രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍
മലയാളത്തില്‍ നിന്ന് ചുരുളിയും ഹാസ്യവും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങള്‍. ബ്രസീല്‍,ഫ്രാന്‍സ്,ഇറാന്‍ തുടങ്ങിയ പത്തു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദര്‍ശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇന്‍ഡിഗറിന്റെ ക്രോണിക്കിള്‍ ഓഫ് സ്‌പേസ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.
ലിജോ ജോസ് പെല്ലിശേരിയുടെചുരുളി,ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസോള്‍ഫന്റെ ദെയര്‍ ഈസ് നോ ഈവിള്‍ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയല്‍ ബട്ട് എ റെക്‌സ്‌റേഷന്‍ എന്ന ഇറ്റാലിയന്‍ സിനിമയും മത്സരത്തിനുണ്ട്.ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫഌവഴ്‌സ്, ഹിലാല്‍ ബൈഡ്രോവിന്റെ ഇന്‍ ബിറ്റ്‌വീന്‍ ഡൈയിങ്, ബ്രസീലിയന്‍ സംവിധയകാന്‍ ജോന്‍ പൗലോ മിറാന്‍ഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയന്‍ ചിത്രം ഡസ്റ്ററോ,ഫ്രഞ്ച് ചിത്രം ബൈലീസവാര്‍, ബേര്‍ഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങള്‍.