിയേറ്റം, മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകള്‍ക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. എംഎല്‍എ മാരായ വി കെ പ്രശാന്ത്,എം മുകേഷ്,ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍ ടി കെ രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ചടങ്ങില്‍ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീന്‍ലുക്ഗൊദാര്‍ദിനു വേണ്ടിമുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിനു ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാലാണിത്. തുടര്‍ന്ന് ജിപി രാമചന്ദ്രന്‍ രചിച്ച ഗൊദാര്‍ദ് പലയാത്രകള്‍ എന്ന പുസ്തകം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാറിന് നല്‍കിയും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ കിലേ ചെയര്‍മാന്‍ വി ശിവന്‍കുട്ടിക്കു നല്‍കിയും പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്രഅക്കാഡമി ചെയര്‍മാന്‍ കമല്‍,വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍,സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.