മനുഷ്യന്റെ സ്വത്വവും സഹജമായ വഴിയും നിര്‍വചിക്കുന്ന 'മിര്‍ദാദിന്റെ പുസ്തകം'
സാമ്പ്രദായിക ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് നഈമിയുടെ രചന. ചിലപ്പോള്‍ വാക്കുകള്‍ നെരൂദയുടേത് പോലെ കനലുകളാവും. ചിലപ്പോള്‍ റൂമിയുടേത് പോലെ മഞ്ഞോളം തണുക്കും. ഇബ്‌നു അറബിയുടെ അസ്തിത്വത്തിന്റെ ഏകത്വം (വഹ്ദത്തുല്‍ വുജൂദ്) എന്ന ചിന്തയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് മിര്‍ദാദിന്റെ വാചകങ്ങള്‍.
യാസിര്‍ അമീന്‍
കോഴിക്കോട്: തത്വശാസ്ത്രത്തിലും മിസ്റ്റിസിസത്തിലും 'ഞാന്‍ ആര്' എന്ന ചോദ്യത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. റാഷനലിസ്റ്റ് ചിന്തകനായ ഡെക്കാര്‍തെ ചിന്തയുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ സ്വത്വത്തിന് നിര്‍വചനം നല്‍കുന്നുണ്ട്. അനല്‍ ഹഖ് (ഞാന്‍ തന്നെയാണ് ആ സത്യം) എന്ന് പ്രഖ്യാപിച്ച് സ്വത്വമെന്ന സമസ്യ മറികടക്കാന്‍ മിസ്റ്റിക് മന്‍സൂര്‍ അല്‍ ഹല്ലാജ് ശ്രമിക്കുന്നുണ്ട്. ഈ രണ്ടു ചിന്തകളില്‍നിന്ന് (ഒന്ന് തത്വശാസ്ത്രമാണ് മറ്റൊന്ന് മിസ്റ്റിസിസമാണ്) മനുഷ്യന്റെ സ്വത്വവും സഹജമായ വഴിയും നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ് മീഖായേല്‍ നഈമി തന്റെ ക്ലാസിക്ക് ഗ്രന്ഥമായ 'മിര്‍ദാദിന്റെ പുസ്തക' ത്തിലൂടെ.
ഖലീല്‍ ജിബ്രാന്റെ ആത്മമിത്രമായ നഈമി, സൂഫിസത്തോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്. ജിബ്രാന്റെ പ്രവാചകന്‍ എന്ന കൃതിയിലെ മുസ്തഫയോളം ശക്തനാണ് നഈമിയുടെ മിര്‍ദാദ്. മഹാപ്രളയത്തിനുശേഷം നോഹ, പേടകം എന്ന് വിളിക്കപ്പെടുന്ന ഒരു ദേവാലയം നിര്‍മിക്കാന്‍ മകന്‍ സാമിന് നിര്‍ദേശം നല്‍കുന്നു. പിതാവിന്റെ നിര്‍ദേശപ്രകാരം സാം അണയാത്തൊരു ദീപത്തോടുകൂടി ദേവാലയം പണികഴിപ്പിക്കുകയും മുഖ്യപുരോഹിതനടക്കം ഒമ്പതുപേരടങ്ങുന്ന ഒരു അധ്യാത്മികകൂട്ടത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്നു. കാലാന്തരം, മുഖ്യപുരോഹിതന്റെ അഹന്തയും അഹങ്കാരവും അല്‍ത്താരയില്‍ പുളയ്ക്കുമ്പോഴാണ് മിര്‍ദാദ് അവതരിക്കപ്പെടുന്നത്.
സാമ്പ്രദായിക ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് നഈമിയുടെ രചന. ചിലപ്പോള്‍ വാക്കുകള്‍ നെരൂദയുടേത് പോലെ കനലുകളാവും. ചിലപ്പോള്‍ റൂമിയുടേത് പോലെ മഞ്ഞോളം തണുക്കും. ഇബ്‌നു അറബിയുടെ അസ്തിത്വത്തിന്റെ ഏകത്വം (വഹ്ദത്തുല്‍ വുജൂദ്) എന്ന ചിന്തയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് മിര്‍ദാദിന്റെ വാചകങ്ങള്‍.
മനുഷ്യനിലെ ദൈവികതയാണ് മിര്‍ദാദ് എന്ന അവധൂതന്‍ വെളിപ്പെടുത്തുന്നത്. വസ്ത്രം ധരിച്ച ദൈവമാണ് മനുഷ്യനെന്നാണ് അവന്‍ നമ്മെ പഠിപ്പിക്കുന്നത്. ഞാന്‍ എന്ന വാക്കിനെ വിവരിക്കാന്‍ ഒരു അധ്യായംതന്നെ മാറ്റിവച്ചിട്ടുണ്ട് നഈമി. നിങ്ങളിലെ അന്തര്‍ബോധം എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും നിങ്ങളിലെ 'ഞാന്‍'. നിങ്ങളിലെ 'ഞാന്‍' എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും നിങ്ങളുടെ ലോകവുമെന്നാണ് മിര്‍ദാദ് പറയുന്നത്. ഈ വാക്കുകള്‍ ഒരേസമയം തത്വശാസ്ത്രവും മിസ്റ്റിസിസവുമാണ്. ഒരു പാലത്തിന്റെ ഇരുകരകള്‍ പോലെ. അവ രണ്ടും പരസ്പരപൂരകങ്ങളാണ്. ഒരു കരയില്ലെങ്കില്‍ മറുകരയുമില്ല. പക്ഷേ, അത് തിരിച്ചറിയപ്പെടുന്നുമില്ല. വൃക്ഷത്തിന്റെ വിത്തിനുള്ളില്‍ വൃക്ഷംതന്നെയുള്ളതുപോലെ മനുഷ്യനില്‍ ദൈവം അന്തര്‍ലീനമാണെന്നാണ് മിര്‍ദാദിന്റെ മതം.
അറബ് സാഹിത്യത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെങ്കിലും അറബ് ഭാഷയില്‍ നോവല്‍, കഥ, ലേഖനം തുടങ്ങിയ സാഹിത്യരൂപങ്ങളുടെ വികാസത്തിന് അറുപതോ എഴുപതോ വര്‍ഷങ്ങളുടെ പഴക്കം മാത്രമേയുള്ളൂ. മീഖായേല്‍ നഈമിയുടെതാണ് ലബ്‌നനിലെ ആദ്യ ചെറുകഥാ സമാഹാരം. റഷ്യയില്‍നിന്നാണ് നഈമി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അമേരിക്കയിലെ വാഷിങ് ടണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നും നിയമത്തിലും കലയിലും ബിരുദം നേടി. ഖലീല്‍ ജിബ്രാന്‍ പ്രസിഡന്റും നഈമി സെക്രട്ടറിയുമായിരുന്ന തൂലികക്കൂട്ടായ്മയിലെ (റാബിത്ത കലമ) മുര്‍ച്ചയുള്ള എഴുത്തുകാരനായിരുന്നു നഈമി.
ജിബ്രാന്റെ പ്രശസ്തിയുടെ വെളിച്ചത്തില്‍ നഈമിയെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. 16 വര്‍ഷക്കാലം നഈമിയുടെ ഉറ്റസുഹൃത്തും കുട്ടാളിയുമായിരുന്നു ജിബ്രാന്‍. 1932ല്‍ ജന്‍മരാജ്യമായ ലബ്‌നാനില്‍ തിരിച്ചെത്തിയ നഈമി മരണംവരെ ഒരുതരം ഏകാന്തജീവിതമായിരുന്നു നയിച്ചിരുന്നത്. എഴുത്തും സാഹിത്യചിന്തകളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പറഞ്ഞതും പറയാനുള്ളതുമായ വാക്കുകള്‍ക്ക് കാവലിരുന്ന് ധര്‍മാധര്‍മ ബോധത്തിന്റെ തീച്ചൂളയില്‍കിടന്ന് സ്വത്വം മങ്ങി മങ്ങി കാലുഷ്യം മാത്രമായി മാറുമ്പോഴാണ് മിര്‍ദാദിന്റെ പുസ്തകം വെളിച്ചമാവുക. ഈ പുസ്തകത്തെക്കുറിച്ച് ഓഷോ പറഞ്ഞതുപോലെ, ഇതിലെ വാക്കുകള്‍ സൂചകപദങ്ങളാണ്. അവയുടെ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ തിരയേണ്ട. നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും പതിക്കുമ്പോഴാണ് അവയ്ക്ക് അര്‍ഥമുണ്ടാവുന്നത്.
(മിഖായേല്‍ നഈമി)