വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി അടിച്ച് കയറേണ്ട സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും സമരസമിതി
വിഴിഞ്ഞം സമരം പൊളിക്കാന്‍ ശ്രമിക്കുന്നത് പ്രദേശിയ കൂട്ടായ്മകള്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയിലൂടെയാണ്
അദാനി പോര്‍ട്ടിനെതിനെതിരായ സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു എന്നതിന്റ ഉദാഹരണമാണ് ഇന്നലെ സമരക്കാര്‍ക്ക് ഭക്ഷണവുമായി വന്ന വാഹനം തടയുകയും വൈദികരെ പോലിസ് അക്രമിക്കുകയും ചെയ്തത്. റോഡില്‍ ഉപരോധം നടത്തിയ വൈദികരിലൊരാളെയാണ് പോലിസ് മര്‍ദ്ദിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളി മേഖലയാകെ ഇന്നലെ പ്രക്ഷുബ്ദമായിരുന്നു. ഉടന്‍ കലക്ടര്‍ ഇടപെട്ട് അവിടെയുണ്ടായിരുന്ന പോലിസുകാരെ മുഴുവന്‍ നീക്കി പ്രശ്്‌നം താല്‍കാലികമായി പരിഹിരിക്കുകയായിരുന്നു.
എന്നാല്‍, പോലിസിന്റെ ഈ നീക്കം യാദൃശ്ചികമല്ലെന്നാണ്് മല്‍സ്യത്തൊഴിലാളി നേതാക്കള്‍ വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ പരാമര്‍ശവും പ്രദേശിക കൂട്ടായ്മയും ഇന്നത്തെ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗവും അവര്‍ ഗൗരവമായാണ് കാണുന്നത്. തിരുവനന്തപുരം അദാനി എയര്‍പോര്‍ട്ടിന് മുന്‍പിലെ സമരം ഇന്ന് 86ാം ദിവസം പിന്നിടുകയാണ്.
മല്‍സ്യത്തൊഴിലാളികള്‍ക്ക് സുനാമിയായി അടിച്ച് കയറാന്‍ ശേഷിയുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സംയുക്ത സമരസമിതി നേതാവ് ലിമ തേജസ് ന്യൂസിനോട് പറഞ്ഞു. അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെയ്ക്കണം, സമാഹികാഘാത പഠനം നടത്തണം തുടങ്ങിയ ഞങ്ങളുടെ ആവശ്യത്തിന് പരിഹാരം കണ്ടേ മതിയാകൂ. ഇല്ലെങ്കില്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നടുക്കടലിലായിരിക്കും സമരം ചെയ്യുക. സ്ത്രീകളും കുട്ടികളും അടക്കും മുഴുവന്‍ പേരും കടലിലായിരിക്കും. സമരത്തിനായി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ സന്നദ്ധരാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തീരശോഷണമുണ്ടായാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര മല്‍സ്യത്തൊഴി യൂനിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും അദാനി പോര്‍ട്ട് സമരസമിതി അംഗവുമായ ആന്റോ ഏലിയാസ് തേജസ് ന്യൂസിനോട് പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍, ആഗോളതാപനത്തിന്റെ ഇരകള്‍ മാത്രമല്ല, ഇത്തരം കുത്തക കമ്പനികളുടെ നിര്‍മാണം മൂലം ഇരകളാക്കപ്പെടുന്നവരാണ്. ഒരു ബക്കറ്റിലെ വെള്ളത്തില്‍ ഒരു ബക്ക് കല്ലിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ 1300 കോടി കടമെടുത്ത് നല്‍കിയ തുകയ്ക്ക് 20 വര്‍ഷം കഴിഞ്ഞ് രണ്ട് ശതമാനം ലാഭം ലഭിക്കുമെന്നാണ് പറയുന്നത്. ഇത് ഒരു ലാഭകരമായ നീക്കമേയല്ല. മാത്രമല്ല, നമ്മുടെ പശ്ചിമഘട്ടത്തിലെ മലകള്‍ മുഴുവന്‍ പൊട്ടിച്ച് നീക്കി പാറയും നല്‍കുന്നു. ഈ പദ്ധതി ലാഭകരമാണെന്ന് ഒരു ഏജന്‍സികളും ഇന്നേവരെ പറഞ്ഞില്ല.
കൊച്ചിയില്‍ വല്ലാര്‍പാടം പദ്ധതി വന്നതിലൂടെ എന്ത് നേട്ടമാണുണ്ടായത്. മല്‍സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെട്ടു അത്രതന്നെ. ജനതയെ മണ്ണില്‍ നിന്ന് തുടച്ച് നീക്കപ്പെടുന്നു. അതാണ് സംഭവിക്കുന്നത്. അദാനി പോര്‍ട്ട് അഴിമതിയാണെന്ന് തുറന്നടിച്ച നേതാവാണ് പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് മലക്കം മറിഞ്ഞു.
ആഗോള തലത്തില്‍ തന്നെ കുത്തകവല്‍കരണത്തിനെതിരേ നിലപാട് സ്വീകരിച്ച മൂവ്‌മെന്റാണ് കമ്മ്യൂണിസം. കുത്തകകള്‍ മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്ത് തടിച്ച് കൊഴുക്കുന്നവരാണെന്ന് ആ പ്രസ്ഥാനം നിരന്തരം പറയുന്നത്. കാള്‍മാര്‍ക്‌സിന്റെ ദര്‍ശനവും അദാനിയുമായുള്ള കരാറും എങ്ങനെയാണ് ചേര്‍ന്ന് പോകുന്നത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ചേര്‍ന്ന് കേരള തീരം അദാനിക്ക് തീറെഴുതികൊടുക്കുകയാണ്.
കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ സമരത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കേണ്ടതുണ്ട്. കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിനെയും അവരുടെ നിഷ്ഠൂരതകളെയും തുറന്ന് എതിര്‍ക്കുന്നതിന് പകരം അവര്‍ക്കൊപ്പം ചേരുന്നു. അദാനി പോലും കേന്ദ്രസര്‍ക്കാരിന്റെ ടൂളാണ്. അദാനി പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ കോടികള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വരുന്നതിന് മുന്‍പ് ഇവിടെ തീരശോഷണമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. തീരശോഷണമുള്ള തീരങ്ങളില്‍ പദ്ധതികള്‍ പാടില്ലെന്ന് നിയമങ്ങളുണ്ട്. ആ നിയമത്തെ നിഷേധിച്ച് കൊണ്ടാണ് വിഴിഞ്ഞം തുറമുഖം നിര്‍മാണം പുരോഗമിക്കുന്നത്.
അദാനിക്ക് വേണ്ടി സമരം പൊളിക്കാന്‍ പ്രാദേശിക കൂട്ടായ്മകള്‍
വിഴിഞ്ഞം സമരം പൊളിക്കാന്‍ ശ്രമിക്കുന്നത് പ്രദേശിയ കൂട്ടായ്മകള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയിലൂടെയാണ്. പ്രദേശത്തെ ബിജെപി-സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. പ്രദേശത്ത് ഭൂമി ഏറ്റെടുത്ത് അദാനി പോര്‍ട്ടിന് കൈമാറുന്ന റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍മാര്‍, പോര്‍ട്ടിലെ ചെറുകരാറുകാര്‍ എന്നിവരും ഈ കൂട്ടായ്മയിലുണ്ട്. കഴിഞ്ഞ ദിവസം അദാനി പോര്‍ട്ട് നിര്‍മാണം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് മുക്കോല ഭാഗങ്ങളില്‍ കടകളടച്ച് ഇവര്‍ പ്രതിഷേധിച്ചിരുന്നു. മുക്കോലയില്‍ പ്രതിഷേധയോഗവും നടത്തിയിരുന്നു.
വിഴിഞ്ഞത്തെ ഉപരോധ സമരത്തിനെതിരേ ബിജെപി പ്രദേശവാസികളെ ഇളക്കിവിടുകയാണ്. അവര്‍ സഞ്ചാര സ്വാതന്ത്ര്യം പറഞ്ഞാണ് പ്രദേശത്തെ മറ്റു സമുദായങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്. അദാനി ഗ്രൂപ്പ് ഇളക്കിവിടുന്നതാണ് ഈ സമരം പൊളിക്കല്‍ പരിപാടി.
കടല്‍ കയ്യേറി നാലു കിലോമീറ്റര്‍ പുലിമുട്ട്
കടല്‍ കയ്യേറി നാലു കിലോമീറ്റര്‍ പാറയിട്ട്് നികത്തുന്ന പദ്ധതിയാണ് ഇവിടത്തെ പുലിമുട്ട്. വിഴിഞ്ഞത്തെ കടല്‍ നികത്തുമ്പോള്‍ മറ്റ് പ്രദേശങ്ങള്‍ കടലെടുക്കും എന്നത് സ്വാഭാവികമാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, ശംഖുമുഖം, വലിയ തുറ പ്രദേശങ്ങളാണ് ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നത്. 500 ഓളം മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ കടലെടുത്ത് കഴിഞ്ഞു. തീരശോഷണത്തിന് കാരണം ഈ കടല്‍ നികത്തല്‍ തന്നെയാണ്.
തസ്ഥാനത്തെ പ്രശസ്തവും മനോഹരവുമായ ശംഖുമുഖം ബീച്ച് ഇന്നില്ല, റോഡുപോലും കടലെടുത്തു കഴിഞ്ഞു. എന്നിട്ടും അദാനി പോര്‍ട്ട് കൊണ്ട് തീരശോഷണം സംഭവിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. തീരശോഷണം മൂലം ബോട്ട് കടലിലിറക്കാനോ തിരികെ കയറ്റാനോ കഴിയാത്ത അവസ്ഥയാണ്. തീരം നഷ്ടമാവുന്നതോടെ ഉപജീവനം കൂടിയാണ് നഷ്ടമാവുന്നത്.
സമുദ്രത്തിന്റെ അടിത്തട്ടിനുണ്ടാകുന്ന കേടുപാടുകള്‍
സമുദ്രത്തിന്റെ അടിത്തട്ടിന് കടുത്ത ആഘാതമാണ് വിഴിഞ്ഞം തുറമുഖം മൂലം സംഭവിച്ച് കൊണ്ടിരിക്കുന്നത്. കക്ക, ചിപ്പി മുതലായവ വളരുമ്പോള്‍ സിമന്റ് നിറഞ്ഞ് അവ നശിക്കുകയാണെന്ന് ദൃശ്യം ഉള്‍പ്പെടെ തെളിവായി പുറത്ത് വന്നിട്ടുണ്ട്. വന്‍കിട നിര്‍മാണപ്രവര്‍ത്തനം അടിത്തട്ടിനെ സാരമായി ബാധിക്കുന്നത് മൂലം കാക്ക വാരല്‍ ഉള്‍പ്പെടെയുള്ള തൊഴിലെടുക്കുന്നവര്‍ ഇപ്പോള്‍ മറ്റ് പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ചെറു ജീവികളെ ഭക്ഷിക്കാന്‍ വലിയ മല്‍സ്യങ്ങള്‍ അടിത്തട്ടിലേക്ക് വരുകയും ചെയ്യും. അവയുടെ കൂടി ഭക്ഷണമാണ് ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സമരത്തിന്റെ രാഷ്ട്രീയം
മല്‍സ്യത്തൊഴിലാളികളുടെ സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഇന്ന് മുഖ്യമന്ത്രി നയമസഭയില്‍ പറഞ്ഞത്. സമരത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് തന്നെയാണ് സമരസമിതി പറയുന്നത്. കുത്തക മുതലാളിമാരെ നാടുകടത്തലാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് അവര്‍ പറയുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇത് അതി ജീവനസമരമാണ്. ഉപജീവനത്തിന് വേണ്ടിയാണ് ഈ സമരം. മറ്റ് മര്‍ഗങ്ങളില്ലാതായതോടെയാണ് വൈദികരുള്‍പ്പെടെ സമരത്തിന് നേതൃത്വം നല്‍കാന് മുന്നിട്ടിറങ്ങിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും മല്‍സ്യത്തൊഴിലാളികള്‍ വിശ്വാസത്തിലെടുത്തിട്ടില്ല. 13 വര്‍ഷമായി മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമയോടെയാണ് ബീമാപ്പള്ളി പ്രദേശത്ത് ഉള്‍പ്പെടെ മല്‍സ്യബന്ധനം നടത്തുന്നത്. സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യൂനിയനാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നത്. മല്‍സ്യത്തൊഴിലാളികളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാമ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നഷ്ടം
അദാനി പോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനം ഇപ്പോള്‍ 40 ശതമാനമേ ആയിട്ടുള്ളൂ. അപ്പോള്‍ തന്നെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനിയും തീരശോഷണം മൂലം വീടുകളും നഷ്ടപ്പെട്ട് കഴിഞ്ഞു. നൂറു ശതമാനം നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ എന്താ സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അദാനി പോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ട്, പഠനവും നടക്കേണ്ടതുണ്ട്.
കടല്‍ നികത്തിയും കുഴിച്ചും മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്നു
കടലില്‍ ട്രഡ്ജിങ് നടത്തുന്നത് മൂലം മല്‍സ്യത്തൊഴിലാളികള്‍ക്ക് നിരവധി അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തീരത്തോട് ചേര്‍ന്ന് ബോട്ട് അപകടം പറ്റി നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തീരത്തോട് ചേര്‍ന്നുള്ള ചുഴികളില്‍ വീണ് ബോട്ട് തകര്‍ന്നാണ് ഈ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. അദാനി പോര്‍ട്ടിന്റെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനം മൂലമാണ് ഈ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.
റിയല്‍ എസ്റ്റേറ്റ് മാഫിയ
പോര്‍ട്ടിനപ്പുറം റിയല്‍ എസ്റ്റേറ്റ് മാഫിയ ഉള്‍പ്പെടെ വിഴിഞ്ഞം കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ ഭൂമി വലിയ വിലയ്ക്ക് ഏറ്റെടുത്ത് പോര്‍ട്ടിന് കൈമാറുന്ന സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് സര്‍ക്കാര്‍ അനുകൂല വികസനവാദികളായി രംഗത്ത് വരുന്നത്.
പോര്‍ട്ട് അനുബന്ധ പദ്ധതികള്‍ ഈ നാടിനെ നശിപ്പിക്കുന്നതാണ്. വ്യഭിചാരത്തിനും മയക്കുമരുന്നിനും ചൂതാട്ടത്തിനും നാട് ഉപയോഗിക്കാനാണ് കുത്തകകള്‍ ശ്രമിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളെ സാമൂഹിക വിരുദ്ധരാക്കാനുള്ള പദ്ധതികളാണ് കുത്തകകള്‍ നടപ്പിലാക്കുന്നത്. ടൂറിസത്തിന്റെ മറവില്‍ മയക്കുമരുന്നും മറ്റുമാണ് ഇനി ഇവിടെ വിപണനം ചെയ്യാന്‍ പോകുന്നത്. അദാനിയുടെ പല പോര്‍ട്ടുകളും മയക്കുമരുന്നു കടത്തിന്റെ കേന്ദ്രങ്ങളാണ്.
മല്‍സ്യത്തൊഴിലാളികളെ കോളനിയില്‍ തളച്ചിടാന്‍ ശ്രമം
മല്‍സ്യത്തൊഴിലാളികള്‍ നൂറ്റാണ്ടുകളായി താമസിച്ച് വരുന്ന ഭൂമിയും വീടും ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. പകരം സര്‍ക്കാര്‍ ഒരുക്കിത്തരുന്ന 350 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ലാറ്റുകളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ എത്ര ലക്ഷം രൂപയാണ് ഭൂമിയ്്ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കുമായി നല്‍കുന്നത്. എന്നാല്‍ കുത്തകകള്‍ക്ക് വേണ്ടി മല്‍സ്യത്തൊഴിലാളികളെ അവരുടെ ആവാസവ്യസ്ഥയില്‍ നിന്ന് ആട്ടിപ്പായിച്ചിട്ട് എന്താണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
പുനര്‍ഗേഹം പദ്ധതി പ്രകാരം തന്നെ മല്‍സ്യത്തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ വസ്തുവിനും വീടുനുമായി അനുവദിക്കുന്നുണ്ട്്. അപ്പോഴാണ് 350 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ല്ാറ്റ്-കോളനിയിലേക്ക് മല്‍സ്യത്തൊഴിലാളികളെ തളച്ചിടന്‍ ശ്രമിക്കുന്നത്. മല്‍സ്യത്തൊഴിലാളികളെ കോളനികളിലാക്കി, അവരുടെ ജീവിത നിലവാരത്തെ തകര്‍ത്ത് മുഖ്യധാരയില്‍ നിന്ന് അകറ്റാനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അദാനി കേരളം വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യൂനിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തിട്ടാണ് കുത്തക മുതലാളിമാര്‍ക്കായി മുഖ്യമന്ത്രി സ്വ്പനപദ്ധതി നടപ്പിലാക്കുന്നത്. നന്ദിഗ്രാമില്‍ കുത്തകള്‍ക്ക്് പരവതാനി വിരിച്ചത് മൂലമാണ് ഇപ്പോള്‍ സിപിഎം അവിടെ അപ്രസക്തമാവാന്‍ കാരണമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഗൗരവമായി പഠിക്കണം. തീരത്ത് നിന്ന് 500 ലധികം വീടുകള്‍ തകര്‍ന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. ബോട്ടുകള്‍ തകര്‍ന്ന് അവരുടെ ഉപജീവനമാര്‍ഗം തകര്‍ന്നത് മുഖ്യമന്ത്രി അറിയുന്നില്ലേ. മല്‍സ്യത്തൊഴിലാളികളും സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്ന ഒരു പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സമരസമിതി പറയുന്നു.