പദ ദരിദ്രമായ ഗോണ്ടി ഭാഷയില്‍ ഒരു നിഘണ്ടു
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ രണ്ടു ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ. ഓരോ സംസ്ഥാനത്തും ഓരോ ഉച്ചാരണശൈലി, സമൃദ്ധമായ നാടോടി പാരമ്പര്യം അവകാശപ്പെടുന്ന ഭാഷ. എന്നാല്‍, വെറും നൂറാളുകള്‍ക്കു മാത്രമേ ഈ ഭാഷ എഴുതാന്‍ വശമുള്ളൂ.
സരിത മാഹിന്‍
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ രണ്ടു ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ. ഓരോ സംസ്ഥാനത്തും ഓരോ ഉച്ചാരണശൈലി, സമൃദ്ധമായ നാടോടി പാരമ്പര്യം അവകാശപ്പെടുന്ന ഭാഷ. എന്നാല്‍, വെറും നൂറാളുകള്‍ക്കു മാത്രമേ ഈ ഭാഷ എഴുതാന്‍ വശമുള്ളൂ. അതാണ് മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ആദിവാസി ജനതയായ ഗോണ്ടയുടെ ഭാഷയായ ഗോണ്ടി.
ഭരണഘടനയില്‍ ഭാഷാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റേതു ഔദ്യോഗിക ഭാഷയെക്കാളും ഗോണ്ടി സംസാരിക്കുന്നവര്‍ ഏറെയാണ്. യുനസ്‌കോയുടെ ലോകഭാഷ അറ്റ്‌ലസില്‍ ഏറ്റവും കൂടുതല്‍ അന്യംനിന്നുപോവാന്‍ സാധ്യതയുള്ള ഭാഷകളുടെ ഒപ്പമാണ് ഗോണ്ടിയുടെ സ്ഥാനം. അതുകൊണ്ടാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഗോണ്ടി ഭാഷയ്ക്കായി നിഘണ്ടു ഉണ്ടാക്കുന്നതും. വോയ്‌സ് പോര്‍ട്ടലായ സിജി നെറ്റ് സ്വരയുടെ സ്ഥാപകനായ ശുഭ്രാംശു ചൗധരിയാണ് നിഘണ്ടു പ്രൊജക്ടിന് ചുക്കാന്‍ പിടിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പാണ് ആദിവാസികള്‍ക്കു വേണ്ടി ആദിവാസികളാല്‍ തന്നെ ഒരു ന്യൂസ് പോര്‍ട്ടലുണ്ടാക്കാന്‍ ശുഭ്രാംശു ചൗധരി രംഗത്തെത്തുന്നത്.
ഗോണ്ടി അങ്ങനെയൊരു ഒറ്റ ഭാഷയല്ല. ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഉച്ചാരണശൈലിയിലാണ് ഈ ഭാഷ സംസാരിക്കുന്നത്. ഓരോ ഭാഷയ്ക്കും അതിന്റേതായ ഡയലക്റ്റസ് ഉണ്ടാവും. അതിനെയെല്ലാം സ്വീകാര്യമായ ഒരു നിലവാരത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭാഷകള്‍ക്കു മാത്രമല്ല ഇതു ബാധകം. ഗോണ്ടിക്കും ഛത്തിഗരിക്കുമെല്ലാം ഇതു ബാധകമാണ്.
ആദിവാസികള്‍ ഏറെയും ഉപയോഗിക്കുന്ന ഗോണ്ടി ഭാഷയിലേക്ക് ഇതുവരെ വനാവകാശ നിയമം തര്‍ജമചെയ്യുക പോലും ചെയ്തിട്ടില്ല. ഈ ജനതയ്ക്കാണ് വനാവകാശ നിയമത്തെക്കുറിച്ച് കൂടുതലറിയാന്‍ അവകാശം.
നാലുവര്‍ഷമെടുത്താണ് ഗോണ്ടി നിഘണ്ടു തയ്യാറാവുന്നത്. ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സുമായി ചേര്‍ന്ന് 60 പ്രതിനിധികളുമായാണ് സിജി നെറ്റ് സ്വരനിഘണ്ടു തയ്യാറാക്കുന്നത്. ഗോണ്ടിയിലെ ലഭ്യമായ എല്ലാ വാക്കുകളും കണ്ടെത്തിയെന്നും അവയെല്ലാം ദേവനാഗരി ലിപിയില്‍ അച്ചടിക്കുമെന്നും ശുഭ്രാംശു ചൗധരി അറിയിച്ചു. വെറും 3000 വാക്കുകളുള്ള ഒരു പുസ്തകത്തെ നിഘണ്ടു എന്നു വിളിക്കാനാവില്ലെങ്കിലും ഗോണ്ട സമുദായത്തിനു ചെയ്യാനാവുന്നത് അവര്‍ ചെയ്തിട്ടുണ്ട്. ഇനിയെല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്.
നിഘണ്ടുവിന്റെ മൊബൈല്‍ ആപ്പ് തയ്യാറാക്കാന്‍ മൈക്രോസോഫ്റ്റ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്.