ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം
മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാജുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്രഡ് മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ജിമ്മിലെ ട്രെയിനറാണ് രണ്ടുതവണ സിപിആര്‍ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചത്.
ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള എയിംസിലെ കാര്‍ഡിയോളജി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ സംഘമാണ് അദ്ദേഹത്തെ ഇപ്പോള്‍ ചികില്സിക്കുന്നത്. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സഹോദരന് ആശിഷ് ശ്രീവാസ്തവ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ടാലന്റ് ഷോയിലൂടെ സ്റ്റാന്‍ഡ് അപ്പ് കോമഡിയിലേക്ക് ചുവടുവച്ച രാജു ശ്രീവാസ്തവ, രണ്ടാം റണ്ണറപ്പായി ഫിനിഷ് ചെയ്തു. തുടര്‍ന്ന് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് ചാംപ്യന്‍സ്' എന്ന സ്പിന്‍ ഓഫില്‍ പങ്കെടുത്ത് 'കോമഡി കിങ്' എന്ന പട്ടവും ലഭിച്ചു. ഉത്തര്‍പ്രദേശ് ഫിലിം ബോര്‍ഡ് ചെയര്‍മാനാണ്.