മാവോവാദികളെന്നാരോപിച്ച് കൊലപ്പെടുത്തിയത് നിരായുധരായ ആദിവാസികളെ; വ്യാജ ഏറ്റുമുട്ടല്‍ നടന്ന ആ ഗ്രാമത്തിന് പറയാനുള്ളത്
നിരായുധരായ ആദിവാസികള്‍ക്ക് നേരെ 44 റൗണ്ട് വെടിയുതിര്‍ത്തിരുന്നു, മാവോവാദി വേട്ടയക്കായി രൂപീകരിച്ച കോബ്രാ സംഘത്തിലെ ഒരു കോണ്‍സ്റ്റബിള്‍ മാത്രം 18 റൗണ്ട് വെടിയുതിര്‍ത്തെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ബീജാപുര്‍: എട്ട് വര്‍ഷം മുമ്പാണ് മാവോവാദികളെന്നാരോപിച്ച് 4 കുട്ടികളെയടക്കം എട്ട് ആദിവാസികളെ സുരക്ഷാ സൈന്യം വെടിവച്ച് കൊന്നത്. ഛത്തീസ്ഗഡിലെ ബീജാപുര്‍ ജില്ലയിലെ എദസ്‌മെട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് സംസ്ഥാന മന്ത്രിസഭക്ക് മുമ്പാകെ വന്നത്. ജസ്റ്റിസ് വി കെ അഗര്‍വാളിന്റെ ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ടില്‍ നടന്ന വ്യാജ എറ്റുമുട്ടല്‍ 'വീഴ്ച്ചയാണ്' എന്ന വിശേഷണമാണ് മൂന്നിടത്ത് നല്‍കിയിരിക്കുന്നത്.
നിരായുധരായ ആദിവാസികള്‍ക്ക് നേരെ 44 റൗണ്ട് വെടിയുതിര്‍ത്തിരുന്നു, മാവോവാദി വേട്ടയക്കായി രൂപീകരിച്ച കോബ്രാ സംഘത്തിലെ ഒരു കോണ്‍സ്റ്റബിള്‍ മാത്രം 18 റൗണ്ട് വെടിയുതിര്‍ത്തെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2013 മെയ് 17നാണ് സംഭവം നടക്കുന്നത്. ഈ സംഭവത്തിന് ഒരാഴ്ച്ച മുമ്പാണ് സുക്മ ജില്ലയിലെ ഝിറാം ഘട്ടിയില്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയടക്കം 27 പേര്‍ കൊല്ലപ്പെട്ട മാവാവാദി ആക്രമണം നടന്നത്. എദസ്‌മെട്ട ഗ്രാമം മാവോവാദികളുടെ ഒളിത്താവളമാണെന്ന കോബ്രയുടെ വാദം സംസ്ഥാന പോലിസ് തള്ളിയിരുന്നെങ്കിലും കോബ്ര അവരുടെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയും ഓപറേഷന് നേതൃത്വം കൊടുക്കുകയുമായിരുന്നു.
എദസ്‌മെട്ട ഗ്രാമത്തിനടുത്തുള്ള റോഡിലേക്കെത്താന്‍ ഏകദേശം 17 കിലോമീറ്റര്‍ സഞ്ചരിക്കണം. ബീജാപുര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 43 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള റോഡിലേക്കെത്താന്‍. ഇപ്പോഴും ആ ഗ്രാമത്തിലേക്ക് ഒരു റോഡ് പോലുമില്ല. വ്യാജ ഏറ്റുമുട്ടല്‍ നടന്ന ദിവസം ആദിവാസികള്‍ 'ബീജ് പാന്ദും' എന്ന ഗോത്ര ഉല്‍സവത്തിന്റെ ആഘോഷത്തിലായിരുന്നു. ഈ ആഘോഷത്തിലേക്ക് ആയിരത്തോളം വരുന്ന സൈന്യം ഇരച്ച് കയറി വരികയായിരുന്നെന്ന് ഗ്രാമവാസികള്‍ ഇന്നും ഭയത്തോടെ ഓര്‍ക്കുന്നു.
എട്ട് വര്‍ഷത്തിനിപ്പുറവം എദസ്‌മെട്ടയില്‍ ഒരു സ്‌കൂളോ അങ്കണവാടിയോ ആരോഗ്യ കേന്ദ്രമോ റേഷന്‍ കടയോ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നഷ്ടപ്പെടലിന്റെ നീറുന്ന വേദനയില്‍ ദേഷ്യം ജ്വലിക്കുന്ന മുഖങ്ങളാണ് ഇന്നവിടെ ഗ്രാമീണരില്‍ കാണാന്‍ കഴിയുക. ദന്തേവാഡയുടെയും ബിജാപൂരിന്റെയും അതിര്‍ത്തിയിലുള്ള വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന എദസ്‌മെട്ടയില്‍, കാല്‍നടയായി മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ.
സനാകി പുനെം എന്ന അമ്പത്തൊമ്പതുകാരിയുടെ മകന്‍ സോനു പുനെം 'മാവോവാദി' എന്ന് മുദ്രകുത്തി കൊല ചെയ്യപ്പെട്ട എട്ടുപേരില്‍ ഒരാളായിരുന്നു, ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിരുത്തണമെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും പുനെം പറയുന്നു. അന്നത്തെ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സല്‍വ ജുദുമിന്റെ അതിക്രമങ്ങള്‍ കാരണം കാട്ടിലേക്ക് പിന്‍വാങ്ങിയ വിശാലമായ ഒരു ഗ്രാമമായിരുന്നു എദസ്‌മെട്ടയെന്ന് അവിടത്തുകാര്‍ നിരന്തരം പറയുന്നുണ്ട്.
അവര്‍ ഞങ്ങളുടെ വീടുകളും വയലുകളും നമ്മുടെ ആരാധനാലയങ്ങളും കത്തിച്ചു. അതിനാല്‍, ഞങ്ങള്‍ക്ക് കാട്ടിലേക്ക് നീങ്ങേണ്ടി വന്നു. 2007 നും 2010 നും ഇടയില്‍ ഞങ്ങള്‍ യഥാര്‍ത്ഥ അക്രമം കണ്ടു. 2013 വരെ ഞങ്ങള്‍ താരതമ്യേന സമാധാനത്തിലാണ് ജീവിച്ചിരുന്നതെന്ന് മംഗുകാരം എന്ന ഒരു ചെറുകിട നെല്‍കര്‍ഷകന്‍ പറഞ്ഞു. 15 കിലോമീറ്റര്‍ അകലെയുള്ള ഗംഗലൂരിലാണ് ഏറ്റവും അടുത്തുള്ള ഗതാഗതയോഗ്യമായ റോഡ്, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് പറയുന്നത്.
ഗംഗലൂരിലെ ഏറ്റവും അടുത്തുള്ള സ്‌കൂളില്‍ എത്താന്‍ കുട്ടികള്‍ രണ്ട് കുന്നുകളും നാല് അരുവികളും കടക്കണം. ചിലപ്പോള്‍ സുരക്ഷാ സേന അവരെ തടയുമെന്നും പുനെം പറഞ്ഞു. ഈ ഗ്രാമം എട്ട് കിലോമീറ്റര്‍ ചുറ്റളവിലായി ആറ് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഏഴ് കുഴല്‍ക്കിണറുകളാണ് ഇവിടെയുള്ളത് അതില്‍ നാലെണ്ണം ഒരു വര്‍ഷത്തിലധികമായി തകരാറിലാണ്. ഞങ്ങള്‍ ബുര്‍ജിയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രതിനിധികളെയും വിവരമറിയിച്ചിട്ടും പക്ഷേ പ്രശ്‌നം എന്താണെന്ന് കാണാന്‍ പോലും ആരും വന്നില്ലെന്ന് സന്നു കാരം എന്ന ഗ്രാമവാസി പറഞ്ഞു.
ഗ്രാമത്തിലെ 60 കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും 15 കിലോമീറ്റര്‍ അകലെയയുള്ള ഗംഗലൂരിലെത്തണം റേഷന്‍ കടയ്ക്ക്. അരിയും മറ്റ് സാധനങ്ങളും വാങ്ങുവാന്‍ ഒന്നിലധികം ദിവസം യാത്ര ചെയ്യേണ്ടി വരുമെന്നും ഗ്രാമവാസികള്‍ പറയുന്നു. മലേറിയയുടെ 'ഹോട്ട്‌സ്‌പോട്ട്' എന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ച ഈ ഗ്രാമത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലെന്നത് ശ്രദ്ധേയമാണ്.
എദസ്‌മെട്ടയിലെ വ്യാജ ഏറ്റുമുട്ടലിന് ശേഷം സുരക്ഷാ സേനയോടുള്ള ഗ്രാമവാസികളുടെ അവിശ്വാസം ആഴത്തില്‍ വ്യാപിച്ചിട്ടുണ്ട്. ഇവിടെ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സുരക്ഷാ സേനയെ വിന്യസിക്കാന്‍ ഗ്രാമവാസികള്‍ ആഗ്രഹിക്കുന്നില്ല. 2020 ഫെബ്രുവരിയില്‍ ഗ്രാമത്തിലെ ആറ് സ്ത്രീകളെ സുരക്ഷാ സേന മര്‍ദ്ദിച്ചതായി അവര്‍ പറയുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ അവരുടെ വയലില്‍ നിന്ന് എന്തിനാണ് പിന്തുടരുന്നത് എന്ന് ചോദിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്, അതിനാണ് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചത്. സുരക്ഷാ സേനയ്ക്ക് വരാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അങ്കണവാടി ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇവിടേക്ക് വരാന്‍ കഴിയുന്നില്ലെന്ന് ആദിവാസികള്‍ ചോദിക്കുന്നു.