'വായിക്കുക, ചകിതരാവുക'; ഗുജറാത്ത് വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍...
2002 ലെ ഗുജറാത്ത് വംശഹത്യയുടെ അതിക്രൂരമായ അനുഭവമാണ് 'വായിക്കുക, ചകിതരാവുക' എന്ന തെഹല്‍കയുടെ റിപോര്‍ട്ട്. ഫാഷിസത്തിന്റെ മൂര്‍ച്ചകൂടിയ വാള്‍ത്തലപ്പുകളും, മനുഷ്യത്വവും മനസ്സാക്ഷിയും നഷ്ടപ്പെട്ട വംശവെറിയുടെ അട്ടഹാസവും അക്രമികളുടെ മൊഴികളില്‍നിന്ന് അക്ഷരങ്ങളായി തെഹല്‍ക സ്റ്റിങ് ഓപറേഷനിലൂടെ പകര്‍ത്തിയ പേടിപ്പെടുത്തുന്ന മുന്നറിയിപ്പാണ്, ഈ കാലത്തെ അനിവാര്യ വായനയാണ് തേജസ് പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പുസ്തക രൂപത്തില്‍ പുനപ്രസിദ്ധീകരിച്ച റിപോര്‍ട്ട്.
ഗാന്ധിജിയുടെ നാട്ടില്‍ പ്രബുദ്ധമായ ഒരു ജനതയുടെ, ഇന്നലെകളില്‍നിന്ന് പഞ്ചപാവങ്ങളായിരുന്ന ഗുജറാത്തികള്‍ ഫാഷിസത്തിന്റെയും മത വൈരത്തിന്റെയും തീവ്രലഹരിയില്‍ ദംഷ്ട്രങ്ങള്‍ ഉള്ള, നീണ്ട നാക്കുള്ള രക്ത ദാഹികളായി മാറിയ സന്ദര്‍ഭ നിര്‍മിതി നമുക്ക് ചുറ്റും നിഴല്‍ വിരിക്കുന്ന ഭീതിതമായ കാലത്ത് മുന്നറിയിപ്പുമാണ്.
അക്രമികള്‍ 2002ലെ കൂട്ടക്കൊലകള്‍ ആവേശത്തോടെ ഓര്‍ക്കുന്നു. തെഹല്‍കയുടെ ഈ സ്റ്റിങ് ഓപറേഷന്‍ നമ്മോട് പറയുന്നത് ജനാധിപത്യത്തിന്റെ കള്ള അറകളില്‍ ഫാഷിസം ഇരകള്‍ക്കായി കാത്തിരിക്കുന്നു എന്നാണ്. ആശിഷ് ഖേതനോട് സംസാരിക്കുമ്പോള്‍ അക്രമികളുടെ മുഖത്ത് സംതൃപ്തിയുടെ അശ്ലീല പുഞ്ചിരിയുണ്ട്.
തെഹല്‍ക റിപോര്‍ട്ടര്‍ ആശിഷ് ഖേതന്‍ വംശഹത്യയുടെ രക്തം ഘനീഭവിച്ച വഴികളിലൂടെ രക്തക്കറ പുരണ്ട കൊലയാളികളുടെ അനുഭവങ്ങളെ പകര്‍ത്തുകയും ഭരണകൂടവും സംഘപരിവാര്‍ ഭീകരതയും സുരക്ഷാപോലിസ് അധികാര സംവിധാനങ്ങളും ഉള്‍ച്ചേര്‍ന്ന ദിവസങ്ങളില്‍ മനുഷ്യന്‍ നിസ്സഹായനായി എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
എല്ലാവിധ മുഖംമൂടികളെയും വലിച്ചുകീറി നമ്മിലുള്ള മൃഗത്തെ നമുക്ക് കാണിച്ചുതരുന്നുണ്ട് ഈ പുസ്തകം. കലാപാനന്തരം 5 വര്‍ഷം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നാം സാക്ഷിയായി. ഇരകള്‍, സര്‍ക്കാര്‍, പോലിസ്, കോടതികള്‍, പൗരാവകാശ പ്രസ്ഥാനങ്ങള്‍ ഇവര്‍ക്കെല്ലാം പറയാനുള്ളത് നാം കേട്ടു. എന്നാല്‍, കൊല നടത്തിയവരില്‍നിന്ന് തന്നെ ആ കഥകള്‍ നേരിട്ടറിയുകയാണ്. ഗര്‍ഭാശയത്തിനകത്ത് നിന്ന് പുറത്തിട്ട ഭ്രൂണത്തെക്കുറിച്ച്, ഇഹ്‌സാന്‍ ജഫ്‌റി എംപിയുടെ കൈ കാലുകളും ശരീരവും തുണ്ടം തുണ്ടമാക്കിയതിനെക്കുറിച്ച്, സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് വെട്ടിനുറുക്കി കത്തിച്ചതിനെക്കുറിച്ച് ഇരകള്‍ക്കെതിരേ തിരിഞ്ഞ നിയമപാലകരെക്കുറിച്ച് നാം നേരിട്ടറിയുകയാണ്.
ഈ സന്ദര്‍ഭത്തിലും മന്‍മോഹന്‍സിങ്‌സോണിയാഗാന്ധി തുടങ്ങി മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തിയ കുറ്റകരമായ നിസ്സംഗതയെക്കുറിച്ച് നാം വിചാരപ്പെടുകയാണ്.
page 12
'ആസൂത്രകരും കലാപകാരികളും' എന്ന ചുരുക്കെഴുത്തില്‍ എല്ലാമുണ്ട്. ഹിന്ദുത്വ സംഘടനകളായ വിഎച്ച്പി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍, കിസാന്‍ സംഘ്, എബിവിപി, ബിജെപി സംഘങ്ങളില്‍ സ്വയം സമര്‍പ്പിത സേവകരുടെ പ്രത്യേക കൊലയാളി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടായിരുന്നു.
ബാബു ബജ്‌റംഗിയുടെ മൊഴി ഇങ്ങനെ!
ആളുകളെ പിന്‍തുടര്‍ന്ന് വന്‍കുഴിക്ക് നേരെ ഓടിച്ചു
വളഞ്ഞ് കുഴിയില്‍ വീഴ്ത്തി
എല്ലാറ്റിനെയും കൊന്നുതള്ളി
രാജേന്ദ്ര വ്യാസ് പറഞ്ഞത് ഇപ്രകാരമാണ്...
അവര്‍ എപ്രകാരമാണ്
അവരെ വെട്ടിക്കീറിയത്
എന്ന് കേട്ടപ്പോള്‍
നരേന്ദ്ര മോദി ഭായ്
ചിരിക്കാന്‍ തുടങ്ങി
അദ്ദേഹമാണ് ഈ ഭാഗത്തെ മുസ് ലിംകളെ ........
വാക്കുകളെ, അനുഭവങ്ങളെ
നമുക്ക് പൂര്‍ത്തിയാക്കാന്‍ ആവില്ല.
കൊടും കുറ്റവാളികളുടെ കൊലയാളി കലാപ അനുഭവങ്ങളും അതിന്റെ രാഷ്ട്രീയവുമാണ് ഈ കൃതി പങ്കുവയ്ക്കുന്നത്. നരേന്ദ മോദി എത്രമേല്‍ ഭീകരമാണെന്നു ബാബു ബജ്‌റംഗിയുടെ മൊഴി സാക്ഷ്യം ബോധ്യപ്പെടുത്തും. കലാപം സമ്പന്നമാക്കിയ ക്രിമിനലുകളുടെ അകത്തെ പിശാചുക്കള്‍ നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാനത്തിന്റെ ഉത്തരവാദിത്തമാണ് മോദി നയിക്കുന്ന സംവിധാനങ്ങള്‍ തീര്‍ക്കുന്ന ഭീകരമായ ഭാവിയെ കുറിച്ച ആശങ്കകള്‍. ഉന്നം വയ്ക്കപ്പെടുന്ന ജനത അതിജീവന വഴികള്‍ നിര്‍മ്മിച്ചെടുക്കാന്‍ ചരിത്ര വര്‍ത്തമാനങ്ങളെ സൂക്ഷ്മമായി അറിയേണ്ടതുണ്ട്.
വെറുപ്പിന്റെ ആത്മാക്കള്‍ സൃഷ്ട്ടിക്കുന്ന കൊടും ക്രൂരന്‍മാരെ വാര്‍ത്തെടുക്കുന്ന രീതിയും അനുഭവവും തിരിച്ചറിയേണ്ടതുണ്ട്. കോല, കൊള്ള, ബലാല്‍സംഗം, ചുട്ടെരിക്കപ്പെടുന്ന പ്രദേശങ്ങള്‍, കീഴടക്കുന്ന ക്രൂരന്മാര്‍ക്ക് വേണ്ടി ജഡ്ജിമാരെ മാറ്റുന്ന ദാര്‍ഷ്ട്യം ഇതൊക്കെയും സത്യമായിരിക്കെ ജനാധിപത്യവും മാനവികതയും ഫാഷിസത്തെ ജയിക്കാന്‍ ഇനി എന്താവണം എങ്ങനെയാവണമെന്ന ഉള്ളുലയ്ക്കുന്ന ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം. ജനാധിപത്യം വായിച്ചിരിക്കേണ്ട, വായിച്ചറിയേണ്ട കൊലയാളികളുടെ മനസ്സും നിലപാടും കൂടിയാണിത്. 165 പേജുള്ള പുസ്തകത്തിന് 160 രൂപയാണ് വില.
തേജസ് പബ്ലിക്കേഷന്‍സ്
കോഴിക്കോട്
വില 160 രൂപ
Page 165