ജയ് ഭീം വ്യവസ്ഥിതിയെ തുറന്നുകാട്ടുന്ന ഹൃദയം തൊടുന്ന ചിത്രം
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കൊനമലൈ ഗ്രാമത്തിലെ ഇരുളർ വിഭാഗത്തിലുള്ള ആദിവാസികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം ഇന്ത്യൻ വ്യവസ്ഥിതിയെ മുഴുനീളം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു.
ദലിത്-ഇടത് രാഷ്ട്രീയം സംവദിക്കുന്ന ഹൃദയം തൊടുന്ന ചിത്രമാണ് ജയ് ഭീം എന്നതിൽ പ്രേക്ഷകർക്ക് ആർക്കും തന്നെ സംശയമില്ല. വെട്രിമാരന്റെ ദേശീയ അവാർഡ് ചിത്രം 'വിസാരണയ്ക്കും' മാരി സെൽവരാജിന്റെ 'കർണനും' ശേഷം ജാതി വിവേചനം പ്രധാന വിഷയമായി വരുന്ന ജയ്ഭീമിനെതിരേ ഇതിനകം തന്നെ സംഘപരിവാർ രംഗത്തുവന്നുവെന്നത് പ്രത്യേകിച്ച് അദ്ഭുതപ്പെടാനില്ല. സൂരരൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായ ജയ് ഭീം ലീഗൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടി ജെ ജ്ഞാനവേൽ ആണ്. ചിത്രത്തിൽ പ്രകാശ് രാജ്, ലിജോമോൾ ജോസ്, കെ മണികണ്ഠൻ, രജിഷ വിജയൻ, റാവു രമേഷ് തുടങ്ങിയവരാണ് സൂര്യക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കൊനമലൈ ഗ്രാമത്തിലെ ഇരുളർ വിഭാഗത്തിലുള്ള ആദിവാസികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം ഇന്ത്യൻ വ്യവസ്ഥിതിയെ മുഴുനീളം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു. ആദിവാസികൾക്കെതിരായി പോലിസും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുകയാണ് 'ജയ് ഭീം' എന്ന സിനിമ. 1993-ൽ കൊനമലൈയിലെ ഇരുളരുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന വക്കീൽ ഇവർക്കായി നടത്തിയ നിയമ പോരാട്ടവുമാണ് ദലിത് രാഷ്ട്രീയവും ഇടതു രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്ന ജയ്ഭീമിൽ ആവിഷ്കരിച്ചിരിക്കുന്നത്.
സിനിമ ആരംഭിക്കുന്നത് 1995-ലാണ്. ജയിൽ മോചിതരാകുന്ന ആദിവാസികളേയും ദലിതരേയും അന്വേഷണം എങ്ങുമെത്താത്ത കേസുകളിൽ പ്രതി ചേർക്കുവാൻ ബലംപ്രയോഗിച്ച് പോലിസ് കൊണ്ടുപോകുന്ന ജയിൽ മുറ്റത്തെ കാഴ്ച്ചയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കൊറവരേയും ഇരുളരേയും ഒട്ടരേയും കള്ളക്കേസുകൾ ചുമത്താൻ വിട്ടുനൽകുകയും തേവർ, ഗൗണ്ടർ വിഭാഗത്തിൽ പെടുന്ന സവർണർക്കും രാഷ്ട്രീയ നേതാവിനെയും ഒഴിവാക്കി വിടുന്ന രംഗങ്ങളിലൂടെ ചിത്രം തുടങ്ങിവയ്ക്കുന്നതിലൂടെ ചിത്രത്തിന്റെ രാഷ്ട്രീയം ആദ്യം രംഗം മതൽ തന്നെ പ്രഖ്യാപിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
കർഷക തൊഴിലാളികളായ ഇരുളർ ഗോത്രത്തിലെ രാജാക്കണ്ണ്, സെങ്കേനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഉയർന്ന ജാതിക്കാരനും, രാഷ്ട്രീയ നേതാവുമായ ഭൂജന്മിയുടെ വീട്ടിൽ നിന്നും സ്വർണ്ണം കളവ് പോയപ്പോൾ എത്രയും പെട്ടെന്ന് അതു വീണ്ടെടുക്കാൻ പോലിസിന് വ്യഗ്രതയുണ്ടായിരുന്നു. രാജാക്കണ്ണിനെയാണ് ഇത്തവണ പോലിസ് കുറ്റവാളിയായി മുദ്രകുത്തുന്നത്. ഇയാളുടെ ഭാര്യ സെങ്കേനിയേയും, സഹോദരി, സഹോദരൻ അടക്കമുള്ള ഉറ്റവരേയും സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുകയാണ് പോലിസ് ചെയ്തത്. പോലിസിൻ്റെ കസ്റ്റഡിയിലിരിക്കെ രാജാക്കണ്ണടക്കം മൂന്ന് പേർ രക്ഷപെട്ടതായി പോലിസ് പിന്നീടറിയിക്കുന്നു. എത്ര ശ്രമിച്ചിട്ടും ഭർത്താവിനെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിറ ഗർഭിണിയായ സെങ്കേനി ചെന്നൈ ഹൈക്കോടതിയിലെ വക്കീലായ ചന്ദ്രുവിനെ സമീപിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള കേസുകൾ ഫീസില്ലാതെ വാദിക്കുന്ന സമർത്ഥനായ ചന്ദ്രുവിന് പോലിസ് കെട്ടിച്ചമച്ച തെളിവുകൾക്കെതിരേ പൊരുതി സെങ്കേനിക്ക് ന്യായം ലഭ്യമാക്കാൻ കഴിയുമോ എന്നാണ് ചിത്രത്തിൽ തുടർന്നങ്ങോട്ട് കാണാനുള്ളത്.
രണ്ടേമുക്കാൽ മണിക്കൂറോളം കാഴ്ചക്കാരെ വേദനിപ്പിച്ചുകൊണ്ട് നീങ്ങുന്ന ചിത്രത്തിലെ ശരിക്കുള്ള താരം കഥയാണ്. സംവിധായകൻ ജ്ഞാനവേൽ തന്നെയാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയതും. കഥാപാത്രങ്ങളുടെ വികാരങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് സമയത്തേക്കുറിച്ച് ചിന്തിക്കാതെ സിനിമ ആസ്വദിക്കാൻ കഴിയുന്നത് തിരക്കഥയുടെ മികവിനാലാണ്. നൊമ്പരപ്പെടുത്തുന്നതും, ഉള്ളിൽ തറയ്ക്കുന്നതും, ആവേശം പകരുന്നതുമായ സംഭാഷണങ്ങൾ ചിത്രത്തിന് കൂടുതൽ ശക്തിപകരുന്നു. കോടതി മുറിയിലെ വാദപ്രതിവാദ ഭാഗങ്ങളിലെല്ലാം മികച്ച സംഭാഷണങ്ങളാണ് സംവിധായകൻ പ്രയോഗിച്ചിരിക്കുന്നത്. സെങ്കേനിയെ കണ്ണകിയുമായി ഉപമിക്കുന്നതും, തൻ്റെ ഫീസിനേക്കുറിച്ച് സൂര്യയുടെ കഥാപാത്രം പറയുന്ന മറുപടിയും സംഭാഷണങ്ങളിലെ മികവിൻ്റെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം സംഭാഷണങ്ങളിലൂടെ സിനിമയ്ക്ക് അപ്പുറത്തേക്കും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ചിത്രത്തിന് മികവേകിയ മറ്റൊരു കാര്യം അവിശ്വസിനീയമായതോ സംശയം ജനിപ്പിക്കുന്നതുമായ ഒരു ഇടവും കഥയിൽ ഇല്ലാതെ നോക്കിയെന്നതു കൂടിയാണ്.
നായകന് കൂടുതൽ പ്രാധാന്യം നൽകാനായി തിരക്കഥയിൽ അഴിച്ചുപണി നടത്താതിരുന്നതാണ് സംവിധായകൻ്റെ വിജയത്തിൻ്റെ ആദ്യപടി. യഥാർത്ഥ കഥയെ അതിൻ്റെ തൻമയത്വത്തോടെ സിനിമാറ്റിക്കായി ആവിഷ്ക്കരിക്കുക എന്നത് ചെറിയ കാര്യമല്ല. ചിത്രം വളരെയധികം റിയലസ്റ്റിക്കാണ്. ആരുടെ ജീവിതമാണോ കഥയിൽ പറയാൻ ശ്രമിച്ചത് അവരെത്തനെയാണ് ചിത്രം ഫോക്കസ് ചെയ്യുന്നതും. അതായത് സൂര്യയുടെ കഥാപാത്രത്തേക്കാളും മണികണ്ഠൻ- ലിജോമോൾ ജോസ് എന്നിവർക്കാണ് സ്പേസ് കൂടുതൽ ലഭിച്ചത്. കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണ്. ഒരു മോഷണക്കുറ്റത്തിൽ കള്ളക്കേസു ചുമത്തി രാജകണ്ണിനെയും ബന്ധുക്കളെയും ലോക്കൽ പോലിസ് കസ്റ്റഡിയിൽ എടുക്കുന്നതോടെ ഭരണകൂടത്തിന്റെ മർദന യന്ത്രമായ പോലിസിന്റെ ഭീകരമുഖം കാണിച്ചുതരുന്നു. പോലിസ് നടത്തുന്ന മൂന്നാംമുറയും ക്രിമിനൽ ഗൂഡാലോചനയും ഓരോ പ്രേക്ഷകന്റേേയും മനസിനെ കൊത്തിവലിക്കുമെന്നതിൽ തർക്കമില്ല.
രാജാക്കണ്ണിനെ കാണാനില്ലെന്ന ഹേബിയസ് കോർപ്പസ് കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് വാദിക്കുമ്പോൾ ഉദാഹരണമാകുന്നത് കേരളത്തിലെ രാജൻ കേസാണ്. ഹൃദയം നുറുങ്ങുന്ന പ്രകടനത്തിലൂടെ അമ്പരപ്പിച്ചത് മണികണ്ഠന്റെ കഥാപാത്രമാണ്. അദ്ദേഹം തന്റെ കഥാപാത്രത്തിന്റെ നിസ്സഹായത നന്നായി പുറത്തുകൊണ്ടുവന്നു. തമിഴ് സിനിമയിലെ സമീപകാലത്തെ ഏറ്റവും മികച്ച കാസ്റ്റിങ് തിരഞ്ഞെടുപ്പുകളിലൊന്നാണ് ലിജോമോളുടേത്. ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാവുന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ ലിജോമോൾ ചെയ്തു. ഭാവിയിൽ അവാർഡ് സാധ്യതയുള്ള കഥാപാത്രമാണ് സെങ്കനിയുടേതെന്ന് പറയാതിരിക്കാൻ വയ്യ.
എസ് ആർ കതിരിൻ്റെ സിനിമാറ്റോഗ്രാഫി ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. തൊണ്ണൂറുകളിലെ കഥാപശ്ചാത്തലം ഭംഗിയായി ഒരുക്കാൻ കളർ ഗ്രേഡിംഗും സഹായിച്ചിട്ടുണ്ട്. സീൻ റോൾഡൻ്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥാഗതിയുമായി ചേർന്നു നിൽക്കുന്നതും, ചിത്രത്തെ കൂടുതൽ മനോഹരമാക്കി മാറ്റുന്നതുമാണ്. അതുപോലെ ആർട്ട് വിഭാഗം കൈകാര്യം ചെയ്തവരുടേയും, മേക്കപ്പ് ആർട്ടിസ്റ്റുകളുടേയും സംഭാവനകൾ ചിത്രത്തിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടവരാരും താരങ്ങളാണെന്നോ, അവർ അഭിനയിക്കുകയാണെന്നോ തോന്നിയില്ല എന്നത് അദ്ഭുതപ്പെടുത്തുന്നു.
തീർച്ചയായും ഓരോ പൗരനും കണ്ടിരിക്കേണ്ട ചിത്രമാണ് ജയ് ഭീം. ''പോരാട്ടം നടത്തുന്നതിന് നിയമം എനിക്കൊരു ആയുധമാണ്. കോടതിയിൽ നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ ഇറങ്ങി പോരാടും'' എന്നുപറഞ്ഞ മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം എന്ന നിലയിൽ കൂടി പ്രാധാന്യമർഹിക്കുന്നുണ്ട്. നല്ല പോലിസുകാരും മോശം പോലിസുകാരും ഉണ്ടെന്ന മധ്യവർഗ ബോധത്തെ സംസ്ഥാന പോലിസ് മേധാവിയെ മുന്നിൽ നിർത്തി പൊളിച്ചടുക്കുന്നത് പ്രശംസനീയമാണ്. ചുരുക്കത്തിൽ തമിഴ് സിനിമയ്ക്ക് അഭിമാനിക്കാനും നാട്ടിലെ രാഷ്ട്രീയ സംവിധാനങ്ങൾക്ക് നേരെ തുറന്നുവച്ച കണ്ണാടികൂടിയാണ് ഹൃദയം തൊടുന്ന നല്ല സിനിമയാണ് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ജയ്ഭീം.