ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്

Update: 2024-12-23 06:36 GMT

താനെ: കോടതിമുറിയില്‍ ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി. കേസിന്റെ വാദം കേള്‍ക്കല്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ കല്യാണ്‍ പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തു. കിരണ്‍ സന്തോഷ് ഭരം എന്നയാളാണ് മഹാരാഷ്ട്രയിലെ താനെയിലെ സെഷന്‍സ് കോടതിയില്‍ അക്രമം കാണിച്ചത്.

കേസിലെ വാദം കേള്‍ക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. പ്രതിക്കൂട്ടില്‍ നിന്ന് നേരിട്ടാണ് പ്രതി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, വക്കീല്‍ മുഖേനെ അപേക്ഷ വെക്കാന്‍ കോടതി നിര്‍ദേശിച്ചു. തന്റെ വക്കീലിനെ കോടതിയില്‍ കാണുന്നില്ലെന്ന് പ്രതി ഇതിന് മറുപടി നല്‍കി. തുടര്‍ന്ന് വക്കീലിനെ കണ്ടെത്താന്‍ കോടതി ജീവനക്കാരെ ചുമതലപ്പെടുത്തി. വക്കീലിനെ കണ്ടെത്താന്‍ ജീവനക്കാര്‍ക്കും കഴിയാതെ വന്നപ്പോള്‍ പുതിയൊരു വക്കീലിനെ വെക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് പ്രതി കുമ്പിട്ട് ചെരുപ്പെടുത്ത് ജഡ്ജിയെ എറിഞ്ഞത്. ഒഴിഞ്ഞുമാറിയതിനാല്‍ ശരീരത്തില്‍ കൊണ്ടില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Similar News