ആയിഷാ ഹാദി
ആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ പറയുന്ന ഭവര്‍ മേഘ് വന്‍ഷിയുടെ 'എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല' എന്ന പുസ്തകം അനീസ് കമ്പളക്കാടാണ് മലയാളത്തിലേക്ക് മൊഴിമാറ്റത്. മൈ ഏക് കര്‍സേവക് ഥ എന്ന പേരില്‍ ഹിന്ദിയില്‍ വെളിച്ചം കണ്ട ജീവിത പാഠങ്ങളുടെ ഓര്‍മ്മക്കുറിപ്പാണ് ഇത്. നിവേദിത മേനോന്റെ i could not be hindu എന്ന ഇംഗ്ലീഷ് മൊഴിമാറ്റത്തെ അടിസ്ഥാനമാക്കിയാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്. ആര്‍എസ്എസ്് എന്ന സാസ്‌കാരിക മുഖംമൂടിയുള്ള സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുകയും ജാതീയവും വംശീയവുമായ വിവേചനങ്ങളില്‍ മടുത്ത് പുറത്തുപോവുകയും ചെയ്ത ദലിത് കര്‍സേവകന്റെ ആത്മകഥനം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. സംഘപരിവാര ബുള്‍ഡോസറുകള്‍ ഇന്ത്യയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഇന്ത്യയിലെ മഹാജനസഞ്ചയം സവര്‍ണ ഹിന്ദുത്വ അധികാരത്തിന് ഉപാധിയും ഉപകരണവുമായി സ്വയം അടിമത്തം സ്വീകരിച്ചതിന്റെ ദുരന്ത ചരിത്രം കൂടിയാണിത്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ സാമൂഹിക നിര്‍മിതി എന്ന കാഴ്ച്ചപ്പാടിന്റെ കയ്‌പ്പേറിയ നേരനുഭവമാണ് ഭഗര്‍ മേഘ്‌വന്‍ഷി വര്‍ത്തമാന കാല ഇന്ത്യന്‍ സമൂഹത്തോട് നിര്‍വഹിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭരണത്തില്‍ ഇരിപ്പുറപ്പിച്ച സംഘപരിവാര്‍ ശക്തികള്‍ അവയുടെ തനി ആശയ അടിത്തറയില്‍ എത്രമേല്‍ ജന വിരുദ്ധമായ വംശീയതയിലാണ് ഉള്‍ചേര്‍ന്നിരിക്കുന്നത് എന്നതിന്റെ സൂക്ഷ്മമായ അനുഭവകഥനമാണ് ഈ കൃതിയെ സവിശേഷമാക്കുന്നത്.
മാരകവിഷം നിറച്ച ഈ ആശയം ഇത്രമേല്‍ സ്വീകാര്യത നേടിയത് ശക്തമായ ആസൂത്രണത്തിന്റെയും കഠിനമായ ശ്രമത്തിന്റെയും ഫലമായാണ്. പ്രാര്‍ത്ഥനാ അധികാരം പോലും നിഷേധിക്കുന്ന, മനുഷ്യകുലം എന്ന പരിഗണന പോലും ഇല്ലാത്ത ഒരു സംവിധാന നിര്‍മ്മിതിക്ക് സ്വയം ബലിയാകുന്ന ചാവേറുകളായി ഉപയോഗപ്പെടുത്തപ്പെടുന്ന ദലിതന്റെ ബോധത്തെ ഉണര്‍ത്തുന്നതിനും വീണ്ടുവിചാരം സാധ്യമാക്കുന്ന ലളിത വായനയാണ് ഈ കൃതി. മനുഷ്യവിരുദ്ധമായ ആശയങ്ങളെ പങ്കാളിത്ത ജനാധിപത്യത്തെ വംശീയ പ്രധാന പ്രാധിനിത്യത്തിലേക്ക് എങ്ങനെ വളര്‍ത്തിയെടുത്തു എന്നതിന്റെ അനുഭവവിചാരം നാം ആര്‍ജിച്ച പ്രബുദ്ധതയെ പൊളിക്കുന്ന വിചാരങ്ങള്‍ കൊണ്ട് സാന്ദ്രമാണ്. ആര്‍എസ്എസ്സിന്റെ ദലിത്‌വിരോധം പല തരത്തില്‍ നോര്‍മലൈസ് ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യയില്‍ ഗ്രാസ് റൂട്ട് ലെവലില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയതയുടെയും വെറുപ്പിന്റെയും ആഴം വ്യക്തമാക്കുന്നു ഈ പുസ്തകം.
1987ല്‍ ബാബരിരാമ ജന്മഭൂമി പ്രക്ഷോഭം ശക്തി പ്രാപിച്ചുവരുന്ന സമയം തന്റെ 13ാം വയസ്സില്‍ രാജസ്ഥാനിലെ ഗ്രാമീണ ബാലന്‍ ആര്‍എസ്എസ്സില്‍ ചേര്‍ന്നു. സ്‌കൂളിലെ ഭൂമിശാസ്ത്ര അധ്യാപകന്‍ തന്റെ കായിക പരിശീലന ക്ലാസിലുടെയാണ് അവനുള്‍പ്പെടെയുള്ള കൗമാരക്കാരെ ശാഖയിലെത്തിച്ചത്. അയിത്ത ജാതിക്കാരന്‍ ആയിട്ടുകൂടി അവന്‍ ജില്ലാ കാര്യാലയത്തിന്റെ ചുമതലയുള്ള സംഘ് കാര്യവാഹക് ആയി. കര്‍സേവാ കാലംവരെ അവന്‍ മുസ് ലിംകളെ രാജ്യത്തിന്റെ കളങ്കമായി പഠിപ്പിക്കപ്പെട്ടു. എന്നാല്‍ അവന്റെ ഗ്രാമത്തില്‍ മുസ് ലിംകള്‍ ഇല്ലായിരുന്നു. എന്നിട്ടും അവരെ വെറുത്തു. കലാപങ്ങളില്‍ പങ്കാളിയായി. ഒന്നാം കര്‍സേവയില്‍ പങ്കെടുത്തു. ജീവന്‍ ശ്രീരാമനു നല്‍കാന്‍ തയ്യാറായി ജയിലില്‍പീഠനങ്ങള്‍ അനുഭവിച്ചു. രാജ്യത്തെ സംവിധാനങ്ങള്‍ക്ക് അകത്ത് എങ്ങനെ ആര്‍എസ്എസ് ചാവേറുകള്‍ നിര്‍മിക്കപ്പെടുന്നു എന്നതിന്റെ പേടിപ്പിക്കുന്ന സാക്ഷ്യമുണ്ട് ഈ കൃതിക്ക്. മതേതരം എന്ന നാട്യത്തില്‍ ജനാധിപത്യ അധികാര രാഷ്ട്രീയം അശ്രദ്ധമായ സന്ദര്‍ഭത്തെ ആര്‍എസ്എസ് ശക്തി സ്വാധീനത വര്‍ധിപ്പിക്കാന്‍ എങ്ങനെ വിനിയോഗിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട്.
ശ്രീരാമ നാമത്തില്‍ കൊല്ലാനും ചാവാനും തയ്യാറായ അവന്റെ വീട്ടിനുമുന്നില്‍ താന്‍ ഹിന്ദു ആയതില്‍ അഭിമാനം കൊള്ളുന്നു എന്ന് ബോര്‍ഡ് വച്ചു, കര്‍സേവകര്‍ക്ക് വിരുന്നൊരുക്കി. എന്നല്‍ മേല്‍ജാതി നേതാക്കള്‍ അവന്റെ വീട്ടില്‍ അവന്‍ വിശിഷ്ഠമായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല.
അവന്‍ പൊതിഞ്ഞ് നല്‍കിയ ഭക്ഷണവും പാത്രത്തില്‍ നല്‍കിയ പായസവും അവര്‍ വഴിയില്‍ വലിച്ചെറിഞ്ഞു. കീഴാളന്റെ ഭക്ഷണം അശുദ്ധമെന്ന് ബ്രാഹ്മണ ജാതിക്കാര്‍ വിശ്വസിക്കുന്നതിനാലാണ് അവര്‍ അങ്ങനെ ചെയ്തത്. എന്തുകൊണ്ട് എന്ന ചോദ്യവും വിചാരവും സാധ്യമാകുന്നിടത്തെല്ലാം ചോദിച്ചെങ്കിലും സര്‍സംഘ് ചാലക് വരെ ഉത്തരം നല്‍കിയില്ല.
താന്‍ എന്തിന് ആര്‍എസ്എസ് ആയി? എന്താണ് ആര്‍എസ്എസില്‍ ദലിതന്റെ ഇടം? ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രത്തില്‍ ദലിതന്‍ ആരായിരിക്കും? സ്ഥാനം എന്തായിരിക്കും?. തന്റെ രക്തവും ജീവനും നല്‍കിയാല്‍ തന്റെ ശരീരം അവര്‍ തൊടുമോ. തന്റെ ജീവന്‍ സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആര്‍എസ്എസ് തന്റെ ശരീരവും സാമീപ്യവും അശുദ്ധമെന്ന് വിശ്വസിക്കുന്നു. പിന്നെ എന്തിന് എന്ന ചോദ്യം അദ്ദേഹം ദലിത് സമൂഹത്തിന് ബാക്കി നല്‍കുന്നു എന്നതാണ് ഈ കൃതിയെ പ്രസക്തമാകുന്നത്.
ദലിതന്‍ എന്ന ഒറ്റക്കാരണത്താല്‍ അവന് കാര്യവാഹക് ആകാം. എന്നാല്‍ പ്രചാരക് അവാന്‍ സാധ്യമല്ല എന്ന തിരിച്ചറിവ് ഉയര്‍ത്തിയ ചോദ്യങ്ങളാണ് അവനെ പരിവര്‍ത്തിപ്പിച്ചത്. ഈ പരിവര്‍ത്തനത്തിന്റെ പ്രകാശം പരക്കുമ്പോള്‍ പ്രസക്തമാകുന്ന കേവല കുമിളയാണ് ആര്‍എസ്എസ്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം, 1984ല്‍ രംഗപ്രവേശം ചെയ്ത ഭജ്‌റങ്ദള്‍, പിന്നാക്ക സമുദായ സമൂഹങ്ങളെ ജാഗരണം ചെയ്യുന്ന ആര്‍എസ്എസ് സംവിധാനം ആയിരുന്നു. ദലിത് കുറുമി വിഭാഗത്തിലെ വിനയ് കത്യാര്‍ ആയിരുന്നു നേതാവ്. വെറുപ്പും കൊലയും ഹിംസയും ലക്ഷ്യമാക്കി മുസ്‌ലിം ഉന്മൂലന വംശഹത്യ നടത്തുന്ന ക്രൂരതയുടെ കൂട്ടമായാണ് അവരെ വളര്‍ത്തിയത്. ആര്‍എസ്എസിന്റെ സാംസ്‌കാരിക മുഖമൂടിക്ക് പുറത്ത് പിന്നാക്ക സമൂഹങ്ങളുടെ വിയര്‍പ്പും ജീവനും ജീവിതവും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനം ഗുജറാത്തില്‍ ഉള്‍പ്പെടെ കലാപ കൊലനിലങ്ങളില്‍ അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.
ദേശഭക്തി എന്നത് അപരഹിംസ അഥവാ മുസ് ലിം ഹിംസ എന്ന ചുരുക്കത്തിലേക്ക് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ രാഷ്ട്രീയ വീക്ഷണത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ഹിംസാത്മക സമൂഹത്തെ സൃഷ്ടിക്കുകയും എന്നാല്‍ തങ്ങള്‍ക്ക് നഷ്ടമില്ലാതെ ലാഭം മാത്രം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും അതിന്റെ നടത്തിപ്പിലൂടെ രാജ്യാധികാരം കീഴടക്കാനും സാധിച്ചു. ജനാധിപത്യത്തിലെ എല്ലാ വിയോജിപ്പുകളെയും തങ്ങള്‍ക്ക് അനുകൂല പൊതുബോധമാക്കി പരിവര്‍ത്തിപ്പിക്കുകയും അവയെ ശിഥിലമാക്കി ആശ്രിത സംവിധാനങ്ങള്‍ ആക്കി ഉപയോഗിക്കാനും സാധിക്കുംവിധം സാമൂഹിക നിര്‍മിതി എങ്ങനെ സാധിച്ചു. എങ്ങനെ ഈ വിപത്തിനെ അതിജീവിക്കും എന്നതിന്റെ വഴികളും മാതൃകയും ഈ പുസ്തകം ബാക്കിവയ്ക്കുന്ന വിചാരങ്ങളാണ്. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് നാനാത്വം ആത്മാവായി അംഗീകരിക്കുന്ന സമൂഹനിര്‍മിതിയുടെ അനിവാര്യ ഉത്തരവാദിത്വം സമൂഹത്തെ ഓര്‍മിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ ജീവിതത്തിന്റെ നിയോഗ സാക്ഷ്യം കൂടിയാണ് ഈ കൃതി.
ലളിതവും ഹൃദയഹാരിയുമായ മലയാളം മൊഴിമാറ്റം പ്രശംസനീയമാണ്. 264 പേജുകളുള്ള പുസ്‌കതത്തിന് 300 രൂപയാണ് വില.
എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല
ഭവര്‍ മെഘ്വന്‍ഷി
വിവ: അനീസ് കമ്പളക്കാട്
ബുക്പ്ലസ്
300 രൂപ