''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍ തുടങ്ങിയേക്കും

Update: 2024-12-23 11:30 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ തിരികെ അയക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണല്‍ വാറന്‍ഡ് അയച്ച പ്രതിയാണ് ഹസീന. വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് മുങ്ങിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നത്. അപൂര്‍വമായി പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് ചെയ്യാറ്.

കോടതി നടപടികള്‍ക്ക് ബംഗ്ലാദേശിന് ഹസീനയെ ആവശ്യമുണ്ടെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവായ തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനാല്‍ ഇന്ത്യക്ക് ഇക്കാര്യം ആവശ്യപ്പെട്ട് നയതന്ത്ര കുറിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി ബംഗ്ലാദേശ് സന്ദര്‍ശിച്ച് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേഷ്ടാവും നോബെല്‍ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശെയ്ഖ് ഹസീന ഇന്ത്യയില്‍ ഇരുന്നു നടത്തുന്ന പ്രസ്താവനകളും ഈ യോഗത്തില്‍ ചര്‍ച്ചയായതായി മുഹമ്മദ് യൂനുസ് അറിയിച്ചു. എന്നാല്‍, മുഹമ്മദ് യൂനുസ് ബംഗ്ലാദേശില്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടമാണ് നടത്തുന്നതെന്നാണ് ഹസീന പറഞ്ഞത്.

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കരാറുണ്ട്. അങ്ങനെയാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ നിരവധി സായുധസംഘടനളുടെ അംഗങ്ങളെ ഇന്ത്യ ബംഗ്ലാദേശില്‍ നിന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍, രാഷ്ട്രീയസ്വഭാവമുള്ള കേസുകളില്‍ ഈ കരാര്‍ ബാധകമായിരിക്കില്ല. ഹസീനയുടെ പ്രവൃത്തികളുടെ സ്വഭാവം എന്തായിരുന്നുവെന്ന് ഇന്ത്യ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിനടപടികള്‍.

Similar News