ആത്മഹത്യാ ഭീഷണി മുഴക്കി കര്‍ഷകന്‍; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് 9.91 ലക്ഷം രൂപയുടെ ബില്‍ നല്‍കി പോലിസ്
ജയ്പൂര്‍: സിമന്റ് കമ്പനിക്കു വേണ്ടി വീട് പൊളിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പരസ്യമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കര്‍ഷക കുടുംബത്തിന് 9.91 ലക്ഷം രൂപയുടെ ബില്‍ നല്‍കി പോലിസ്. ആത്മഹത്യാഭീഷണി നടത്തിയ സമയത്ത് സുരക്ഷയൊരുക്കിയതിനാണ് ബില്ലെന്ന് പോലിസ് അറിയിച്ചു. രാജസ്ഥാനിലെ ഗോതഡ ഗ്രാമത്തിലെ വിദ്യാധര്‍ യാദവ് എന്ന കര്‍ഷകനാണ് ഈ ദുരവസ്ഥ. ഡിസംബര്‍ 24നകം തുക അടച്ചില്ലെങ്കില്‍ കൃഷിഭൂമി ജപ്തി ചെയ്യുമെന്നും പോലിസിന്റെ ബില്ലില്‍ പറയുന്നു.
സിമന്റ് കമ്പനിക്കായി സ്ഥലം ഏറ്റെടുത്ത് തന്റെ വീട് പൊളിച്ചിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാധര്‍ യാദവും കുടുംബവും പരസ്യമായി ചിതയില്‍ ഇരുന്ന് തീ കൊളുത്തി മരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കലക്ടര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ചിതയൊരുക്കി മരിക്കാന്‍ തീരുമാനിച്ചത്. തീയ്യില്‍ ചാടിയെങ്കിലും പോലിസ് രക്ഷിച്ചു.
ഒരു എഎസ്പിയേയും രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു ഇന്‍സ്‌പെക്ടര്‍മാരെയും ആറ് അസി. ഇന്‍സ്‌പെക്ടര്‍മാരെയും 18 ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും 69 കോണ്‍സ്റ്റബിള്‍മാരെയും പ്രദേശത്ത് കാവല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതായി എസ്പി അറിയിച്ചു. വിദ്യാധര്‍ ചൗധുരിയുടെ സുരക്ഷക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ കൂടി ഉപയോഗിച്ചതിനാല്‍ 9.91 കോടി രൂപ അടക്കണമെന്നാണ് ആവശ്യം. സുരക്ഷാ ആവശ്യത്തിനായി പോലിസിനെ വിന്യസിച്ചതിനാല്‍ പണം നല്‍കാന്‍ വിദ്യാധറിന് ബാധ്യതയുണ്ടെന്ന് എസ്പി ശാരദ് ചൗധുരി പറഞ്ഞു. എന്നാല്‍, താന്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് വിദ്യാധര്‍ യാദവ് പറയുന്നു. പോലിസ് സ്വന്തം ഇഷ്ടത്തിന് പണം ചെലവാക്കിയതിന് താന്‍ എങ്ങനെ ഉത്തരവാദിയാവുമെന്നും വിദ്യാധര്‍ യാദവ് ചോദിച്ചു. എന്തായാലും ആത്മഹത്യാഭീഷണി വിജയിച്ചു. ഇയാള്‍ക്ക് നഷ്ടപരിഹാരമായി 3.8 കോടി രൂപ നല്‍കിയതായി കലക്ടര്‍ അറിയിച്ചു. എന്നാല്‍, തന്റെ പൂര്‍വ്വിക സ്വത്ത് വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്നാണ് വിദ്യാധറിന്റെ നിലപാട്.