അപമാനവും സദാചാരചിന്തയും; കാമറ കണ്ണിലൂടെ മകന്‍ പകര്‍ത്തിയ അമ്മയുടെ തെരുവ് ജീവിതം

Update: 2022-04-28 09:08 GMT

എഴുത്തും ചിത്രങ്ങളും ശങ്കര്‍ സര്‍ക്കാര്‍ 

ചിത്രങ്ങള്‍ പറയുന്നത് കാഴ്ചയും കഥയുമല്ല. ഒരമ്മയും മകനും തമ്മിലുള്ള ജീവിത്തിന്റെ നേര്‍കാഴ്ചകള്‍. ചതിക്കുഴിയില്‍ വീണു പോയ സ്വന്തം അമ്മയുടെ ജീവിതം മകന്‍ കാമറ കണ്ണിലൂടെ പകര്‍ത്തുക. കൈവിട്ടു പോയ അമ്മയെ ഒരു ക്ലിക് അകലത്തില്‍ തിരികെ പിടിക്കുക. ഈ ചിത്രങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നത് മകനും അമ്മയും തമ്മിലുള്ള ജീവിതമാണ്. 


കാമറയിലൂടെ ഞാന്‍ എന്റെ അമ്മയുമായി നടത്തിയ സംഭാഷണമാണ് ഈ ചിത്രങ്ങള്‍. ഞാനും അമ്മയും എന്നും വ്യത്യസ്ത കോണുകളില്‍ ആയിരുന്നു. ഒഡീഷയിലെ മല്‍കാംഗിരി, ഞാന്‍ ജനിച്ച സ്ഥലം. അവിടെ നിന്ന് പശ്ചിമബംഗാളിലെ സേത്ബാഗനിലേക്ക് അമ്മയെ ആരോ കബളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. അവിടെ അവര്‍ ലൈംഗികെത്താഴിലാളിയായി. അമ്മയെ അന്വേഷിച്ച് അമ്മൂമ്മയ്‌ക്കൊപ്പമാണ് ഞാന്‍ കൊല്‍ക്കത്തയില്‍ എത്തിയത്. അവിടെ ഞങ്ങള്‍ പരസ്പരം അകന്ന്, ജീവിതത്തിന്റെ ഒറ്റെപ്പട്ട തുരുത്തുകളില്‍

കഴിഞ്ഞു. ഫോട്ടോഗ്രാഫിയാണ് പിന്നീട് ഞങ്ങളെ ഒന്നിപ്പിച്ചത്. അതുകൊണ്ടാണ് ഞാന്‍ ഇതിനെ കാമറയിലൂടെയുള്ള സംഭാഷണമായി കാണുന്നത്. 

അമ്മയുടെ തൊഴിലിനെ ഞാന്‍ വെറുത്തിരുന്നു. അത് തികച്ചും സ്വാഭാവികവുമായിരുന്നു. അമ്മയുടെ ചിത്രങ്ങള്‍ എടുക്കുന്നതിലൂടെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. അതുവഴി ഒറ്റപ്പെടലില്‍ നിന്ന് രക്ഷെപ്പടാമെന്നും. ലൈംഗികത്തൊഴിലാളിയായ അമ്മയെ കാമറയില്‍ പകര്‍ത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ അതിലൂടെ എന്നെ വലയം ചെയ്തിരുന്ന അപമാനഭാരത്തെയും സദാചാര ചിന്തകളെയും അതിജീവിക്കാമെന്ന് ഞാന്‍ മനസ്സിലാക്കി. 

യുനിസെഫിന്റെ സഹായത്തോടെ നടപ്പാക്കിയ 'എംപവറിങ് സെക്‌സ് വര്‍ക്കേഴ്‌സ് ചില്‍ഡ്രന്‍ ത്രൂ ഫോട്ടോഗ്രാഫി' എന്ന പ്രോജക്ടിലൂടെ 2000ല്‍ ആണ് ഞാന്‍ കാമറയും തൂക്കി യാത്ര ആരംഭിക്കുന്നത്.

ആദ്യ ദിവസം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. പ്രോജക്ടുമായി ബന്ധപ്പട്ട ഒരാള്‍ ഞാന്‍ താമസിക്കുന്നിടത്ത് വരികയും ഞങ്ങള്‍ കുട്ടികളോടൊപ്പം തറയിലിരുന്ന് സംസാരിക്കുകയും ചെയ്തു. 'ആര്‍ക്കൊക്കെ നിങ്ങളുടെ വീട്ടുകാരെ ഇഷ്ടമാണ്?' അദ്ദേഹം ചോദിച്ചു. നാണക്കേടും വെപ്രാളവും കാരണം എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. കുറച്ച് സമയത്തിന് ശേഷം മടിച്ചുമടിച്ച് ഞാന്‍ പറഞ്ഞു, എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്. 'എന്തുകൊണ്ട്?' അതായിരുന്നു അടുത്ത ചോദ്യം. ഒരു നിമിഷം പോലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു, എനിക്ക് അമ്മയുടെ സ്‌നേഹം കിട്ടിയിട്ടില്ല. അദ്ദേഹം എന്റെ നേരേ ഒരു ചെറിയ കാമറ നീട്ടി. അമ്മയുടെയും അമ്മയ്ക്ക് ചുറ്റുമുള്ളവരുടെയും ഫോട്ടോകള്‍ എടുക്കാന്‍ പറഞ്ഞു. എങ്ങനെ ഫോട്ടോ എടുക്കണം എന്നതടക്കമുള്ള കാര്യങ്ങളും അദ്ദേഹം പഠിപ്പിച്ചുതന്നു. 

ചുവന്ന തെരുവുകള്‍ എന്നുവിളിപ്പേരുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ വന്ന വിദേശ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. പൊതുസമൂഹവും പുറത്തു നിന്നുള്ളവരും ഞങ്ങളുടെ സ്ഥലത്തെ ചുവന്ന തെരുവെന്ന് വിളിക്കുന്നു. പക്ഷെ, ഞങ്ങള്‍ക്ക് അതിന് കഴിയില്ലല്ലോ? താമസിക്കുന്ന സ്ഥലത്തെയും ലൈംഗിക തൊഴിലാളിയായ അമ്മയെയും കാമറയില്‍ പകര്‍ത്തുകയെന്നത് വെല്ലുവിളി

നിറഞ്ഞതായിരുന്നു. ഒട്ടും എളുപ്പമല്ലാത്ത ജോലി. എനിക്ക് മുന്നില്‍ ഞാന്‍ വെളിപ്പെടുന്നത് പോലെയായിരുന്നു അത്. അക്കാലം വരെ ഞാനും അമ്മയും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമായിരുന്നു. അതിനൊരു വൈകാരിക തലവും സദാചാരതലവും ഉണ്ടായിരുന്നു. 

ഒടുവില്‍ അമ്മയെ ഞാന്‍ കാമറക്കണ്ണിലൂടെ നോക്കി കാണാന്‍ തുടങ്ങി.

(ശങ്കര്‍ സര്‍ക്കാര്‍ നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും കാഴ്ചയുടെ കല വശത്താക്കിയതിനാല്‍ അദ്ദേഹത്തിന് ഫോട്ടോകള്‍ കൊല്‍ക്കത്തയിലും ധാക്കയിലും പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചു. നോര്‍വീജിയന്‍ സംഘടനയുടെയും ദ്രിക് ബംഗ്ലാദേശിന്റെയും പിന്തുണയോടെ ബാങ്കോക്ക് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടത്തിയ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ദ്രിക് ഇന്ത്യയുടെ ഐടുഐ എന്ന പ്രോജക്ടില്‍ പങ്കാളിയാണ്.) 

sbctlr.inന്റെ പ്രത്യേക അനുമതിയോടെ പ്രസിദ്ദീകരിക്കുന്നത്.

Tags:    

Similar News