പാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു

പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം

Update: 2024-12-23 09:56 GMT

പാലക്കാട്: സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു. തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് സ്ഥാപിച്ചിരുന്നത്. തിങ്കളാഴ്ച്ച വരുന്ന കുട്ടികളെ കൂടി കാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പുല്‍ക്കൂട് നിലനിര്‍ത്തിയത്. എന്നാല്‍, ഇടവേളയിലെ രണ്ടു ദിവസങ്ങളില്‍ ആരോ പുല്‍ക്കൂട് തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്ടെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞിരിരുന്നു. ഇതിലെ മൂന്നു പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

അതേസമയം, ജില്ലയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ക്രിസ്മസുമായി അനുബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നല്ലേപ്പിള്ളിയിലെ അതേ സംഘം തന്നെയാണോ തത്തമംഗലത്തെ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Similar News