ഹാസ്യനടന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

Update: 2022-09-21 06:35 GMT

ന്യൂഡല്‍ഹി: പ്രമുഖ ഹാസ്യനടനും രാഷ്ട്രീയനേതാവുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ രാവിലെ 10.20ന് ആയിരുന്നു അന്ത്യം. ജിമ്മില്‍ വ്യായാമത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഒരുമാസത്തോളം ചികില്‍സയിലായിരുന്നു. ജിമ്മില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആഗസ്ത് 10 ന് ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് എയിംസിലേക്ക് മാറ്റി. അന്നുതന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തെ വെന്റിലേറ്ററിലാക്കിയിരുന്നു.

1988 ല്‍ പുറത്തിറങ്ങിയ തെസാബ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജു ശ്രീവാസ്ത അരങ്ങേറ്റം കുറിച്ചത്. മേം നേ പ്യാര്‍ കിയ, ബാസിഗര്‍, മേം പ്രേം കി ദിവാനി ഹൂം, അഭയ്, ബിഗ്ബ്രദര്‍, ബോംബെ ടു ഗോവ ടോയ്‌ലറ്റ് ഏക് പ്രേം കഥ, ഫിരംഗി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒട്ടനവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മല്‍സരാര്‍ഥിയായും പങ്കെടുത്തിട്ടുണ്ട്. ടെലിവിഷന്‍ സീരീസുകളിലു വേഷമിട്ടിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനാവുന്നത്.

കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു. മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ഉത്തര്‍പ്രദേശ് ഫിലിം ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. 2014 ല്‍ കാണ്‍പൂര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് അതേ വര്‍ഷം തന്നെ ബിജെപിയില്‍ ചേര്‍ന്നു. ശിഖയാണ് ഭാര്യ. അന്താര, ആയുഷ്മാന്‍ എന്നിവര്‍ മക്കളാണ്.

Tags:    

Similar News