ഗുജറാത്ത് വംശഹത്യ: മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന്
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രണ്ടാം ഭാഗത്തുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്‌ലിം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്.
ആദ്യഭാഗത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുകയും ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. അതേസമയം, ജെഎന്‍യുവില്‍ ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാല വിലക്കി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യൂനിയന്‍ രാവിലെ യോഗം ചേര്‍ന്നേക്കും. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും പറഞ്ഞാണ് ജെഎന്‍യുവില്‍ പ്രദര്‍ശനം വിലക്കിയത്.
വിലക്ക് മറികടന്ന് പ്രദര്‍ശനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്ന് രാത്രി ഒമ്പതുമണിക്ക് വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കോളജ് യൂനിയന്‍ വിദ്യാര്‍ഥി തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സര്‍വകലാശാലയില്‍നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ പിന്‍മാറണമെന്നും ജെഎന്‍യു അധികൃതര്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാണ്. ഡോക്യുമെന്ററി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബിബിസിയും.