ചപ്പാത്തിക്കടയില്‍ നിന്ന് ഹോട്ടല്‍ ശൃംഖലയിലേക്ക്; ഗോവിന്ദറാമിന്റെ ജീവിതം ഡോക്യൂമെന്ററിയായി
സംവിധായകന്‍ മധുപാലാണ് 'സൈക്കിള്‍ മായന്‍' എന്ന ഡോക്യൂമെന്ററി ഒരുക്കിയത്. ഗോവിന്ദറാവിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ഡോക്യൂമെന്ററി തയ്യാറാക്കിയത്.
കോഴിക്കോട്: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഭാരത് ഹോട്ടലുകളുടെ സ്ഥാപകനുമായിരുന്ന ബി.ഗോവിന്ദറാവിന്റെ കഥ ഡോക്യൂമെന്ററിയായി പുറത്തുവന്നു. സംവിധായകന്‍ മധുപാലാണ് 'സൈക്കിള്‍ മായന്‍' എന്ന ഡോക്യൂമെന്ററി ഒരുക്കിയത്. ഗോവിന്ദറാവിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ഡോക്യൂമെന്ററി തയ്യാറാക്കിയത്.
കൊച്ചി നഗരത്തില്‍ നിന്ന് തുടങ്ങുന്ന ബി ഗോവിന്ദറാമിന്റെ ജീവിത കഥയുടെ ചിത്രീകരണവും കൊച്ചിയിലാണ് നടത്തിയത്. ഉഡുപ്പി സ്വദേശിയായ ഗോവിന്ദറാവു ബാല്യകാലത്ത് തൃപ്പൂണിത്തുറയില്‍ എത്തുകയും യൗവനത്തില്‍ തന്നെ വ്യവസായ രംഗത്ത് പരീക്ഷണങ്ങള്‍ നടത്തുകമായിരുന്നു. കൊച്ചിക്കാര്‍ക്ക് ആദ്യമായി ചപ്പാത്തിയും ഗോതമ്പു വിഭവങ്ങളും പരിചയപ്പെടുത്തി. തുടക്കത്തില്‍ ചെറിയ ചപ്പാത്തി സ്‌റ്റോറായിരുന്നെങ്കില്‍ അത് പിന്നീട് ഭാരത് ടൂറിസ്റ്റ് ഹോം എന്ന വലിയ ഹോട്ടല്‍ വ്യവസായമായി മാറുന്ന കാഴ്ചയാണ് കാലം കണ്ടത്.
രാഷ്ട്രീയക്കാരുടെയും എഴുത്തുകാരുടെയും സിനിമാക്കാരുടെയുമെല്ലാം താവളമായിരുന്നു ബിടിഎച്ച്. ആദ്യകാലങ്ങളില്‍ സൈക്കിളില്‍ നഗരം ചുറ്റിയിരുന്ന ഗോവിന്ദറാവിന് സൈക്കിള്‍ മായന്‍ എന്ന വിളിപ്പേര് വീണു. തുളുവില്‍ മായന്‍ എന്നാല്‍ അമ്മാവന്‍ എന്നര്‍ഥം. അങ്ങനെയാണ് ഡോക്യൂമെന്ററിക്കും സൈക്കിള്‍ മായന്‍ എന്ന് പേരിട്ടത്.