മുഹമ്മദ് അസദിന്റെ 'ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍' മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്നു
കോഴിക്കോട്: ഖുര്‍ആനിക ഭാഷയുടെ അര്‍ത്ഥവിജ്ഞാനീയത്തില്‍ മുഹമ്മദ് അസദിനുള്ള അഗാധമായ ഉള്‍ക്കാഴ്ചയും അസാധാരണമായ ധിഷണാവൈഭവവും മുറ്റിനില്‍ക്കുന്ന, തന്റെ ജീവിതസായാഹ്നത്തില്‍ അദ്ദേഹം രചിച്ച അത്യപൂര്‍വമായ രചനാശില്‍പം 'ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍' മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്നു. യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള തന്ത്രപ്രധാന കേന്ദ്രമായ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ തുറമുഖ പട്ടണമായ ടാന്‍ജിയറില്‍ ആയിരുന്നു 1964 മുതല്‍ 1983 വരെ മുഹമ്മദ് അസദ് താമസിച്ചിരുന്നത്. ഇവിടെ വച്ച് അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യത്തിലേര്‍പ്പെട്ടു. തന്റെ ആയുഷ്‌കാലമത്രയും നീണ്ടുനിന്ന ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആന് അകൃത്രിമമായ ഒരു സമ്പൂര്‍ണ പരിഭാഷയും വ്യാഖ്യാനവും രചിക്കുക എന്നതായിരുന്നു അത്. ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന പേരില്‍ ഷെയ്ക്‌സ്പീരിയന്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിസ്തുലമായ ഈ ഗ്രന്ഥം 1980ലാണ് ആദ്യം പുറത്തിറങ്ങിയത്. വ്യതിരിക്തത പുലര്‍ത്തുന്നതും അകൃത്രിമവുമായ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളുമാണ് ഇതിലുള്ളത്.
1920കളില്‍ ബദവികളോടൊപ്പമുള്ള, വര്‍ഷങ്ങളോളം നീണ്ടു നിന്ന ജീവിതം ഖുര്‍ആനിക ഭാഷയുടെ അര്‍ത്ഥ വിജ്ഞാനീയത്തില്‍ അഗാധമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. ഖുര്‍ആനിലെ പദാവലിയുമായി ശക്തമായ ഭാഷാബന്ധങ്ങള്‍ ഇപ്പോഴും ബദവികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ബദവികളില്‍ നിന്ന് അദ്ദേഹം സ്വായത്തമാക്കിയ ഈ വൈദഗ്ധ്യവും ആംഗലഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും ഇഴചേര്‍ന്ന മഹത്തായൊരു രചനയാണ് 'ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളും. ഒന്നാം വാല്യം ഡിജിറ്റല്‍ എഡിഷന്‍ റമദാനിലും ഹാര്‍ഡ് ബൗണ്ട് എഡിഷന്‍ താമസിയാതെയും പുറത്തിറങ്ങും. ഡിജിറ്റല്‍, ഹാര്‍ഡ് ബൗണ്ട് എഡിഷനുകളുടെ തുടര്‍ന്നുള്ള മൂന്ന് വാല്യങ്ങളും ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. ഡിജിറ്റല്‍ എഡിഷന്‍ പുറത്തിറങ്ങുന്നതോടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നടക്കം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ വായന സാധ്യമാവും.
ഷിക്കാഗോയിലെ ഈസ്റ്റ് വെസ്റ്റ് യൂനിവേഴ്‌സിറ്റി സഹസ്ഥാപകനും ഖുര്‍ആന്‍ പണ്ഡിതനുമായ സഫി കസ്‌കസ്, ബൈബിള്‍ പണ്ഡിതനായ ഡേവിഡ് ഹംഗര്‍ഫോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ഖുര്‍ആന്‍ ബൈബിള്‍ ഒരു താരതമ്യ വായന, സിയാവുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി: ഒരു മുസ് ലിം സന്ദേഹിയുടെ യാത്രകള്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ മൂന്ന് കൃതികള്‍ എന്നിവയടക്കം ഒരു ഡസനിലധികം പ്രൗഢഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ കെ സി സലീം ആണ് ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. കണ്ണൂരിലെ മെറ്റഫര്‍ പേജസ് ആണ് പ്രസാധകര്‍.