സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി സ്ഥാനമേറ്റിട്ട് ഇന്നേക്ക് 45 വര്‍ഷം
അസാമാന്യ നിശ്ചയദാര്‍ഡ്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള മൊറാര്‍ജി വിഷമം പിടിച്ച രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയെ ധീരമായി നയിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. കോണ്‍?ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ആര്‍എസ്എസ് ഉയര്‍ത്തുവാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയില്ലെങ്കിലും ഒരു കോണ്‍?ഗ്രസ് ഇതര പ്രധാനമന്ത്രി സ്വതന്ത്ര ഇന്ത്യയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക്, മാര്‍ച്ച് 24 ന് നാല്‍പത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ്.
കലണ്ടറില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം വന്നണയുന്ന ഫെബ്രുവരി 29ന് ഭൂമിയില്‍ പിറന്നുവീഴാന്‍ 'അപൂര്‍വ ഭാഗ്യം' ലഭിച്ച ചിലരില്‍ ഒരാളായ മൊറാര്‍ജി രഞ്ചോദ്ജി ദേശായിയായിരുന്നു ഇന്ത്യയിലെ ആദ്യ കോണ്‍?ഗ്രസ് ഇതര പ്രധാനമന്ത്രി. ഫെബ്രുവരി 29നു ജനിച്ചയാളിനെ 'ലീപ്‌ലിങ്' എന്നാണ് വിശേഷിപ്പിക്കുക. പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പ (1468), ഇംഗ്ലിഷ് ക്രിക്കറ്റ് താരം ആല്‍ഫ് ഗോവര്‍ (1908), ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഗാവിന്‍ സ്റ്റീവന്‍സ് (1932), ഇംഗ്ലിഷ് കവി ജോണ്‍ ബൈറോം (1692), എഴുത്തുകാരന്‍ ഹെര്‍മോണ്‍ ലീ (1948) തുടങ്ങി 'ലീപ്‌ലിങ്' പട്ടം സ്വന്തമാക്കിയ പ്രമുഖര്‍ വേറെയുണ്ടെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ച് ഒന്നാം നമ്പര്‍ 'ലീപ്‌ലിങ്' മൊറാര്‍ജി തന്നെ.
1977 മാര്‍ച്ച് 24 ന് ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായി അവരോധിക്കപ്പെടുമ്പോള്‍ പ്രായം 81 വയസ്. പ്രായം ഒരു പ്രശ്‌നമാകില്ലേ എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''കലണ്ടര്‍ പ്രകാരം എനിക്ക് 19 വയസേയുളളു''. പ്രായമല്ല ഊര്‍ജസ്വലതയാണ് കാര്യം എന്നും പൊട്ടിച്ചിരികള്‍ക്കിടെ അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി, ഉപ പ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി, ഇന്ത്യയുടെ ഏറ്റവും പ്രായമുള്ള പ്രധാനമന്ത്രി, അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി, ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി (10 തവണ) തുടങ്ങിയ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനു ഇന്നും സ്വന്തമാണ്.
അസാമാന്യ നിശ്ചയദാര്‍ഡ്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള മൊറാര്‍ജി വിഷമം പിടിച്ച രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയെ ധീരമായി നയിച്ചു. ലളിതവും ആദര്‍ശ നിഷ്ഠവുമായ ജീവിതശൈലിയിലൂടെ ഇന്ത്യക്കാര്‍ക്ക് ആകെ മാതൃകയായ അദ്ദേഹം തന്റെ നിലപാടുകളില്‍ എന്നും ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു. ദരിദ്ര സാഹചര്യങ്ങളില്‍ വളര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയോളം ഉയര്‍ന്ന മൊറാര്‍ജിയുടെ ജീവിതത്തെ സംഭവബഹുലം എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. 1896 ഫെബ്രുവരി 29ന് ഇപ്പോഴത്തെ ഗുജറാത്ത് സംസ്ഥാനത്തെ ദാദേലി എന്ന ഗ്രാമത്തിലാണ് ജനനം.
ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച മൊറാര്‍ജി, പിന്നീട് സിവില്‍ സര്‍വീസ് നേടുകയും അഹമ്മദാബാദ് ഡെപ്യൂട്ടി കലക്ടറായി നിയമിതനായ ശേഷം അഴിമതിക്കെതിരേ പോരാടി മികച്ച ഭരണപാടവമാണ് പ്രദര്‍ശിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലി നാടെങ്ങും വീശിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് മൊറാര്‍ജി അതില്‍ പങ്കാളിയായി. പല തവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1931-37 കാലഘട്ടത്തില്‍ ഗുജറാത്ത് പ്രദേശത്തെ കോണ്‍ഗ്രസ് സമിതിയുടെ സെക്രട്ടറി. 1939 ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ സജീവമായി. 1937-1939ലും 1946-1956ലും ബോംബെ നിയമസഭാംഗം. ഇക്കാലയളവില്‍ പല വകുപ്പുകളില്‍ മന്ത്രിയായും 1952 മുതല്‍ 1956 വരെ ബോംബെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.
1950-58 കാലഘട്ടത്തില്‍ എഐസിസി ട്രഷറര്‍. 1957ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വാണിജ്യം, വ്യവസായം, ധനം എന്നീ വകുപ്പുകളില്‍ കാബിനറ്റ് മന്ത്രി. 1963ല്‍ കാമരാജ് പദ്ധതിപ്രകാരം മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. 1967ല്‍ ഇന്ദിരാഗാന്ധിയുടെ കീഴില്‍ ഉപ പ്രധാനമന്ത്രിയായി. ഒപ്പം ധനമന്ത്രിയും. ബാങ്ക് ദേശസാല്‍ക്കരണ വിവാദവും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും മൂലം അദ്ദേഹം രാജിവച്ചു. 1975ലെ അടിയന്തരാവസ്ഥയെത്തുടര്‍ന്ന് പത്തൊമ്പതു മാസം അദ്ദേഹം ജയിലിലുമായി.
1977 ജനുവരിയില്‍ ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ആദ്യത്തെ കോണ്‍ഗ്രസിതര മന്ത്രിസഭയായിരുന്നു അത്. 1977 മാര്‍ച്ച് 24ന് പ്രധാനമന്ത്രിയാകുമ്പോള്‍ പ്രായം 81. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഭരണം നീണ്ടില്ല. ദേശായി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് ഉറപ്പായതിനെത്തുടര്‍ന്ന് 1979 ജൂലൈ 15ന് അദ്ദേഹം രാജിവച്ചു. 27 മാസമേ ആ ഭരണം നീണ്ടുനിന്നുള്ളൂ. പിന്നീട് ദീര്‍ഘകാലം രാഷ്ട്രീയ വനവാസം. 1995 ഏപ്രില്‍ 10ന് മുംബൈയില്‍ മരണം.
ഒരു ജനകീയ നേതാവ് എന്ന വിശേഷണം മൊറാര്‍ജിക്ക് ചേരില്ലായിരിക്കാം. എന്നാല്‍ ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്ത, അധികാര ദുര്‍മോഹിയല്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം എന്നതിന് ചരിത്രം സാക്ഷി. അടിയന്തരാവസ്ഥയുടെ പ്രതികൂല സാഹചര്യത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ വിശാല കാഴ്ചപ്പാടിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവന്ന പ്രധാനമന്ത്രി എന്ന ബഹുമതി മൊറാര്‍ജിക്ക് സ്വന്തമാണ്.