ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി ക്രൂരത: കൊല്‍ക്കത്ത ഹൈക്കോടതി
ഭാര്യയുടെ കൂട്ടുകാരിയായ മൗസുമി പോള്‍ എന്ന യുവതി സ്ഥിരമായി തന്റെ വീട്ടില്‍ താമസിക്കുന്നുവെന്ന് വിവാഹമോചന ഹരജിയില്‍ ധീരജ് ഗുയിന്‍ വാദിച്ചു.
കൊല്‍ക്കത്ത: ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബക്കാരെയും സുഹൃത്തുക്കളെയും പാര്‍പ്പിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധം ക്രൂരതയാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഭാര്യയുടെ ആ ആവശ്യത്തില്‍ ഭര്‍ത്താവിനോട് താല്‍പര്യമില്ലാത്ത പക്ഷം അതിനെ ക്രൂരതയായി കാണാമെന്നാണ് ജസ്റ്റിസുമാരായ സവ്യസാചി ഭട്ടാചാര്യയും ഉദയ് കുമാറും അടങ്ങിയ ബെഞ്ചിന്റെ വിധി പറയുന്നത്. ഭാര്യയും കുടുംബവും അവരുടെ സുഹൃത്തും തന്റെ വീട്ടില്‍ അനുമതിയില്ലാതെ താമസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധീരജ് ഗുയിന്‍ എന്നയാള്‍ നല്‍കിയ വിവാഹമോചന ഹരജിയുടെ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ഭാര്യയുടെ കുടുംബവും സുഹൃത്തുക്കളും വീട്ടില്‍ കഴിയുന്നത് ഭര്‍ത്താവിന്റെ സൈ്വര്യജീവിതത്തിന് തടസമാണെന്നും ക്രൂരതയുടെ വിശാലപരിധിയില്‍ വരുമെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ വിവാഹമോചന ഹരജി കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണ് ധീരജ് ഗുയിന്‍ ഹൈക്കോടതിയെ സമീപിച്ചത്.
2005ല്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായിരുന്നത്. തുടര്‍ന്ന് കൊലഘാട്ട് എന്ന പ്രദേശത്തെ വീട്ടിലാണ് താമസിച്ചത്. 2008ല്‍ ഭര്‍ത്താവ് കുടുംബകോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്ന് ഭാര്യ നബാദ്വിബ് പോലിസില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കി. ഭര്‍ത്താവും കുടുംബക്കാരുമായിരുന്നു ഈ കേസിലെ പ്രതികള്‍. ഭാര്യയുടെ കൂട്ടുകാരിയായ മൗസുമി പോള്‍ എന്ന യുവതി സ്ഥിരമായി തന്റെ വീട്ടില്‍ താമസിക്കുന്നുവെന്ന് കുടുംബകോടതിയിലെ വിവാഹമോചന ഹരജിയില്‍ ധീരജ് ഗുയിന്‍ വാദിച്ചു. ഭര്‍ത്താവിനെ സ്വന്തം വീട്ടില്‍ നിര്‍ത്തി ഭാര്യയുടെ അമ്മയും കാലങ്ങളായി തന്റെ വീട്ടില്‍ തന്നെയാണ് താമസമെന്നും അറിയിച്ചു.
വിവാഹബന്ധത്തിലെ സ്വകാര്യകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത ഭാര്യക്ക് കുട്ടികള്‍ വേണമെന്നുമുണ്ടായിരുന്നില്ലെന്ന് ധീരജ് വാദിച്ചു. ഇതെല്ലാം ക്രൂരതയാണെന്നായിരുന്നു വാദം. എന്നാല്‍, ഇതിനെ ക്രൂരതയായി കാണാനാവില്ലെന്നും വിവാഹമോചനം അനുവദിക്കാനാവില്ലെന്നും കുടുംബകോടതി വിധിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ ധീരജിന് അനുകൂലമായ വിധി വന്നു.