ഇരട്ടസ്‌ഫോടനത്തിലെ വിധി: എന്‍ഐഎ ഗൂഢാലോചനയ്‌ക്കൊപ്പം തകര്‍ന്നടിയുന്നത് മാധ്യമങ്ങളുടെ നട്ടാല്‍കുരുക്കാത്ത നുണക്കഥകളും
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട്, സംഭവം നടന്നതിന് പിന്നാലെ ഭരണകൂടം നടത്തിയ വെളിപ്പെടുത്തലുകള്‍ ഓരോന്നും സംശയം ജനിപ്പിക്കുന്നതായിരുന്നു.
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടുകൊണ്ട് കേരള ഹൈക്കോടതി വിധി പ്രസ്താവം പുറത്തുവന്നിരിക്കുകയാണ്. ഭരണകൂടവും മേല്‍ക്കോയ്മാ മാധ്യമങ്ങളും സൃഷ്ടിച്ച സിനിമാ കഥകളെ വെല്ലുന്ന കഥകള്‍ പൊളിയാന്‍ പതിനാറ് വര്‍ഷമെടുത്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തീവ്രവാദ കേസുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള നുണപ്രചാരണത്തിലൂടെ തന്നെയായിരുന്നു മുസ്‌ലിം വിരുദ്ധത ആളിക്കത്തിച്ചത്. ഇത്തരം കേസുകള്‍ കോടതികള്‍ തള്ളുമ്പോഴും ആരും ആലോചിക്കാതെ പോകുന്നത് ഭരണകൂടത്തിന്റെ തീവ്രവാദ കഥകള്‍ക്ക് വേണ്ടി ബലിയാടാക്കപ്പെടുന്ന യുവത്വങ്ങളാണെന്ന കാര്യമാണ്.
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട്, സംഭവം നടന്നതിന് പിന്നാലെ ഭരണകൂടം നടത്തിയ വെളിപ്പെടുത്തലുകള്‍ ഓരോന്നും സംശയം ജനിപ്പിക്കുന്നതായിരുന്നു. 2006 മാര്ച്ച് മൂന്നിന് പകല് 12.45നും 1.05നുമാണ് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡിനടുത്തും മൊഫ്യൂസില്‍ ബസ് സ്റ്റാന്ഡിലും ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു പോലിസുകാരനും ചുമട്ടുതൊഴിലാളിക്കും നിസ്സാര പരിക്കേറ്റിരുന്നു. ഇരുപത് മിനുട്ടിന്റെ ഇടവേളയില്‍ നടന്ന സ്‌ഫോടനം നടക്കുന്നതിന് മുമ്പ് തന്നെ ഒരു പത്രത്തിന്റെ ഓഫിസിലും കലക്ടറേറ്റിലും ടെലിഫോണ്‍ ബൂത്തില്‍ നിന്ന് വിളിച്ചറിയിച്ചായിരുന്നു സ്‌ഫോടനം നടത്തിയതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
സംഭവം നടന്ന് മൂന്നരവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു പോലിസ് പ്രതികളുടെ വിവരം പുറത്തുവിട്ടത്. കണ്ണൂര്‍ വാഴക്കത്തെരു താഴത്തകത്ത് വീട് സക്കീനാസില്‍ അബ്ദുല്‍ ആലിം, കണ്ണൂര്‍ നീര്‍ച്ചാലിലെ ബൈത്തുല്‍ ഹിലാലില്‍ നസീര്‍ (തടിയന്റവിട നസീര്‍), പാനൂര്‍ സ്വദേശി അസ്ഹര്‍, കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌വളപ്പ് സഫ്‌നാസ് ഷഫാസ്, കണ്ണൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ പരിപ്പായി അബ്ദുല്‍ ജലീല്‍, പരപ്പനങ്ങാടി ചെട്ടിപ്പടി നാലകത്ത് യൂസുഫ്, പരപ്പനങ്ങാടി സ്വദേശിയായ ഷമ്മി ഫിറോസ് തുടങ്ങിയവരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. സംഭവം നടന്നതുമുതല്‍ കേസ് അന്വേഷിച്ചത് കേരള ക്രൈം ബ്രാഞ്ച് ആയിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനു അന്ന് നേതൃത്വം നല്‍കിയിരുന്നത് ഡിവൈഎസ്പി പി രാജന്‍, മുന്‍ കാസര്‍കോട് ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു. 2009 വരെ കേസ് െ്രെകംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്.
എന്‍ഐഎയുടെ വരവ്
കോഴിക്കോട് ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത് 2009 ഡിസംബര്‍ ആദ്യവാരമായിരുന്നു. ആദ്യമായി കേരളത്തില്‍ നിന്നുള്ള ഒരു കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത് ഈ സ്‌ഫോടനകേസായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞശേഷമാണ് അന്ന് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. കോഴിക്കോട് സ്‌ഫോടനത്തിനു പുറമെ എറണാകുളം കലക്ടറേറ്റ് സ്‌ഫോടനം, തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച സംഭവം എന്നിവയും എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് സ്‌ഫോടനം ഒഴികെയുള്ള കേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണ ഏജന്‍സി മാറുന്നത് കേസിനെ ബാധിക്കുമെന്നും അന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്‌ഫോടനം മാത്രം ഏറ്റെടുക്കുകയായിരുന്നു.
ജമ്മുകശ്മീര്‍ കാഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്പി മുകേഷ് സിങായിരുന്നു അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. അന്വേഷണസംഘത്തില്‍ നാലു മലയാളികളുണ്ടായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഹബീബ് റഹ്മാന്‍ എന്‍ഐഎ രൂപീകരണത്തോടെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയില്‍ എത്തിയിരുന്നു. ഇദ്ദേഹവും കേസന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. മുന്‍ കേരള ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റയായിരുന്നു അന്നത്തെ എന്‍ഐഎ ഐജി.
കേസിന്റെ മറവിലെ മുസ്‌ലിം വേട്ട
എല്ലാ കാലത്തേയും പോലെ ഈ കേസിന്റെ മറവിലും വ്യാപക മുസ്‌ലിം വേട്ടയ്ക്ക് കേരളം സാക്ഷ്യം വഹിച്ചു. മലപ്പുറം പുത്തനത്താണി ചുങ്കം സ്വദേശി പി പി നാസര്‍, പേരാമ്പ്ര സ്വദേശി കുഞ്ഞമ്മദ് ഫൈസി, വയനാട് വെള്ളമുണ്ട സ്വദേശികളായ വാഴയില്‍ അബ്്ദുല്ല, എം ഇബ്രാഹിം തുടങ്ങിയവര്‍ കോഴിക്കോട് സ്‌ഫോടനക്കേസിന്റെ മറവില്‍ അരങ്ങേറിയ പോലിസ് ഭീകരതയുടെ ജീവിക്കുന്ന ഇരകളാണ്. ഇവര്‍ക്കു പുറമെ, താടിയും തലപ്പാവുമുള്ള യുവാക്കളെല്ലാം കോഴിക്കോട് നഗരത്തില്‍ പ്രത്യേക പോലിസ് നിരീക്ഷണത്തിനും വേട്ടയാടലുകള്‍ക്കും വിധേയമായിത്തുടങ്ങിയതും ഇരട്ട സ്‌ഫോടനത്തെത്തുടര്‍ന്നായിരുന്നു.
ഒരായുസ്സുകൊണ്ടു തീരാത്ത വേദനകളാണു കോഴിക്കോട് സ്‌ഫോടനക്കേസിന്റെ പേരില്‍ പുത്തനത്താണിയിലെ അബ്്ദുല്‍ നാസര്‍ അനുഭവിച്ചത്. കേസുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു രേഖാചിത്രം നാസറിന്റെ ജീവിതത്തെ ക്രൂരമായി വേട്ടയാടുകയായിരുന്നു. കോഴിക്കോട് സ്‌ഫോടനം നടക്കുമ്പോള്‍ പുത്തനത്താണിയില്‍ നിര്‍മാണത്തൊഴിലാളിയായിരുന്ന നാസര്‍ പിന്നീട് ഗള്‍ഫില്‍ പോയി. കേസിന്റെ ഒന്നാം വാര്‍ഷികത്തില്‍ നാസറുമായി സാദൃശ്യം തോന്നുന്ന രേഖാചിത്രം മാതൃഭൂമി പുറത്തുവിട്ടു. പത്രത്തില്‍ രേഖാചിത്രം വന്നതിന്റെ മൂന്നാംദിവസം ദുബയിലെ സ്‌പോണ്‍സര്‍ നാസറിനെ വിളിപ്പിച്ചു. സ്‌പോണ്‍സറുടെ ഓഫിസിലെത്തിയ യുവാവിനെ ദുബയ് പോലിസ് നാടകീയമായി അറസ്റ്റ് ചെയ്തു. നാലുമാസം നാസറിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഒടുവില്‍ ഭാര്യയും ബന്ധുക്കളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദുബയ് കോണ്‍സുലേറ്റിനും പരാതി നല്‍കി. ആംനസ്റ്റി ഇന്റര്‍നാഷനലും പ്രശ്‌നത്തിലിടപെട്ടു. നാലര മാസത്തിനു ശേഷം നാസറിനെ ദുബയില്‍ നിന്നു നാടുകടത്തി. മുംബൈ വിമാനത്താവളത്തില്‍വച്ചു മഹാരാഷ്ട്ര പോലിസ് യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പോലിസിനു കൈമാറി. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ ചോദ്യംചെയ്ത ശേഷം ഒന്നും സംഭവിക്കാത്തപോലെ നാസറിനെ വിട്ടയച്ചു. കേരള പോലിസിന്റെയും ഐബിയുടെയും റിപോര്‍ട്ടുകളായിരുന്നു ദുബയ് പോലിസിന്റെ പീഡനങ്ങള്‍ക്കു കാരണമായതെന്നു പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌ഫോടനം നടന്ന ദിവസം കോഴിക്കോട്ടുണ്ടായിരുന്നതിന്റെ പേരിലാണു പേരാമ്പ്ര എടവരാട് സ്വദേശി കുഞ്ഞമ്മദ് ഫൈസിയെ പോലിസ് വേട്ടയാടിയത്. പുലര്‍ച്ചെ നാലിന് വീടു വളഞ്ഞ് കസ്റ്റഡിയിലെടുത്ത യുവ പണ്ഡിതനെ പിന്നീടു വിട്ടയക്കുകയായിരുന്നു. കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിന്റെ പേരില്‍ വയനാട് വെള്ളമുണ്ട സ്വദേശികളായ വാഴയില്‍ അബ്്ദുല്ല, എം ഇബ്രാഹിം എന്നിവര്‍ക്കു കൊടിയ പോലിസ് പീഡനമാണു നേരിടേണ്ടിവന്നത്. സംഭവദിവസം കോഴിക്കോടുവഴി യാത്രചെയ്തുവെന്നതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത യുവാക്കളെ ഒമ്പതു ദിവസം അന്യായമായി കസ്റ്റഡിയില്‍ ചോദ്യംചെയ്തു പീഡിപ്പിച്ചു. ഭക്ഷണം നല്‍കുകയോ ബന്ധുക്കളെ കാണാന്‍ അനുവദിക്കുകയോ ഉണ്ടായില്ല. ബസ് സ്റ്റാന്റ് സ്‌ഫോടനങ്ങള്‍ക്കു ശേഷം കോഴിക്കോട്ടെത്തുന്ന മുസ്്‌ലിംകളാണെന്നു കാഴ്ചയില്‍ തോന്നുന്ന യുവാക്കളെല്ലാം കര്‍ശന നിരീക്ഷണത്തിലായിരുന്നു. രാത്രികാലങ്ങളില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ മുസ്്‌ലിം മാധ്യമപ്രവര്‍ത്തകര്‍ പോലും അന്ന് പോലിസിന്റെ രഹസ്യ നിരീക്ഷണത്തിനു വിധേയമായിരുന്നു.
നാലകത്ത് യുസുഫിന്റെ അറസ്റ്റിലെ ദുരൂഹത
കളമശേഷ്ടരി ബസ് കത്തിക്കല് കേസില്‍ നേരത്തേ പോലിസ് മാപ്പുസാക്ഷിയാക്കിയ വ്യക്തിയായിരുന്നു പരപ്പനങ്ങാടി ചെട്ടിപ്പടി നാലകത്ത് യൂസുഫ്. കോഴിക്കോട് ബസ്സ്റ്റാന്റില്‍ ബോംബുവെച്ച കേസിലെ പ്രധാന പ്രതിയായാണ് യൂസുഫിനെ അന്വേഷണ സംഘം അന്ന് അറസ്റ്റ് ചെയ്തത്. അതേസമയം കോഴിക്കോട് സ്‌ഫോടന ദിവസം മകന്‍ യൂസുഫ് ഉച്ചഭക്ഷണത്തിന് തന്നോടൊപ്പം ഉണ്ടായിരുന്നതായി പിതാവ് നാലകത്ത് അബൂബക്കര്‍ അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. സ്‌ഫോടന വാര്‍ത്ത പുറത്തുവന്നയുടന്‍ അന്നത്തെ പരപ്പനങ്ങാടി എസ്‌ഐ ബാബു കെ തോമസ് യൂസുഫിനെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും പിറ്റേദിവസം വിട്ടയച്ചതായും അബൂബക്കര്‍ പറഞ്ഞിരുന്നു.
ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യൂസുഫിനെ പിടികൂടി കോഴിക്കോട് കേസിലെ മുഖ്യപ്രതിയാക്കി അവതരിപ്പിക്കുന്നതിനു പോലിസിനൊപ്പം മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ഒരാഴ്ച്ച മുമ്പ് തന്നെ യൂസുഫിനെ വീട്ടില്‍ നിന്ന് പോലിസ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യൂസുഫിനെ എറണാകുളം ജില്ലയിലെ അമ്പലമേട് എന്ന സ്ഥലത്ത് വച്ച് രാത്രി പട്രോളിങ്ങിനിടെ അറസ്റ്റ് ചെയ്‌തെന്ന കഥയാണ് പോലിസ് പ്രചരിപ്പിച്ചത്. എന്നാല്‍ ഈ പോലിസ് കഥ തൊണ്ടതൊടാതെ വിഴുങ്ങാനും അതേപടി ഛര്‍ദ്ദിക്കാനും മാധ്യമങ്ങള്‍ തയ്യാറായി എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
അല്‍ ബദറും ലശ്കറെ ത്വൊയ്ബയും
ഇതേ കേസിലാണ് അല്‍ ബദര്‍ എന്ന സംഘടനയ്ക്കും ലശ്കറെ ത്വൊയ്ബ എന്ന സംഘടനയ്ക്കും ബന്ധമുണ്ടെന്ന് പോലിസും മാധ്യമങ്ങളും പ്രചാരണം അഴിച്ചുവിട്ടത്. അതിനായി പാക് പൗരനായ ഫഹദ് എന്ന വ്യക്തിയെ ഈ കഥകളിലേക്ക് കൊണ്ടുവരുന്നത്. ഇരട്ട സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ കുടകില്‍ ഫഹദിന് ആയുധപരിശീലനം നല്‍കിയെന്ന കഥ പ്രചരിപ്പിച്ചതും ഈ കേസ് അന്വേഷണ കാലഘട്ടത്തിലായിരുന്നു. 2006 ഫിബ്രവരി 27ന് പാക് പൗരനും അല്‍ ബദറിലെ അംഗവുമായ ഫഹദ് കോഴിക്കോട്ടെത്തിയെന്നും മാര്‍ച്ച് 17നു മടങ്ങിപ്പോകുന്നതിനിടെ ഏഴു ലക്ഷത്തോളം രൂപ കോഴിക്കോട്ടെ വിവിധ ബാങ്ക് എടിഎമ്മുകള്‍ വഴി പിന്‍വലിച്ചതായും കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. അന്ന് കേരള കൗമുദി ലേഖകന്‍ എം എച്ച് വിഷ്ണുവായിരുന്നു ഇങ്ങനെ റിപോര്‍ട്ട് ചെയ്തത്.
ലശ്കറെ ത്വൊയ്ബയുടെ മുഖ്യകണ്ണി എന്ന നിലയ്ക്കാണ് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി ഷമ്മി ഫിറോസിനെ എന്‍ഐഎ ചിത്രീകരിച്ചത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള ലശ്കറെ ഏജന്റുമാരുമായി ഷമ്മി ബന്ധപ്പെട്ടതിനുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചെന്നായിരുന്നു മാതൃഭൂമി റിപോര്‍ട്ട് ചെയ്തത്. തടിയന്റവിട നസീറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷമ്മിയുടെ അറസ്റ്റെന്നായിരുന്നു അന്നത്തെ എന്‍ഐഎ വിശദീകരണം. കണ്ണൂര്‍ സ്വദേശി ഹാലിം ബോംബ് നിര്‍മാണത്തില്‍ അതിവിദഗ്ധനെന്നായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ കേസില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെട്ടതും ഹാലിമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യേം. മാറാട് കലാപത്തില്‍് പിടിയിലായ മുസ്‌ലിം വിഭാഗത്തോട് കോടതിയും സര്‍്ക്കാരും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നും മാധ്യമങ്ങള്‍ എഴുതിവിട്ടു.